ഭീകരതയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കി ഇന്ത്യൻ സൈന്യം; കശ്മീരിൽ രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ: ഭീകരതയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കി ഇന്ത്യൻ സൈന്യം. കശ്മീരിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടു ഭീകരരെയാണ് സൈന്യം വധിച്ചത്. ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

കുൽഗാമിലെ ഹുസാൻപോര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു ജമ്മു കശ്മീർ പോലീസും സൈന്യവും. വധിച്ച ഭീകരരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അൽ-ബാദർ ഭീകര സംഘടനയിലെ ഇമാദ് വാനിയാണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ. 2021 ഡിസംബർ 19 ന് പുൽവാമയിൽ മുഷ്താഖ് വാഗ്ഗിയെന്ന പോലീസുകാരന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ പ്രതിയാണ് ഇയാളെന്ന് സുരക്ഷാ സേന അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പത്തു ദിവസത്തിനുള്ളിൽ 13 ഭീകരരെയാണ് സൈന്യം വധിച്ചത്. നിരവധി ആയുധങ്ങളും സ്‌ഫോടക ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.