General (Page 1,252)

തിരുവനന്തപുരം: ആര്യന്‍കോട് പോലീസ് സ്റ്റേഷനുള്ളിലേക്ക് ബൈക്കിലെത്തിയ സംഘം പെട്രോള്‍ നിറച്ച ബിയര്‍ കുപ്പി കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടൊയാണ് സംഭവം. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടിത്തെറിക്കുകയായിരുന്നു. ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രതികള്‍ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അത് തീപിടിച്ചിട്ടില്ല.

ആക്രമണത്തിന് പിന്നാലെ പോലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്തുനിന്ന് പ്രതികള്‍ കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും ഇവരുടെ ചെരുപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും, എന്നാല്‍, ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്. താമരശ്ശേരിയിലാണ് സംഭവം. പരിക്കേറ്റവരിൽ അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് വിവരം. കാന്തപുരം എം പി അബൂബക്കർ മുസ്ലിയാറുടെ ഉടമസ്ഥതയിലുള്ള മർകസ് നോളജ് സിറ്റിയിലെ നിർമ്മാണ പ്രവർത്തിനിടെയാണ് അപകടം സംഭവിച്ചത്.

സ്വകാര്യ സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണത്തിനിടയിലാണ് അപകടമുണ്ടായത്. ഇതിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റ് നടക്കുകയായിരുന്നു. തൂൺ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ തകർന്നുവീണ ഭാഗങ്ങൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. നിർമ്മാണ തൊഴിലാളികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

അതേസമയം ഇവിടെ നിർമ്മാണങ്ങൾ നിയമാനുശ്രുതാമാണോ എന്നകാര്യം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും കെട്ടിടത്തിന്റെ നിർമാണം അനുമതിയോടെ തന്നെയാണെന്നും മർകസ് നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം അറിയിച്ചു.

കൊച്ചി: ഫേസ്ബുക്കിലൂടെ അറിയിച്ച പരാതിയ്ക്ക് മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കണ്ടെത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. അപകട ഭീഷണി ഉയർത്തിയ സൈൻ ബോർഡിനെ കുറിച്ചുള്ള പരാതിയാണ് മുഹമ്മദ് റിയാസ് പരിഹരിച്ചത്.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പേജിലാണ് പരാതി കമന്റായി പ്രത്യക്ഷപ്പെട്ടത്. നിഖിൽ കെ എസ് എന്നയാളാണ് പരാതി അറിയിച്ചത്. നോർത്ത് പറവൂർ മുൻസിപ്പൽ കവലയിൽ ടൂറിസം വകുപ്പ് സ്ഥാപിച്ച സൈൻ ബോർഡ് ഏത് നിമിഷവും വഴിയാത്രക്കാരുടെ തലയിൽ വീഴുമെന്ന അവസ്ഥയിലാണെന്നായിരുന്നു പരാതി.

കഴിഞ്ഞ കുറെ ദിവസമായി ടൂറിസം വകുപ്പിന്റെ പ്ലാനിങ് വിഭാഗത്തിൽ ബന്ധപ്പെട്ടെന്നും ഫോൺ വഴി വിളിച്ചു പറഞ്ഞിട്ടും മെയിൽ അയച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്നും നിഖിൽ കമന്റിൽ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലെ കമന്റ് ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അപടകവാസ്ഥയിൽ ഉണ്ടായിരുന്ന സൈൻബോർഡ് 24 മണിക്കൂറിനകം ഉദ്യോഗസ്ഥർ എടുത്ത് മാറ്റുകയും ചെയ്തു. തുടർന്ന് മന്ത്രി നേരിട്ട് കമന്റിന് മറുപടി നൽകുകയും ചെയ്തിരുന്നു. താങ്കളുടെ പരാതിയിൽ ഇടപെട്ടു, ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നായിരുന്നു മന്ത്രി പരാതിക്കാരിന് നൽകിയ മറുപടി.

