മലപ്പുറം: കോണിപ്പടിയില്ലാതെ സ്‌കൂൾ കെട്ടിടത്തിൽ ഒന്നാംനില നിർമ്മിച്ചത് വിവാദമായതിന് പിന്നാലെ പ്രത്യേക ഫണ്ട് അനുവദിച്ച് പഞ്ചായത്ത്. ചോക്കാട് പഞ്ചായത്താണ് സ്‌കൂളിനായി പ്രത്യേക ഫണ്ട് അനുവദിച്ചത്. മാളിയേക്കൽ ജിയുപി സ്‌കൂളിലാണ് കോണിപ്പടിയില്ലാതെ ഒന്നാംനില നിർമിച്ചത്. ഇത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.
ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാൻ നാട്ടുകാർ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചും പിരിവെടുത്തും സ്വരൂപിച്ച പണമാണ് കെട്ടിട നിർമ്മാണത്തിനായി പഞ്ചായത്തിന് നൽകിയത്. നാലു ലക്ഷം രൂപയാണ് നാട്ടുകാർ പഞ്ചായത്തിനു കൈമാറുകയത്. നിർമാണം പൂർത്തിയായ ക്ലാസ് മുറികളിലേക്ക് കയറിപ്പറ്റാൻ കഴിയാത്ത അവസ്ഥയിൽ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത് കാരണമാണ് കോണിപ്പടിയില്ലാതെ സ്‌കൂൾ കെട്ടിടത്തിൽ ഒന്നാം നില നിർമ്മിച്ചത്. എസ്റ്റിമേറ്റ് പ്രകാരമുള്ള പണിയാണ് കരാറുകാരൻ പൂർത്തിയാക്കിയത്. പഞ്ചായത്ത് ഫണ്ട് അഞ്ചു ലക്ഷം രൂപ ഉൾപ്പെടെ ഒൻപതു ലക്ഷത്തോളം രൂപ മുടക്കിയാണ് രണ്ടു ക്ലാസ് മുറികളോടെ ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയായത്. എന്നാൽ നിർമ്മാണം പൂർത്തിയായപ്പോഴാണ് ഒന്നാംനിലയിലേക്ക് പോകാൻ കോണിപ്പടിയില്ലെന്ന കാര്യം ശ്രദ്ധിച്ചത്. സംഭവം മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമായി.
സർക്കാരിനെതിരെയും പഞ്ചായത്തിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ലഭ്യമായ ഫണ്ട് ഉപയോഗിച്ചാണ് എഞ്ചിനീയർ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഒരു വർഷത്തിലേറെയായി ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ട്. എന്നാൽ കോവിഡ് കാരണമാണ് കോണിപ്പടിക്ക് വേണ്ടി പ്രത്യേക പദ്ധതി അനുവദിക്കാൻ വൈകിയതെന്ന് അധികൃതർ അറിയിച്ചു. മുൻ ഭരണസമിതിയുടെ കാലത്താണ് ലഭ്യമായ ഫണ്ട് ഉപയോഗിച്ച് എഞ്ചിനീയർ കെട്ടിടം നിർമിക്കാൻ അനുമതി നൽകിയത്. സ്‌കൂൾ കെട്ടിടത്തിൽ കോണിപ്പടി നിർമിക്കുന്നതിന് ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ടെൻഡർ നടപടികൾ നടന്നുവരികയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്ത് അറിയിച്ചു.

