General (Page 1,259)

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കമ്മീഷന്റെ മുന്നിൽ രണ്ടു പ്രാവശ്യം വിലയേറിയ സമയം ചെലവാക്കി മൊഴി കൊടുക്കാൻ പോയ വ്യക്തിയെന്ന നിലയിൽ എനിക്കു തോന്നുന്നത്, ജസ്റ്റിസ് ഹേമ കമ്മീഷൻ മലയാള സിനിമയിലെ അനഭിലഷണീയമായ കാര്യങ്ങളേക്കുറിച്ച് ബൃഹുത്തായ ഒരു റിപ്പോർട്ട് തന്നെ സമർപ്പിച്ചിട്ടുണ്ടെന്നാണെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് ഇതുവരെ വെളിച്ചം കാണാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

നടപടി ഉണ്ടാകാതെ ആർക്കൊക്കെയോ വേണ്ടി ആ റിപ്പോർട്ട് തമസ്‌കരിക്കപ്പെടുന്നു എന്നത് ഏറെ ദുരൂഹമാണ്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് ഏറെ സഹായകമാകും ആ റിപ്പോർട്ടിലുള്ള നിർദ്ദേശങ്ങൾ എന്നു പറയുന്നു. എന്നിട്ടും ആരാണ് സാംസ്‌കാരിക വകുപ്പിൽ ആ റിപ്പോർട്ടിനെതിരെ ചരടുവലി നടത്തുന്നത്. സാംസ്‌കാരിക വകുപ്പു മന്ത്രി ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു. കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലുള്ള ജീർണ്ണിച്ച അവസ്ഥ ഈ രംഗത്ത് ഇനിയും തുടരാൻ അനുവദിച്ചു കൂടാ. അതുകൊണ്ട് ഒരു കോടിയിലധികം രൂപ സർക്കാർ ഖജനാവിൽ നിന്നു ചെലവാക്കി ഉണ്ടാക്കിയ ആ റിപ്പോർട്ട് മറ്റ് പല റിപ്പോർട്ടുകളും പോലെ പരണത്താകരുതെന്ന് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ജസ്റ്റീസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണം….

കമ്മീഷന്റെ മുന്നിൽ രണ്ടു പ്രാവശ്യം വിലയേറിയ സമയം ചെലവാക്കി മൊഴി കൊടുക്കാൻ പോയ വ്യക്തിയെന്ന നിലയിൽ എനിക്കു തോന്നുന്നത്, ജസ്റ്റിസ് ഹേമ കമ്മീഷൻ മലയാള സിനിമയിലെ അനഭിലഷണീയമായ കാര്യങ്ങളേക്കുറിച്ച് ബൃഹുത്തായ ഒരു റിപ്പോർട്ട് തന്നെ സമർപ്പിച്ചിട്ടുണ്ട് എന്നാണ്. കഴിഞ്ഞ ദിവസം ജസ്റ്റീസ് ഹേമയോടു സംസാരിച്ചപ്പോഴും എനിക്കങ്ങനാണു തോന്നിയത്.. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം പ്രധാനമായും സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനും രൂപീകരിച്ച കമ്മീഷനാണെങ്കിലും സംഘടനകളെ ഉപയോഗിച്ച് സിനിമയിൽ നടക്കുന്ന വിലക്കുകളേയും, വൈരാഗ്യം തീർക്കലിനേയും നിശിതമായി വിമർശിക്കുന്ന ഒരു റിപ്പോർട്ടു കൂടിയാണ് ജസ്റ്റീസ് ഹേമ സമർപ്പിച്ചിരിക്കുന്നതെന്നറിയുന്നു..