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സർവ്വീസുകൾ നിർത്തിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. കെഎസ്ആർടിസിയിലെ ഏതാനും ജീവനക്കാർക്ക് മാത്രമാണ് രോഗം ബാധിച്ചതെന്നും ഇന്നത്തെ സാഹചര്യത്തിൽ ഒരു പ്രതിസന്ധിക്കും വകയില്ലെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് കെഎസ്ആർടിസി സർവ്വീസുകൾ സുഗമമായി നടക്കും. കൊവിഡ് പ്രതിരോധത്തിനായി സാനിറ്റൈസറും മാസ്‌കും കൃത്യമായി ബസ് സർവ്വീസുകളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. 15 0ഓളം ജീവനക്കാരുള്ള ചില ഡിപ്പോകളിൽ നാലോ അഞ്ചോ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നത് കൊണ്ട് സർവ്വീസ് മുടങ്ങില്ല. സർവ്വീസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ജീവനക്കാർ അധികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ശബരിമല ഡ്യൂട്ടിക്ക് പോയ കെഎസ്ആർടിസി ജീവനക്കാരിലാണ് കോവിഡ് വ്യാപനം വർധിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാർക്ക് രോഗബാധ കണ്ടെത്തിയതായാണ് വിവരം. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ 25 ജീവനക്കാർക്ക് രോഗബാധ സ്ഥരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയിൽ 15 പേർക്കാണ് വൈറസ്ബാധ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി സർവ്വീസുകൾ തുടരുമെന്ന് വ്യക്തമാക്കി മന്ത്രി മാദ്ധ്യമങ്ങളോട് സംസാരിച്ചത്.

ഹൂസ്റ്റൻ: യുക്രെയ്‌നിലെ സർക്കാർ, സ്വകാര്യ കംപ്യൂട്ടർ നെറ്റ്‌വർക്കുകളിൽ വിനാശകരമായ മാൽവെയറുകൾ വ്യാപിക്കുന്നുവെന്ന് കണ്ടെത്തി മൈക്രോസോഫ്റ്റ്. കൂടുതൽ സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മൈക്രോസോഫ്റ്റ് നൽകുന്ന മുന്നറിയിപ്പ്. യുക്രെയ്‌നിലെ സർക്കാർ ഏജൻസികളുടെ വെബ്‌സൈറ്റുകളിൽ മാൽവെയർ വ്യാപിക്കുന്നതായി മൈക്രോസോഫ്റ്റിന്റെ ആഗോള നെറ്റ്‌വർക്കുകൾ നിരീക്ഷിക്കുന്ന അന്വേഷകരാണ് കണ്ടെത്തിയത്.

റഷ്യയാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. യുക്രെയ്‌നിയൻ അതിർത്തിയിൽ റഷ്യൻ സൈന്യത്തെ വിന്യസിച്ചിരുന്നു. തുടർന്ന് അമേരിക്കയും നാറ്റോയും തമ്മിൽ കൂടുക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. റഷ്യൻ നയതന്ത്രജ്ഞർ ചർച്ചകൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച സമയത്താണ് മാൽവെയറുകൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. സൈബർ ആക്രമണത്തിനു പിന്നിലുള്ള സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. തങ്ങളുടെ അന്വേഷകർ മുമ്പ് കണ്ടിട്ടുള്ള ഒരു ആക്രമണകാരിയാണിതെന്ന് തോന്നുന്നില്ലെന്നും അധികൃതർ പറയുന്നു. എല്ലാ കംപ്യൂട്ടർ പ്രവർത്തനങ്ങളും ഡാറ്റയും മരവിപ്പിക്കുകയും പകരം പണം ആവശ്യപ്പെടുകയും ചെയ്യുന്ന മാൽവെയറുകളാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പണം സ്വീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും കാണുന്നതുമില്ല. ഇതാണ് പണം സ്വരൂപിക്കുകയല്ല. പരമാവധി നാശനഷ്ടം വരുത്തുകയാണ് ലക്ഷ്യമെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ കാരണമായത്.

അതേസമയം റഷ്യ അതിർത്തിയിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഉക്രെയിൻ അതിർത്തിയിൽ റഷ്യ സൈന്യവിന്യാസം നടത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് റഷ്യയുടെ പുതിയ നീക്കം. സ്വന്തം സൈന്യത്തിനെതിരായി തന്നെ റഷ്യ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന് നേരത്തെ അമേരിക്കൻ രഹസ്യാന്വേഷണ കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. ഉക്രെയിൻ ആക്രമിക്കുന്നതിനുള്ള ഒരു കാരണം കണ്ടെത്താനായാണ് റഷ്യ ഇത്തരമൊരു വ്യാജ ഏറ്റുമുട്ടൽ നടത്തുന്നതെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. ഉക്രെയിനിനെ ഒരു ആക്രമണകാരിയായി ചിത്രീകരിക്കാൻ ലക്ഷ്യം വെച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ റഷ്യ വ്യാജപ്രചാരണവും നടത്തുന്നുണ്ട്.

