General (Page 1,253)

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ദിലീപ്. കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് മാദ്ധ്യമങ്ങൾക്കു നിർദേശം നൽകണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങൾ രഹസ്യ വിചാരണയ്ക്കുള്ള നിർദേശങ്ങൾ പിന്തുടരുന്നില്ലെന്നാണ് ദിലീപ് പറയുന്നത്. മറ്റു കോടതികളിലെ വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം

ദിലീപിന്റെ അഭിഭാഷകനാണ് കേസ് വിചാരണ അടച്ചിട്ട കോടതി മുറിയിൽ വേണമെന്ന ആവശ്യം ഉയർത്തിയിരുന്നത്. തുറന്ന കോടതിയിൽ വിചാരണ നടക്കുന്നത് ആക്രമണത്തിന് ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കും എന്നതു പരിഗണിച്ച് പ്രോസിക്യൂഷനും ദിലീപിന്റെ ആവശ്യത്തിന് അംഗീകാരം നൽകുകയായിരുന്നു.

കണ്ണൂർ: കെ ഫോണിന്റെ ആദ്യ ഘട്ടം കണ്ണൂർ ജില്ലയിൽ പൂർത്തിയാകുന്നു. ജനുവരി അവസാനത്തോടെ ആദ്യഘട്ടത്തിലെ റാക്ക് ഇൻസ്റ്റലേഷൻ പൂർത്തിയാക്കും. കണ്ണൂരിൽ 900 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ കെ ഫോൺ ലഭ്യമാകുന്നത്. സർക്കാർ ഓഫീസുകൾ, അക്ഷയകേന്ദ്രങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ കണക്ഷൻ ലഭിക്കുക. ആദ്യഘട്ടത്തിലുൾപ്പെടുന്ന 420 സ്ഥാപനങ്ങളിലാണ് 9 യു റാക്കുകൾ സജ്ജമാക്കിയത്. 9 യു റാക്കിൽ നെറ്റ്‌വർക്ക് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള മോഡം, യുപിഎസ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ ഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. കെഎസ്ഇബിയും (KSEB) കെഎസ്‌ഐറ്റിഐഎൽ (KSITIL)ഉം ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോഷ്യത്തിനാന് നടത്തിപ്പിനുള്ള കരാർ. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയിൽടെൽ, എൽഎസ്‌കേബിൾ, എസ്ആർഐറ്റിഎന്നീ കമ്പനികളാണ് കൺസോഷ്യത്തിലുള്ളത്.

കണ്ണൂരിൽ ആദ്യഘട്ടത്തിൽ 890 കിലോമീറ്ററിലാണ് ലൈൻ വലിക്കേണ്ടത്. ഇതിൽ 870 കിലോമീറ്ററും പൂർത്തിയായി കഴിഞ്ഞു. റെയിൽ, പാലങ്ങൾ എന്നിവ മുറിച്ചുകടക്കുന്ന 18 സ്ഥലങ്ങളിലാണ് ഇനി ലൈൻ ബന്ധിപ്പിക്കൽ ബാക്കിയുള്ളത്. അടുത്ത ദിവസങ്ങളിൽ ഇവിടെ ലൈനുകൾ ബന്ധിപ്പിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. മുണ്ടയാട്, കാഞ്ഞിരോട്, കൂത്തുപറമ്പ്, പിണറായി, തോലമ്പ്ര, പഴശ്ശി, പുതിയതെരു, അഴീക്കോട്, തോട്ടട, തളിപ്പറമ്പ്, മാങ്ങാട്, പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ കെ ഫോൺ ലഭ്യമാവുക.

