ചോരക്കൊതിയുടെ ഈ കഠാര രാഷ്ട്രീയം പുരോഗമന സമൂഹത്തിന് യോജിച്ചതല്ല; എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അത്യന്തം വേദനാജനകമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിന്റെ കലാലയ മുറ്റത്ത് ഒരു എസ്എഫ്‌ഐ പ്രവർത്തകന് കൂടി ജീവൻ നഷ്ടമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പഠിക്കാനും പോരാടാനുമുള്ള മനുഷ്യപക്ഷ രാഷ്ട്രീയം തെരഞ്ഞെടുത്തവരെ കപട സമാധാനത്തിന്റെ വാഗ്‌ധോരണികൾക്ക് ജയിക്കാനാവില്ലെന്ന വേവലാതിയിൽ നിന്നാണ് കൈയിൽ എക്കാലവും അവർ ഒളിച്ചുകൊണ്ടുനടന്ന കഠാരമുന ഒരിക്കൽക്കൂടി പുറത്തെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

എസ്എഫ്‌ഐയുടെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാൻ തുനിയുന്ന കെഎസ്യു – യൂത്ത് കോൺഗ്രസ് കാടത്തമാണിത്. ചോരക്കൊതിയുടെ ഈ കഠാര രാഷ്ട്രീയം പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. ഇവരെ സമൂഹം ഒറ്റപ്പെടുത്തും. കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ധീര രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളത്തിന്റെ കലാലയ മുറ്റത്ത് ഒരു എസ്എഫ്‌ഐ പ്രവർത്തകന് കൂടി ജീവൻ നഷ്ടമായിരിക്കുന്നു. പഠിക്കാനും പോരാടാനുമുള്ള മനുഷ്യപക്ഷ രാഷ്ട്രീയം തെരഞ്ഞെടുത്തവരെ കപട സമാധാനത്തിന്റെ വാഗ്‌ധോരണികൾക്ക് ജയിക്കാനാവില്ലെന്ന വേവലാതിയിൽ നിന്നാണ് കൈയിൽ എക്കാലവും അവർ ഒളിച്ചുകൊണ്ടുനടന്ന കഠാരമുന ഒരിക്കൽക്കൂടി പുറത്തെടുത്തത്.

അത്യന്തം വേദനാജനകവും പ്രതിഷേധാർഹവുമായ നിമിഷമാണിത്. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകനായ സഖാവ് ധീരജിനെയാണ് കെഎസ്യു – യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കൊലപ്പെടുത്തിയത്. ധീരജ് തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയാണ്.
എസ്എഫ്‌ഐയുടെ സർഗാത്മക രാഷ്ട്രീയത്തെ എതിരിടാൻ ശേഷിയില്ലാതെ, ആയുധം കൊണ്ട് നേരിടാൻ തുനിയുന്ന കെഎസ്യു – യൂത്ത് കോൺഗ്രസ് കാടത്തമാണിത്.

ചോരക്കൊതിയുടെ ഈ കഠാര രാഷ്ട്രീയം പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. ഇവരെ സമൂഹം ഒറ്റപ്പെടുത്തും. കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കും.

ധീര രക്തസാക്ഷിക്ക് അന്ത്യാഭിവാദ്യങ്ങൾ.