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിന പരേഡിൽ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യം സംബന്ധിച്ച് ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. സമിതി നടപടിക്രമങ്ങൾ പാലിച്ചാണ് തീരുമാനമെടുത്തതെന്ന് കേന്ദ്രം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്. സംസ്ഥാനങ്ങൾ കത്തെഴുതുന്നത് തെറ്റായ കീഴ്വഴക്കം ആണെന്നും കേന്ദ്രം വിശദീകരിച്ചു.

2018 ലും 2021 ലും ഇതേ സർക്കാർ കേരളത്തെ ഉൾപ്പെടുത്തിയതാണ്. സുഭാഷ് ചന്ദ്ര ബോസിനെ അപമാനിച്ചെന്ന ബംഗാളിന്റെ വാദവും തെറ്റാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. പരേഡിൽ അവതരിപ്പിക്കാൻ തീരുമാനിച്ച നിശ്ചലദൃശ്യങ്ങളിൽ ഒന്നിൽ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഉണ്ടെന്നും കേന്ദ്രം അറിയിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾ ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമായിരുന്നു. തുടർന്നാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്വാതന്ത്ര്യസമര സേനാനികളുടെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുള്ള കേരളത്തിൻറെ റിപ്പബ്ലിക് ദിന നിശ്ചല ദൃശ്യം ഒഴിവാക്കിയതിനെതിരെയും വിമർശനം ശക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു അടക്കമുള്ളവർ കേന്ദ്ര സർക്കാർ നടപടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം സർക്കാരിന്റെ നടപടി ഞെട്ടിച്ചെന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം.പശ്ചിമ ബംഗാളിലെ ജനങ്ങളെ വേദനപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ മമത ബാനർജി പറഞ്ഞിരുന്നു. നിലവാരമില്ലാത്തത് കൊണ്ട് മാത്രമാണ് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതെന്നും മറ്റ് ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ബിജെപി വിശദമാക്കി.

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ അതിസുരക്ഷാ സെല്ലുകളിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. കത്തിയും ആയുധങ്ങളുമാണ് അപകടകാരികളായ തടവുകാരെ പാർപ്പിക്കുന്ന അതിസുരക്ഷാ ജയിലിൽ നിന്നും കണ്ടെത്തിയത്. വിഷയത്തിൽ ജയിൽ സൂപ്രണ്ട് ദക്ഷിണ മേഖലാ ഡിഐജി വഴി ജയിൽ മേധാവി എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിന് റിപ്പോർട്ട് സമർപ്പിച്ചു. സംഭവം നടന്ന് 3 ആഴ്ച കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ആരോപണ വിധേയരായ 2 ഉദ്യോഗസ്ഥർ സിപിഎം അനുകൂല ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനാ നേതാക്കളാണ്. ഇവർ ജയിലിലെ ഉന്നത ഉദ്യോഗസ്ഥരെ തടവുകാരുടെ മുൻപിൽ പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്തിട്ടുണ്ട്

പ്രതികൾ തമ്മിൽ സംഘട്ടനം ഉണ്ടായതിനെ തുടർന്നാണ് ഇരുവരെയും അതിസുരക്ഷാ സെല്ലുകളിലേക്കു മാറ്റിയത്. അവിടെ കർശന സുരക്ഷ ഉറപ്പാക്കാൻ സൂപ്രണ്ട് കീഴുദ്യോഗസ്ഥർക്കു പ്രത്യേക നിർദേശം നൽകിയിരുന്നെങ്കിലും ആയുധങ്ങൾ കണ്ടെത്തിയ വിവരം ഉദ്യോഗസ്ഥർ സൂപ്രണ്ടിനോട് പറഞ്ഞിരുന്നില്ല. അടിസ്ഥാന പരിശീലനം പോലും ലഭിക്കാത്ത ഒരു അസി.പ്രിസൺ ഓഫിസറാണു മേലധികാരികളെ വിവരം അറിയിച്ചത്.

അതേസമയം വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് ജയിൽ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വ്യക്തമാക്കി. സാധാരണ ആയുധങ്ങൾ കണ്ടെത്തിയ സംഭവമാണെങ്കിൽ അപ്പോൾതന്നെ അറിയിക്കേണ്ടതാണെന്നും വിഷയം പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകൾ ഡിസംബർ 26 ന് 1824 വരെ കുറഞ്ഞതാണെന്നും എന്നാൽ ക്രിസ്തുമസ്, ന്യൂ ഇയർ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകൾ വർധിച്ചുവെന്നും മന്ത്രി പറഞ്ഞു.