കോട്ടയം: കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപകയെന്ന് പോലീസ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയെ തുടർന്നാണ് ഷാനിന്റെ കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മർദിച്ചതെന്നാണ് ജോമോന്റെ മൊഴിയെന്ന് കോട്ടയം എസ്പി ഡി ശിൽപ അറിയിച്ചു. കൊല്ലാൻ വേണ്ടിയായിരുന്നില്ല മറിച്ച് എതിർ ഗുണ്ടാ സംഘത്തെ ഭയപ്പെടുത്താനും ആ സംഘത്തിലെ ആൾക്കാരെ കണ്ടെത്താനുമായിരുന്നു ജോമോൻ ആക്രമണം നടത്തിയതെന്നും എസ്പി പറഞ്ഞു.

കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കിയ വ്യക്തിയാണ് കൊലപാതക കേസിലെ പ്രതി ജോമോൻ കെ ജോസ്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. സ്വന്തം മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണ് ജോമോൻ ഷാനിനെ കൊലപ്പെടുത്തിയതെന്നും ഡി ശിൽപ്പ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും എസ് പി വിശദമാക്കി. കൃത്യം നടത്തിയത് പ്രതി തനിച്ചല്ലെന്നാണ് പോലീസിന്റെ നിഗമനം.

കാപ്പ ചുമത്തി ജോമോനെ ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇയാളുടെ സംഘാങ്ങളെല്ലാം കൊഴിഞ്ഞു പോകുകയും ജോമോന്റെ ശക്തി ക്ഷയിക്കുകയും ചെയ്തു. ജോമോൻ തിരിച്ചു വന്നപ്പോൾ ജില്ലയിൽ ഇയാളുടെ സ്വാധീനം കുറഞ്ഞു. ഇതിനിടെ സൂര്യൻ എന്നയാളുടെ നേതൃത്വത്തിൽ പുതിയ ഗുണ്ടാ സംഘം നിലയുറപ്പിച്ചു. സൂര്യന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ജോമോന്റെ സംഘത്തിൽ മുൻപുണ്ടായിരുന്നവരുമായി തർക്കത്തിൽ ഏർപ്പെട്ടു. പ്രദേശത്ത് ഇവർ മേധാവിത്വം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ജോമോനെ ചൊടിപ്പിച്ചത്.

സൂര്യനുമായി അടുപ്പമുള്ളയാളെ തട്ടിയെടുത്ത് മർദ്ദിച്ച് മറ്റ് സംഘാങ്ങളെ പറ്റിയുള്ള വിവരം ശേഖരിക്കാനായിരുന്നു ജോമോന്റെ പദ്ധതി. അതേസമയം കൊല്ലപ്പെട്ട ഷാനിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരിൽ കേസുകളുമില്ല. ഇൻസ്റ്റഗ്രാമിൽ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോൻ ഷാനിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.

തിരുവനന്തപുരം: സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസിയ്ക്ക് പിന്തുണ നൽകി നടൻ ഹരീഷ് പേരടി. ഒരു സ്ത്രീയായിരുന്നു എങ്കിൽ അഭിമാനത്തോടെ ഡബ്ല്യുസിസിയിൽ ചേരാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഡബ്ല്യുസിസിയ്ക്ക് പിന്തുണ നൽകിയത്.

പെൺ സൈന്യത്തിന് അഭിവാദ്യങ്ങൾ…ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി WCC യിൽ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദർഭം. ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പെണ്ണായ നിങ്ങൾ പോരാടി കയറുമ്പോൾ ആണായ ഞങ്ങൾ വിറക്കുന്നതെന്തേയെന്നും അദ്ദേഹം ചോദിച്ചു. വനിതാ കമ്മീഷനുമായി ഡബ്യൂസിസി അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ടാണ് ഡബ്യൂസിസി അംഗങ്ങൾ വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഏതൊരു തൊഴിൽ മേഖലയിലുമെന്നതു പോലെ സിനിമയിലും ആഭ്യന്തര പരാതി സെൽ ആവശ്യമാണ്. വേതനവ്യവസ്ഥയിലെ അന്തരവും അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമാ മേഖലയിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഉറപ്പു വരുത്താനും എല്ലാ തരത്തിലുള്ള വിവേചനങ്ങൾക്കും അറുതി വരുത്താനും പരാതികൾ ബോധിപ്പിക്കാനും പരിഹരിക്കാനുമുള്ള സംവിധാനം ഉറപ്പുവരുത്താനും പ്രൊഡക്ഷൻ കമ്പനികൾ മുന്നോട്ട് വരേണ്ടതായിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതിദേവി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പെൺ സൈന്യത്തിന് അഭിവാദ്യങ്ങൾ…ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി WCC യിൽ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദർഭം …ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്…പെണ്ണായ നിങ്ങൾ പോരാടി കയറുമ്പോൾ ആണായ ഞങ്ങൾ വിറക്കുന്നതെന്തേ?…

