General (Page 1,261)

ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി നൽകി തമിഴ്‌നാട്. കർശന നിബന്ധനകളോടെയാണ് ജെല്ലിക്കെട്ടിന് അനുമതി നൽകിയത്. പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായാണ് പരമ്പരാഗതമായി ജെല്ലിക്കെട്ട് നടക്കുന്നത്. കോവിഡ് രോഗികളുടെ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന നിബന്ധനകളോടെയാണ് തമിഴ്നാട് സർക്കാർ ജെല്ലിക്കെട്ടിന് അനുമതി നൽകിയത്.

കാളയുടെ ഉടമയ്ക്കും ഒരു സഹായിക്കും മാത്രമാകും റിംഗിൽ ഇറങ്ങാൻ അനുമതി നൽകുകയെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ രേഖയും 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഇവർ ഹാജരാക്കേണ്ടതാണ്. പരമാവധി 300 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതിയുള്ളത്. ജെല്ലിക്കെട്ട് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ജില്ലാ ഭരണകൂടം പ്രത്യേക ഐഡി കാർഡ് നൽകും. കാർഡില്ലാത്തവർക്ക് റിംഗിൽ പ്രവേശനം അനുവദിക്കില്ല.

പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിലാണ് ജെല്ലിക്കെട്ട് നടക്കുക. ജെല്ലിക്കെട്ടിന് ഏറ്റവും പ്രശസ്തിയാർജിച്ച സ്ഥലം മധുരയ്ക്കു സമീപമുള്ള അലങ്കാനല്ലൂരാണ്. പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്നത്. ജെല്ലിക്കെട്ടിനോടനുബന്ധിച്ച് പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ഇംഗ്ലീഷിലെ പുതിയ വാക്ക് പരിചയപ്പെടുത്തി ശശി തരൂർ എംപി. ‘anocracy’ എന്ന ഇംഗ്ലീഷ് വാക്കാണ് ശശി തരൂർ പുതുതായി പരിചയപ്പെടുത്തുന്നത്. ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിലാണ് പുതിയ വാക്കിനെ കുറിച്ച് ശശി തരൂർ പറയുന്നത്. ജനാധിപത്യത്തിൽ ഏകാധിപത്യ രീതികളുള്ള ഗവൺമെന്റിനെ വിശേഷിപ്പിക്കുന്ന വാക്കാണ് anocracy യെന്നാണ് ശശി തരൂർ വ്യക്തമാക്കിയത്. ബിജെപിയെ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചത്.

ബി.ജെ.പിയെയും കേന്ദ്ര സർക്കാരിനെയും പരിഹസിച്ചു കൊണ്ട് നേരത്തെയും സങ്കീർണ്ണമായ വാക്കുകൾ ഉപയോഗിച്ച് അദ്ദേഹം പോസ്റ്റിട്ടുണ്ട്. ഇംഗ്ലീഷിൽ സാധാരണക്കാർ ഉപയോഗിക്കാത്ത വാക്കുകൾ ഉപയോഗിക്കുന്നതിന്റെ പേരിൽ അദ്ദേഹം വാർത്തകളിൽ ഇടംനേടുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് നൽകുന്ന വിഷയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കേരള സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർ നൽകിയ കത്തിലെ ഭാഷയെ വിമർശിച്ചാണ് ഗവർണർ രംഗത്തെത്തിയത്. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ഗവർണർ പറഞ്ഞു.

രണ്ടു വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇങ്ങനെയാണോ ഒരു വൈസ് ചാൻസലറുടെ ഭാഷയെന്ന് അദ്ദേഹം ചോദിച്ചു. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാൻസലർ ആവശ്യപ്പെട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാൻസലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിൽ സിൻഡിക്കേറ്റ് യോഗം വിളിച്ചാണ് വൈസ് ചാൻസലർ തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാൽ മറ്റാരുടേയോ നിർദേശമാണ് അദ്ദേഹം മറുപടി നൽകിയത്. അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചിരുന്നുവെന്നും എന്നാൽ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ഗവർണർ വ്യക്തമാക്കി.

രാഷ്ട്രപതിയ്ക്ക് ഡി-ലിറ്റ് നൽകി ആദരിക്കാൻ ആവശ്യപ്പെട്ടപ്പോൾ വൈസ് ചാൻസലർ പറ്റില്ലെന്നാണ് മറുപടി നൽകിയത്. കത്തിലെ ഭാഷ കണ്ട് അതിന്റെ ഞെട്ടലിൽ നിന്ന് ഏറെ സമയമെടുത്താണ് താൻ മോചിതനായത്. പിന്നീട് ചാൻസലറെ വിളിച്ചു. സിൻഡിക്കേറ്റ് തീരുമാനപ്രകാരമാണ് ഡി-ലിറ്റ് നൽകാനാവില്ലെന്ന മറുപടി നൽകിയതെന്ന് വിസി പറഞ്ഞു. എന്നാൽ ചാൻസലർ എന്ന നിലയിൽ തന്നെ ധിക്കരിക്കുന്ന നടപടിയാണുണ്ടായത്. താൻ ഇതുവരെ കടുത്ത നടപടി എടുത്തിട്ടില്ലെന്നും ഇനി അത് പറ്റില്ലെന്നും അദ്ദേഹം ഗവർണർ മുന്നറിയിപ്പ് നൽകി.

ന്യൂഡൽഹി: ഇന്ത്യയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച് ഇറാൻ. അഫ്ഗാനിസ്താനിലേക്ക് മരുന്നും ഭക്ഷ്യധാന്യങ്ങളും കയറ്റി അയക്കുന്നതിലാണ് ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന വാഗ്ദാനം നൽകി ഇറാൻ രംഗത്തെത്തിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ അബ്ദുല്ലാഹിൻ ഇക്കാര്യത്തിൽ ഉറപ്പു നൽകി. ഇന്ത്യ അഫ്ഗാൻ ജനതയെ സഹായിക്കാനായി കയറ്റി അയച്ച 50,000 ടൺ ഗോതമ്പ് കഴിഞ്ഞ ദിവസം പാകിസ്താൻ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന് അറിയിച്ചത്.

അഫ്ഗാനിലെ കോവിഡ് സാഹചര്യവും ജനങ്ങൾ നേരിടുന്ന വെല്ലുവിളികളും ഇറാൻ മന്ത്രിയുമായി ചർച്ച ചെയതുവെന്ന് എസ് ജയ്ശങ്കർ വ്യക്തമാക്കി. അഫ്ഗാനിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണകൂടത്തിന്റെ ആവശ്യകതയെ കുറിച്ചും ഇരുവരും തമ്മിൽ സംസാരിച്ചു.

ജനുവരി ഒന്നിന് ഇന്ത്യ 5 ലക്ഷം ഡോസ് കോവിഡ് വാക്സിൻ അഫ്ഗാനിലേക്ക് കയറ്റി അയച്ചിരുന്നു. അഫ്ഗാനിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ടെഹ്റാൻ വഴിയാണ് ഇന്ത്യ രാജ്യത്തേക്ക് വാക്‌സിൻ എത്തിച്ചത്. ജനുവരി ഏഴിന് രണ്ടു ടൺ ജീവൻരക്ഷാ മരുന്നുകളും ഇന്ത്യ അഫ്ഗാനിലേക്ക് കയറ്റുമതി ചെയ്തിരുന്നു. അഫ്ഗാൻ സഹായം നൽകുന്നതിനായി റോഡ് തുറന്നുതരാമെന്ന് പാകിസ്താൻ ആദ്യം വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് വാക്കു മാറുകയായിരുന്നു.

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കുകയെന്നാണ് വിവരം.

ഫെബ്രുവരി പത്തുമുതൽ മാർച്ച് ഏഴുവരെ വിവിധ ഘട്ടങ്ങളിലായാണ് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ അഞ്ചു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് നൽകുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുന്നതിനാവശ്യമായ മാറ്റങ്ങൾ കോവിൻ ആപ്പിൽ വരുത്തുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ ഒറ്റദിവസം മാത്രമായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഉത്തർപ്രദേശിൽ ഏഴുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മണിപ്പൂരിൽ രണ്ടുഘട്ടമായിട്ടും തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുക. അതേസമയം ജനുവരി 15 വരെ എല്ലായിടത്തും റാലികൾ, പൊതുയോഗങ്ങൾ, റോഡ് ഷോ തുടങ്ങിയവയ്ക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ വിലക്കേർപ്പെടുത്തി.

ന്യൂഡൽഹി: രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ വിയോജിപ്പ് അറിയിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ നൽകിയ കത്ത് പുറത്തു വന്ന സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കത്തിന്റെ വിവരങ്ങളെ കുറിച്ച് അറിയില്ലെന്ന് ഗവർണർ പ്രതികരിച്ചു.

ഭരണഘടന സ്ഥാപനങ്ങളെ അപമാനിച്ച് സംസാരിക്കാനില്ലെന്നും രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് ഇങ്ങനെ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലയിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. പക്ഷേ ഇനി കാര്യങ്ങൾ ഇങ്ങനെ തുടരാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരിന് സമയം കൊടുക്കുകയാണ് താൻ. ഇനിയെന്ത് വേണമെന്ന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നിഷേധിച്ചെന്ന് അറിയിച്ച് കേരള സർവ്വകലാശാല വിസി ഡോ. വി പി മഹാദേവൻ പിള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഡിസംബർ ഏഴിനാണ് വൈസ് ചാൻസലർ ഗവർണർക്ക് കത്ത് നൽകിയത്. സിൻഡിക്കേറ്റ് ഡി ലിറ്റ് ശുപാർശ തള്ളിയെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. രാജ്ഭവനിൽ നേരിട്ട് എത്തിയാണ് വിസി ഗവർണർക്ക് കത്ത് കൈമാറിയത്. വെള്ളക്കടലാസിലാണ് കത്ത് എഴുതിയിട്ടുള്ളത്.