ജനുവരി ഏഴിന് കോവിഡ് കേസുകൾ 5,000 ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വർധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കേവിഡ് കേസുകൾ കുത്തനെ ഉയരാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരിൽ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ ശരിയായവിധം എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ധരിക്കേണ്ടതാണെന്ന് വീണാ ജോർജ് നിർദ്ദേശിച്ചു.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ ഏകദേശം 60,161 വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ 182 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ 160 ശതമാനവും, ആശുപത്രികളിലെ രോഗികൾ 41 ശതമാനവും, ഫീൽഡ് ആശുപത്രികളിലെ രോഗികൾ 90 ശതമാനവും, ഐസിയുവിലെ രോഗികൾ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികൾ 6 ശതമാനവും, ഓക്സിജൻ കിടക്കകളിലെ രോഗികൾ 30 ശതമാനവും വർധിച്ചിട്ടുണ്ട്. പ്രായമായവർക്കും മറ്റനുബന്ധ രോഗമുള്ളവർക്കും കോവിഡ് ബാധിച്ചാൽ പെട്ടന്ന് ഗുരുതരമാകാൻ സാധ്യതയുണ്ട്. രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും ഗുരുതാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും മരണങ്ങളും അധികമായുണ്ടായേക്കാം. ഇത് ആശുപത്രി സംവിധാനങ്ങളെ സമ്മർദത്തിലാക്കും. അതിനാൽ എല്ലാവരും കൂടുതൽ ശ്രദ്ധിക്കേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

പൊതു ചടങ്ങുകൾ മാർഗനിർദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളിൽ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങൾ കോവിഡ് വ്യാപനത്തിന് കാരണമായതിനാൽ ജനാലുകളും വാതിലുകളും തുറന്നിടണം. കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവർ ഒരിക്കലും മാസ്‌ക് താഴ്ത്തരുത്. എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വാർഡുതല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.

വാർഡുതല കമ്മിറ്റികൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ വാർഡുകളിലും റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ശക്തിപ്പെടുത്തും. വേളണ്ടിയൻമാരെ സജീവമാക്കും. തദ്ദേശ സ്ഥാപന തലത്തിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതാണ്. കുടുംബശ്രീ പ്രവർത്തകരെ കൂടി അവബോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വാക്സിനേഷൻ പ്രവർത്തനങ്ങളും ഊർജിതമാക്കി വരുന്നു. വ്യാപനം കൂടിയ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കൂടുതൽ സിഎഫ്എൽടിസികൾ സജ്ജമാക്കും. ആവശ്യമെങ്കിൽ ഹോസ്റ്റലുകൾ ഏറ്റെടുക്കും. ഓരോ പ്രദേശത്തുമുള്ള കോവിഡ് കേസുകളുടെ വർധനവ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ആവശ്യമായ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നതാണെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

കൊച്ചി: ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് നടപടി. ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ ആലുവയിലുള്ള തോട്ടുമുഖത്തെ വീട്ടിലാണ് റെയ്ഡ് നടന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ശരത്തിന്റെ പേരും പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, കേസിൽ അഞ്ച് സാക്ഷികളെ പുതുതായി വിസ്തരിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നൽകി. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് സാക്ഷി വിസ്താരം പൂർത്തിയാക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്. സിനിമ നിർമ്മാതാവ് ആൻറോ ജോസഫ് ഉൾപ്പെടെ ഇതിനകം വിസ്തരിച്ച ഏഴു സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും ഒമ്പത് അധിക സാക്ഷികളെക്കൂടി വിസ്തരിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. നിലീഷ, കണ്ണദാസൻ, സുരേഷ്, ഉഷ , കൃഷ്ണമൂർത്തി എന്നി അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനാണ് കോടതി അനുമതി നൽകിയത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് മാദ്ധ്യമങ്ങൾക്കു നിർദേശം നൽകണമെന്നാണ് ദിലീപിന്റെ ആവശ്യം. മാദ്ധ്യമങ്ങൾ രഹസ്യ വിചാരണയ്ക്കുള്ള നിർദേശങ്ങൾ പിന്തുടരുന്നില്ലെന്നാണ് ദിലീപ് പറയുന്നത്. മറ്റു കോടതികളിലെ വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചു.