കെപിഎസിയുടെ മുദ്ര ആലേഖനം ചെയ്ത സ്തൂപം പൊളിച്ചു മാറ്റി

ആലപ്പുഴ: കെപിഎസിയുടെ മുദ്ര ആലേഖനം ചെയ്ത സ്തൂപം പൊളിച്ചു മാറ്റി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായാണ് സ്തൂപം പൊളിച്ചുമാറ്റിയത്. 42 വർഷങ്ങൾക്ക് മുൻപാണ് കായംകുളത്ത് കെപിഎസി ആസ്ഥാനത്തിനു മുൻവശത്തായി സ്തൂപം സ്ഥാപിച്ചത്. ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്കു കാണാവുന്ന രീതിയിലാണ് സ്തൂപം സ്ഥാപിച്ചിരുന്നത്. കെപിഎസി ആസ്ഥാനത്തിനു മുന്നിൽ ഈ സ്തൂപം മാത്രമാണ് ഉണ്ടായിരുന്നത്.

മലയാറ്റൂർ രാമകൃഷ്ണനാണ് മുദ്ര രൂപകൽപ്പന ചെയ്തത്. കേശവൻകുട്ടി എന്ന ശില്പിയാണ് മുദ്ര ആലേഖനം ചെയ്തു സ്തൂപം നിർമിച്ചത് കോൺക്രീറ്റ് സ്തൂപത്തിൽ പ്രത്യേക കൂട്ടുചേർത്താണ് മുദ്ര ആലേഖനം ചെയ്തത്.

30 സെന്റ് സ്ഥലമാണ് കെപിഎസിക്കുള്ളത്. ഇതിൽ 10 സെന്റ് സ്ഥലമാണ് ദേശീയപാതാ വികസനത്തിനായി ഏറ്റെടുക്കുന്നത്. പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗവും ഓഡിറ്റോറിയത്തിന്റെ മുൻഭാഗവും പുതിയ കെട്ടിടവും പൊളിച്ചുമാറ്റും. ദേശീയപാത വികസനത്തിനായി ഗതകാല സ്മരണകൾ ഉണർത്തി നിലകൊണ്ടിരുന്ന കെ.പി.എസിയുടെ പ്രധാന സ്തൂപം പൊളിച്ചു മാറ്റിയത് വൈകാരിക നിമിഷമായിരുന്നുവെന്നാണ് കെ.പി.എ.സി സെക്രട്ടറി അഡ്വക്കറ്റ് ഷാജഹാൻ പ്രതികരിച്ചത്. എന്നാൽ അനിവാര്യമായ ദേശീയപാതാ വികസനത്തിന് ഇത് പൊളിച്ചു മാറ്റേണ്ടത് ഏറ്റവും ആവശ്യകത ആണെന്നും അദ്ദേഹം വ്യക്തമാക്കി.