ഇടുക്കി: ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പുമുടക്കും. എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് എസ് എഫ് ഐ ചൊവ്വാഴ്ച്ച പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലാണ് ധീരജിന് കുത്തേറ്റത്.
ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയും, എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് ധീരജ്. കണ്ണൂർ പാലകുളങ്ങര സ്വദേശിയായ ധീരജിനെ വാഴത്തോപ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയാണ് കുത്തിയത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