കമ്മീഷൻ തെളിവെടുപ്പ് തുടങ്ങിയ സമയത്ത് എന്റെ തൊഴിൽ വിലക്കിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ കൊടുത്ത കേസ് എനിക്കനുകൂലമായി വിധിച്ചിരുന്നു.. എന്നെ വിലക്കാൻ ഗൂഢാലോചന നടത്തിയ ബി. ഉണ്ണികൃഷ്ണൻ ഉൾപ്പടെ ഉള്ള സുഹൃത്തുക്കൾ അന്ന് ഹേമ കമ്മീഷനിൽ പറഞ്ഞത് ആ വിധിക്കെതിരെ ഞങ്ങൾ സുപ്രീം കോടതിയിൽ പോയിട്ടുണ്ട് അവിടെ ഞങ്ങൾ ജയിക്കും എന്നാണ്.. എന്നാൽ സുപ്രീം കോടതിയും അവരുടെ ശിക്ഷ ശരിവച്ചു കഴിഞ്ഞപ്പോൾ വീണ്ടും കമ്മീഷൻ എന്നെ വിളിപ്പിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വ്യക്തി വൈരാഗ്യം തീർക്കാനായി ആർക്കെതിരെയും സംഘടനകളെ ഉപയോഗിച്ച് നടത്തുന്ന വിലക്കുകളും ഒറ്റപ്പെടുത്തലുകളും ഇനി മേലിൽ മലയാളസിനിമയിൽ ഉണ്ടാകാതിരിക്കാനുള്ള നടപടി നിർദ്ദേശിച്ചു കൊണ്ട് റിപ്പോർട്ട് സർക്കാരിലേക്ക് നൽകും എന്നാണ് അന്നു കമ്മീഷൻ പറഞ്ഞത്.. അങ്ങനെ തന്നെ റിപ്പോർട്ട് നൽകുകയും ചെയ്തു എന്നാണറിവ്…

പിന്നെന്തേ ആ റിപ്പോർട്ട് വെളിച്ചം കാണാത്തത്? അതിൻമേൽ നടപടി ഉണ്ടാകാതെ ആർക്കൊക്കെയോ വേണ്ടി ആ റിപ്പോർട്ട് തമസ്‌കരിക്കപ്പെടുന്നു എന്നത് ഏറെ ദുരൂഹമാണ്.. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് ഏറെ സഹായകമാകും ആ റിപ്പോർട്ടിലുള്ള നിർദ്ദേശങ്ങൾ എന്നു പറയുന്നു.. എന്നിട്ടും ആരാണ് സാംസ്‌കാരിക വകുപ്പിൽ ആ റിപ്പോർട്ടിനെതിരെ ചരടുവലി നടത്തുന്നത്..

സാംസ്‌കാരിക വകുപ്പു മന്ത്രി ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടിയിരിക്കുന്നു..

അതല്ലെങ്കിൽ ബഹുമാന്യനായ മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു..

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിലുള്ള ജീർണ്ണിച്ച അവസ്ഥ ഈ രംഗത്ത് ഇനിയും തുടരാൻ അനുവദിച്ചു കൂടാ…അതുകൊണ്ട് ഒരു കോടിയിലധികം രൂപ സർക്കാർ ഖജനാവിൽ നിന്നു ചെലവാക്കി ഉണ്ടാക്കിയ ആ റിപ്പോർട്ട് മറ്റ് പല റിപ്പോർട്ടുകളും പോലെ പരണത്താകരുതെന്ന് അപേക്ഷിക്കുന്നു…

തിരുവനന്തപുരം: ട്രാൻസ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റിക്ക് അപേക്ഷ നൽകിയ അനീറ കബീറിനെ ഫോണിൽ വിളിച്ച് സംസാരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ ട്രാൻസ് വനിത എന്ന നിലയ്ക്ക് തന്നെ അനുവദിക്കുന്നില്ലെന്നും പാലക്കാട്ടെ സർക്കാർ സ്‌കൂളിൽ ഉണ്ടായിരുന്ന താത്കാലിക അധ്യാപക ജോലി നഷ്ടമായെന്നും അനീറ അറിയിച്ചതായി മന്ത്രി പറഞ്ഞു.