വാഷിംഗ്ടൺ: ഹൈബ്രിഡ് വാഹനങ്ങൾക്ക് തീപിടിത്തം മൂലം അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കാനുള്ള ഏറ്റവും കുറഞ്ഞ അപകടസാധ്യതയാണ് ഉള്ളതെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓട്ടോ ഇൻഷുറൻസ് ഇസെഡാണ് പഠനം നടത്തിയത്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്, ബ്യൂറോ ഓഫ് ട്രാൻസ്പോർട്ടേഷൻ സ്റ്റാറ്റിസ്റ്റിക്സ്, വാഹനങ്ങൾ തിരിച്ചുവിളിക്കൽ തുടങ്ങിയവരിൽ നിന്നാണ് പഠനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത്.

അമേരിക്കയിൽ കഴിഞ്ഞ വർഷം 52 ഇലക്ട്രിക് വാഹനങ്ങൾക്കാണ് തീപിടിച്ചതെന്ന് പഠനത്തിൽ പറയുന്നു. 16,051 ഹൈബ്രിഡ് വാഹനങ്ങൾക്ക് തീപിടിച്ചതായും 199,533 ആന്തരിക ജ്വലന എഞ്ചിൻ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് തീപിടിച്ചതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വിറ്റഴിക്കപ്പെടുന്ന ഒരു ലക്ഷം യൂണിറ്റിലെ വാഹനത്തിന് തീപിടിച്ച സംഭവങ്ങളെ പഠനം താരതമ്യം ചെയ്യുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളിൽ ഒരു ലക്ഷം വാഹനങ്ങൾക്ക് 25.1 മാത്രമാണ് നിരക്ക്. 1,529.9 ആണ് ആന്തരിക ജ്വലന എഞ്ചിൻ വാഹനങ്ങളുടെ തീപിടുത്ത നിരക്ക്. ഇത് ഹൈബ്രിഡ് വാഹനങ്ങളുടെ നിരക്ക് 3,474.5 ആണ്.

അതേസമയം വാഹന നിർമ്മാതാക്കളുടെ തിരിച്ചുവിളി പ്രഖ്യാപനങ്ങൾ ഹൈബ്രിഡ്, ആന്തരിക ജ്വലന എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങൾക്ക് തീ പിടിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന കണ്ടെത്തലിനെ പിന്തുണയ്ക്കുന്നതാണ് താണ്. ജ്വലന വാഹനങ്ങളാണ് കൂടുതലായും തിരിച്ചു വിളിക്കുന്നത്. ആഡംബര കാർ നിർമ്മാതാക്കളായ മെഴ്സിഡസ്-ബെൻസ് തങ്ങളുടെ തിരഞ്ഞെടുത്ത വാഹനങ്ങളിലെ സാങ്കേതിക തകരാർ മൂലം തീപിടുത്തമുണ്ടാകാൻ സാധ്യതയുള്ളതായി ഉടമകളെ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആവശ്യമായ ഭാഗങ്ങൾ ലഭ്യമല്ലാത്തതിനാൽ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു തിരിച്ചുവിളിക്കൽ ഇപ്പോൾ സാധ്യമല്ലെന്നും തകരാർ സംശയിക്കപ്പെടുന്ന വാഹനങ്ങളുടെ ഉടമകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

കോഴിക്കോട്: കെ റെയിൽ പദ്ധതിക്കെതിരെയുള്ള ആശങ്കകൾ പങ്കുവെച്ച് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. സിൽവർ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുൻപ് ജനങ്ങൾക്ക് എല്ലാ വിവരവും ലഭ്യമാക്കണമെന്നാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നത്. കെ റെയിൽ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിനും കത്തിൽ പറയുന്നു.