കോഴിക്കോട്: പാരിസ്ഥിതിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണെന്ന് സർക്കാരിന്റെ ഭാഗത്ത് നിന്നും നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കാവിൽ ഹരിത ഗ്രാമം പദ്ധതിയുടെ സമർപ്പണവും വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം വന പുനഃസ്ഥാപനത്തിനുള്ള നയം മന്ത്രിസഭ അംഗീകരിച്ചു. സ്വാഭാവിക വനം പുനഃസ്ഥാപിക്കപ്പെടണമെന്നും ഫലവൃക്ഷങ്ങൾ പരമാവധി വെച്ചുപിടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഏറ്റവുമധികം വാഹനപ്പെരുപ്പമുള്ള നാടാണ് കേരളം. ഇവിടെ മൂന്നിലൊരാൾക്ക് വാഹനമുണ്ട്. ഗതാഗത പ്രശ്‌നത്തിന് പരിഹാരം കാണണമെങ്കിൽ റോഡിലൂടെയുള്ള ഗതാഗതം മാത്രം പോര. പുതിയ ഗതാഗത രീതികൾ ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. 15,000 കോടി രൂപയുടെ പശ്ചാത്തല വികസനമാണ് പൊതുമരാമത്ത് വകുപ്പു വഴി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. അത് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണം. പൊതുമരാമത്ത് കെട്ടിടങ്ങളുടെയും പാലങ്ങളുടെയും റോഡുകളുടെയും പരിപാലനം ഗൗരവമർഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡുകൾ മികച്ച നിലവാരത്തിലേക്കുയരേണ്ടത് അത്യാവശ്യമാണ്. ദീർഘകാലം നിലനിൽക്കുന്ന റോഡുകളാണ് നമുക്കാവശ്യം. ദേശീയ പാതയോ സംസ്ഥാന പാതയോ പ്രാദേശിക റോഡുകളോ ആയാലും നിർമാണഘട്ടത്തിൽ അവ ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: സിൽവർ ലൈൻ പദ്ധതിക്കെതിരെ എതിർപ്പുമായി പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. സംസ്ഥാന സർക്കാർ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് പുനരാലോചന നടത്തണമെന്ന് മേധാ പട്കർ വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി അപേക്ഷിക്കുകയാണെന്നും മേധാ പട്കർ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മേധാപട്കറിന്റെ പ്രതികരണം.

പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. സിൽവർ ലൈൻ പദ്ധതിയിലും ഈ പിന്തുടർച്ച കാണാം. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ലെന്നും മേധാ പട്കർ ചൂണ്ടിക്കാട്ടി. അതേസമയം കോഴിക്കോട്ട് സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി സർവ്വെ നടത്തുന്ന പ്രദേശത്ത് അടുത്ത ദിവസം മേധാ പട്കർ സന്ദർശനം നടത്തും.

തിരുവനന്തപുരം: സിനിമാ മേഖലയിൽ സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളവരുണ്ടെന്ന് നടി പാർവതി തിരുവോത്ത്. ജീവഭയം ഉള്ളതിനാലാണ് പലകാര്യങ്ങളും പുറത്തു പറയാത്തതെന്ന് പാർവതി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം.

മലയാള സിനിമാ ഇൻഡസ്ട്രിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് ഹേമ കമ്മിഷനിൽ മൊഴി നൽകിയിട്ടുണ്ടെന്നും ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പല വ്യക്തികളെ പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.

സിനിമാ ഇൻഡസ്ട്രിയിലെ പല പ്രമുഖരുടെ പേരുകൾ മൊഴികളിൽ ഉള്ളതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവരാത്തത്. ഫോൺ കോളുകളിലൂടെ ഇടയ്ക്കിടെ ഭീഷണികൾ എത്താറുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദനീയമായ കാര്യമല്ല. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവരാത്തതിൽ നിരാശയും ദേഷ്യവുമുണ്ട്. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന് കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ല. ആർക്കൊക്കെ എതിരെയാണോ മൊഴി നൽകിയത് അവരുടെ പേരുകൾ പുറത്തു വരരുത് എന്നുള്ളത് കൊണ്ടാണ് റിപ്പോർട്ട് പുറത്തുവരാത്തതെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി.

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നടപടി. ഒന്നര ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് ഞായറാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത്. ഉന്നതതല ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.

കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം, ബൂസ്റ്റർ ഡോസ് വിതരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. ഡിസംബർ 24 നാണ് അവസാനമായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേർന്നത്. കോവിഡിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും രോഗബാധ തടയാൻ ജാഗരൂകരായിരിക്കണമെന്നും കഴിഞ്ഞ യോഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചിരുന്നു.

അതേസമയം രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 3600 കടന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.