സഹോദരൻ ദിവസങ്ങൾക്ക് മുമ്പ് അപകടത്തെ തുടർന്ന് മരിച്ചെന്നും ആ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി തനിക്ക് വന്നു ചേർന്നെന്നും അനീറ മന്ത്രിയെ അറിയിച്ചു. അനീറയുടെ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എം എഡും സെറ്റും തനിക്കുണ്ടെന്ന് അനീറ മന്ത്രിയോട് വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണിൽ സംസാരിച്ചതായി വി ശിവൻകുട്ടി പറഞ്ഞു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നൽകാൻ ആവശ്യമായ നടപടികൾ എടുക്കാൻ പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി. അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തി നേരിൽ കണ്ട് നിവേദനം നൽകുമെന്ന് അനീറ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ 19 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 277 മരണങ്ങളുമാണ് ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 50,053 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞതെന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് വ്യാപനം ഗണ്യമായി വർധിക്കുന്നതായി മന്ത്രി പറഞ്ഞു. രോഗവ്യാപനം വർധിക്കുന്നത് ഒഴിവാക്കാൻ ഓരോരുത്തരും വ്യക്തിപരമായി ശ്രദ്ധിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരാഴ്ച്ചക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് 100 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 20 നും 40 നുമിടയിൽ പ്രായമുളളവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഡെൽറ്റാ, ഒമിക്രോൺ കേസുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയുണ്ട്. രോഗം വർദ്ധിച്ചാൽ ആശുപത്രികളിൽ സൗകര്യങ്ങൾക്ക് സംസ്ഥാനത്ത് പരിമിതിയുണ്ട്. അതിനാൽ ശ്രദ്ധ പുലർത്തണമെന്നും ഒമിക്രോൺ ക്ലസ്റ്ററുകൾ സംസ്ഥാനത്ത് ഇതുവരെ രൂപപ്പെട്ടിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊവിഡ് വ്യാപനം കൂടുന്നുണ്ട്. കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണം. പാർട്ടി സമ്മേളനങ്ങൾക്കും കോവിഡ് പ്രോട്ടോകോൾ ബാധകണ്. ജനങ്ങൾ അനാവശ്യമായ യാത്ര ഒഴിവാക്കണമെന്നും പൊതുയോഗങ്ങൾ ഒഴിവാക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

k rail

തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര വിഹിതം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കേരളം. 63,941 കോടിയുടെ സിൽവർ ലൈൻ നടപ്പാക്കാൻ വേണ്ട 33,700 കോടി രൂപയുടെ വിദേശ വായ്പയ്ക്ക് ഗാരന്റി നിൽക്കുകയോ വായ്പാ ബാദ്ധ്യത പങ്കിടുകയോ ചെയ്യില്ലെന്ന കേന്ദ്ര നിലപാട് മയപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് കേരളം ആരംഭിച്ചത്.

ഭൂമി ഏറ്റെടുക്കലിനുൾപ്പെടെ പ്രത്യേകാനുമതി വേണ്ടെന്ന് റെയിൽവേ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് കേന്ദ്ര വിഹിതം അഭ്യർത്ഥിച്ചു കൊണ്ടുള്ള ശ്രമം സർക്കാർ തുടങ്ങിയത്. സിൽവർലൈൻ നടപ്പാക്കുന്ന കെ – റെയിലിൽ കേന്ദ്രത്തിന് പങ്കാളിത്തമുണ്ട്. കേന്ദ്രത്തിന്റെ ഉറപ്പിലാണ് സിൽവർലൈനുമായി മുന്നോട്ട് പോയത്. കെ റെയിൽ പദ്ധതിക്ക് 10,300 കോടിയാണ് സംസ്ഥാന, റെയിൽവേ ഓഹരി. 4352 കോടിയാണ് സ്വകാര്യ വ്യക്തികളുടെ ഓഹരി.