ഇപ്പോൾ നിർദേശിക്കപ്പെട്ടിരിക്കുന്ന സിൽവർ ലൈൻ എന്ന അർദ്ധ അതിവേഗ റയിൽ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് വിവിധ തരത്തിൽ അപകടമാണ് എന്ന് വികസന മേഖലയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽസ് നിലയിലും ഈ ആശങ്ക പങ്കുവയ്ക്കുന്ന പൗരന്മാർ എന്ന നിലയിലും തങ്ങൾ ആത്മാർഥമായി കരുതുന്നു. ഞങ്ങളെ പ്രധാനമായും ഉത്ക്കണ്ഠപ്പെടുത്തുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കേരള സംസ്ഥാനത്തിന്റെ ദുർബലമായ സാമ്ബത്തിക അവസ്ഥ. രണ്ട് സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ. 2018 ലും 2019 ലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കങ്ങൾ, 2020 മുതൽ തുടരുന്ന കോവിഡ് 19 എന്ന മഹാമാരി എന്നിവ സൃഷ്ടിച്ച അസാധാരണ സാഹചര്യങ്ങൾ ജനതയേയും പ്രകൃതിയെയും സംരക്ഷിക്കുന്നതിൽ നാം ഒരുമിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ സിൽവർ ലൈൻ പോലെയുള്ള ഭീമമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പകരം നമ്മുടെ വികസന പരിഗണനാക്രമങ്ങൾ മാറ്റേണ്ടതുണ്ടെന്ന് തങ്ങൽ കരതുന്നുവെന്നും കത്തിൽ പറയുന്നു.

കൂടുതലായും വിദേശ കടത്തേയും വിദേശ സാങ്കേതിക വിദ്യയേയും ആശ്രയിച്ചു ഏകപക്ഷീയമായി നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഈ പദ്ധതി ജനകീയ ചർച്ചകളില്ലാതെ മുന്നോട്ട് പോകുന്നതിൽ ഞങ്ങൾ തികച്ചും നിരാശരാണ്. നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നത് വരെ സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന് ശാസ്ത്രപരിഷത്ത് ആവശ്യപ്പെടുന്നു. കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ടു റോഡ്, റെയിൽ, വിമാനം, ഉൾനാടൻ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉൾപ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു ഒരു ധവളപത്രം പുറത്തിറക്കണം. ഇതിൽ ഏറ്റവും ചെലവ് കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസ ഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകണം. ഇപ്പോൾ കേരളത്തിലുള്ള റെയിൽവേ സംവിധാനത്തിന് വേഗതയിലും മറ്റു അനുബന്ധ സൗകര്യങ്ങളിലും ഏറെ പരിമിതികൾ ഉണ്ടെങ്കിലും അവയെ പരിഹരിച്ചുകൊണ്ട് ഇപ്പോൾ നിലനിൽക്കുന്ന സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് കൂടുതൽ ചെലവ് കുറവുള്ളതും മറ്റു അനുബന്ധ പ്രശ്‌നങ്ങൾ കുറക്കുന്നതുമായ ബദൽ മാർഗമാണ് എന്ന് ഞങ്ങൾ കരുതുന്നു. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് ഞങ്ങൾ നിർദേശിക്കുന്നു. കേരള അസ്സംബ്ലിയിലും മറ്റു പൊതു ഇടങ്ങളിലും കേരളത്തിന്റെ പൊതു ഗതാഗതത്തിന്റെ പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യണം എന്ന് ഞങ്ങൾ നിർദേശിക്കുന്നു. ധാരാളം ജനാധിപത്യ സംവാദങ്ങൾക്ക് ഇടം നൽകുന്ന കേരള സമൂഹത്തിൽ നിന്ന് ഈ വിഷയത്തിൽ സർഗാത്മകമായ ധാരാളം നിർദേശങ്ങൾ വരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് അറിയിച്ചു.