2020 ഒക്ടോബർ മാസമാണ് പദ്ധതി രേഖ കേന്ദ്രത്തിന് മുന്നിലെത്തുന്നത്. പിന്നീട് നാലു മാസത്തിന് ശേഷം ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാനും ചെലവുകൾക്കായി ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയുമായി ബന്ധപ്പെടാനും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. 2021 മേയിൽ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപറേഷൻ 3,000 കോടി രൂപ ഭൂമിയേറ്റെടുക്കലിന് അനുവദിച്ചു. 2021 ഒക്ടോബറിൽ വിദേശ ഫണ്ടിംഗിന് പിന്തുണ നൽകുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. കേന്ദ്രം പിന്തുണ നൽകിയില്ലെങ്കിൽ കേരത്തിന്റെ വായ്പാ ബാദ്ധ്യത കൂടുതൽ ബുദ്ധിമുട്ടിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരുവനന്തപുരം: നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്ത് കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നഗരപരിധിയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്. കന്റോൺമെന്റ് പോലീസ് സ്റ്റേഷനു സമീപവും സെക്രട്ടേറിയേറ്റ് അനക്സ് സമുച്ചയങ്ങൾക്ക് മുന്നിലുമുള്ള നടപ്പാത സ്ഥിരമായി കൈയ്യേറുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം വികസന ഫോറം സെക്രട്ടറി എം. വിജയകുമാരൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കന്റോൺമെന്റ് പോലീസ് സ്റ്റേഷന് സമീപമുള്ള ടൈൽ വിരിച്ച നടപ്പാതയിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രം ഉൾപ്പെടെ സമർപ്പിച്ചാണ് അദ്ദേഹം പരാതി നൽകിയത്.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. കന്റോൺമെന്റ് സബ്ഡിവിഷൻ പരിധിയിലെ പോലീസ് സ്റ്റേഷനുകൾക്ക് നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. സ്റ്റാച്യു ജംഗ്ഷനിലെ നടപ്പാത പാർക്കിംഗ് നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും പോലീസും നഗരസഭയും ചേർന്ന് പ്രത്യേകം ട്രാഫിക് വാർഡൻമാരെ നിയോഗിച്ച് അനധികൃത പാർക്കിംഗ് തടയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: സാമൂഹിക വിരുദ്ധർക്കെതിരെയുളള പോലീസ് നടപടിയിൽ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 13,032 ഗുണ്ടകൾ. ഗുണ്ടാനിയമപ്രകാരം 215 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി ഒൻപതുവരെയുളള കണക്കുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ഇക്കാലയളവിൽ പോലീസ് സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. 5,987 മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചു.

ഏറ്റവും കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് – 1506 പേർ. ആലപ്പുഴയിൽ 1322 പേരും കൊല്ലം സിറ്റിയിൽ 1054 പേരും പാലക്കാട് 1023 പേരും കാസർഗോഡ് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലിൽ നിന്നാണ്. 1103 എണ്ണമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഗുണ്ടകൾക്കെതിരെ നടത്തിവരുന്ന റെയ്ഡുകൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശിച്ചു.

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പ്രധാനമന്ത്രിക്കെതിരെയുള്ള സമരത്തെക്കുറിച്ചുള്ള വിവരം പഞ്ചാബ് പോലീസ് നേരത്തെ അറിഞ്ഞെങ്കിലും നടപടിയെടുത്തില്ലെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വഴി തടയുമെന്നത് നേരത്തെ അറിഞ്ഞിരുന്നെന്നും ഇക്കാര്യം പൊലീസ് ഉന്നതരെ അറിയിച്ചെന്നും പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കാൻ മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മറുപടി നൽകിയതെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിക്കിടക്കുമ്പോൾ മേൽപ്പാലത്തിന് സമീപം അനധികൃത മദ്യശാലകൾ തുറന്നിരുന്നു. പ്രതിഷേധം നടത്തിയവർ കർഷകരല്ലെന്നും തീവ്രസ്വഭാവമുള്ളവരാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയാണ് സുരക്ഷാ വീഴ്ച്ച സംഭവിച്ചത്. റോഡ് ഉപരോധത്തെ തുടർന്ന് 20 മിനിറ്റോളമാണ് പഞ്ചാബിലെ ഒരു മേൽപാലത്തിൽ കുടുങ്ങിയത്. തുടർന്ന് അദ്ദേഹം പഞ്ചാബിൽ പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബ് സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകി കേരളാ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വിപി മഹാദേവൻ പിള്ള. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഗവർണർക്ക് മറുപടി നൽകിയത്. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സമ്മർദമുണ്ടായി എന്നാണ് വൈസ് ചാൻസലർ പറയുന്നത്.

ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാൻ ജാഗരൂകനാണ്. മനസ്സ് പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താൻ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിന് കേരള സർവകലാശാല സിൻഡിക്കേറ്റിന് യോജിപ്പില്ല എന്ന തീരുമാനം അറിയിക്കാനായി ഗവർണറെ കണ്ടപ്പോൾ തന്നെ സമ്മർദത്തിലാക്കി എന്നാണ് പ്രസ്താവനയിലൂടെ അദ്ദേഹം പറയുന്നത്. ഗവർണർക്ക് നൽകിയ കത്തിൽ അക്ഷരത്തെറ്റും വ്യാകരണ പിശകും ഉണ്ടാകാൻ കാരണമായത് മാനസിക സമ്മർദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കേരള സർവകലാശാല വൈസ് ചാൻസലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് വൈസ് ചാൻസലർ മറുപടിയുമായി രംഗത്തെത്തിയത്.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മൊഴി നൽകി സംവിധായകൻ ബാലചന്ദ്ര കുമാർ. ദിലീപിന്റെ ഇടപെടൽ സംബന്ധിച്ചുള്ള തെളിവുകളും സാക്ഷികളെ സ്വാധീനിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും ബാലചന്ദ്ര കുമാർ അന്വേഷണ സംഘത്തിന് നൽകിയെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെയുള്ള തെളിവുകൾ വ്യാജമല്ലെന്ന് മൊഴി നൽകിയ ശേഷം ബാലചന്ദ്രകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കേസിൽ ആറാമനാണെന്ന് പറയപ്പെടുന്ന വിഐപി നടൻ ദിലീപുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ആളാണ്. അയാൾ ജുഡീഷ്യറിയെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും പറയുന്നുണ്ട്. ഒരു മന്ത്രിയുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ ചീത്ത വിളിക്കണമെന്ന് പറയുന്നുണ്ട്. ഇയാൾ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ്. പോലീസുകാരെ ഉപദ്രവിക്കാനും പൾസർ സുനി അടക്കമുള്ളവർ ജയിലിൽ നിന്നിറങ്ങിയാൽ അവരെ അപായപ്പെടുത്താൻ വേണ്ടിയും ഇയാൾ പ്ലാൻ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ മേഖലകളിലും സ്വാധീനമുള്ളയാൾ എന്ന നിലയ്ക്കാണ് അയാളെ വിഐപി എന്ന് വിശേഷിപ്പിച്ചത്. ദിലീപ് സാക്ഷികളെ സ്വാധിനിച്ചതിന്റെ തെളിവുകൾ ഉണ്ട്. ഇവർക്ക് എത്ര രൂപ കൊടുത്തുവെന്നും എങ്ങനെയാണ് ഇടപാട് നടത്തിയത് എന്നത് സംബന്ധിച്ചുമുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. ദിലീപിനെതിരെയുള്ള തെളിവുകൾ ഒരിക്കലും കൃത്രിമമായി ഉണ്ടാക്കിയിട്ടില്ല. പുറത്തുവന്നത് അദ്ദേഹത്തിന്റെ ശബ്ദമല്ലെന്ന് ദിലീപ് ഒരിക്കലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് കൊടുത്ത പാരാതിയിലും ഇക്കാര്യം പറഞ്ഞിട്ടില്ല. ഓഡിയോയിൽ ദിലീപിന്റെ അനിയൻ സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരി സംസാരിക്കുന്ന ശബ്ദമുണ്ട്, കാവ്യയുടെ ശബ്ദവും ഉണ്ട്. ഇതൊക്കെ വ്യാജമായിട്ട് ചെയ്യാൻ പറ്റുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

തിരുവനന്തപുരം: ചുരുളി സിനിമ കാണാനൊരുങ്ങി കേരളാ പോലീസ്. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിനിമയിൽ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചുവെന്ന പരാതിയിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. തുടർന്നാണ് പോലീസ് ചുരുളി സിനിമ കാണുന്നത്. എഡിജിപി പദ്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എ.സി.പി എ നസീം എന്നിവരാണ് റിപ്പോർട്ട് സമർപ്പിക്കാൻ വേണ്ടി സിനിമ കാണുന്നത്.

ചുരുളി സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത വാക്കുകൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് സമിതിയ്ക്ക് രൂപം നൽകിയത്. ഇവർ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. ചുരുളി സിനിമയിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഡിജിപിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർക്കുകയും ചെയ്തിരുന്നു.

ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിൽ നിന്നും സിനിമ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടിയത്.

സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് സിനിമ. അതിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല. സംവിധായകന്റെ സൃഷ്ടിയാണ് സിനിമയെന്നും സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ടൈന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. വള്ളുവനാടൻ ഭാഷയോ, കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ കോടതി എങ്ങിനെയാണ് ആവശ്യപ്പെടുകയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഗ്രാമത്തിലെ ജനങ്ങൾ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമയിൽ നിയമം ലഘനം നടന്നിട്ടുണ്ടോ എന്ന് മാത്രമേ ഹൈക്കോടതിക്ക് പരിശോധിക്കാൻ സാധിക്കുകയുള്ളു. നിലവിൽ അത്തരം കണ്ടെത്തലുകൾ ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.