കോവിഡ് മഹാമാരിയും മറ്റനേകം വികസന ക്ഷേമ പ്രശ്‌നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികൾക്കു മദ്ധ്യേ ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപം വേണ്ട പ്രവർത്തനങ്ങൾ എങ്ങനെയാണ് മുൻഗണനയാവുന്നത് എന്ന് വിശദീകരിക്കാൻ തങ്ങൾ അഭ്യർത്ഥിക്കുന്നു. ഈ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠയും കേരളത്തിന്റെ ഭാവിയെ ഇത്തരം വൻ പദ്ധതികൾ എങ്ങനെ ബാധിക്കും എന്ന പൊതുവായ ഭീതിയും സർക്കാർ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ജനാധിപത്യത്തിൽ അറിയാനുള്ള അവകാശം വളരെ പ്രധാനമാണ് എന്ന് എഞങ്ങൾ പ്രത്യേകം ഓർമപ്പെടുത്തേണ്ടതില്ലല്ലോ. ഭാവി വികസന ചർച്ചകളെയും ഇത് ഏറെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കത്തിന്റെ പൂർണ്ണരൂപം:

മുഖ്യമന്ത്രിക്ക് പ്രമുഖ ശാസ്ത്രജ്ഞരും എഴുത്തുകാരും എഴുതുന്ന ഒരു തുറന്ന കത്ത്.

സിൽവർ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുൻപ് ജനങ്ങൾക്ക് എല്ലാ വിവരവും ലഭ്യമാക്കണം.

ഇപ്പോൾ നിർദേശിക്കപ്പെട്ടിരിക്കുന്ന സിൽവർ ലൈൻ എന്ന അർദ്ധ അതിവേഗ റയിൽ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് വിവിധ തരത്തിൽ അപകടമാണ് എന്ന് വികസന മേഖലയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽസ് നിലയിലും ഈ ആശങ്ക പങ്കുവയ്ക്കുന്ന പൗരന്മാർ എന്ന നിലയിലും ഞങ്ങൾ ആത്മാർഥമായി കരുതുന്നു.

ഞങ്ങളെ പ്രധാനമായും ഉത്ക്കണ്ഠപ്പെടുത്തുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് കേരള സംസ്ഥാനത്തിന്റെ ദുർബലമായ സാമ്ബത്തിക അവസ്ഥ. രണ്ട് സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറി വരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ.

2018 ലും 2019 ലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കങ്ങൾ, 2020 മുതൽ തുടരുന്ന കോവിഡ് 19 എന്ന മഹാമാരി എന്നിവ സൃഷ്ടിച്ച അസാധാരണ സാഹചര്യങ്ങൾ ജനതയേയും പ്രകൃതിയെയും സംരക്ഷിക്കുന്നതിൽ നാം ഒരുമിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടു തന്നെ സിൽവർ ലൈൻ പോലെയുള്ള ഭീമമായ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പകരം നമ്മുടെ വികസന പരിഗണനാക്രമങ്ങൾ മാറ്റേണ്ടതുണ്ട് എന്ന് ഞങ്ങൾ കരുതുന്നു.

കൂടുതലായും വിദേശ കടത്തേയും വിദേശ സാങ്കേതിക വിദ്യയേയും ആശ്രയിച്ചു ഏകപക്ഷീയമായി നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഈ പദ്ധതി ജനകീയ ചർച്ചകളില്ലാതെ മുന്നോട്ട് പോകുന്നതിൽ ഞങ്ങൾ തികച്ചും നിരാശരാണ്.

അതുകൊണ്ടുതന്നെ ജനകീയ ജനാധിപത്യത്തിന്റെ സ്പിരിറ്റ് ഉൾക്കൊണ്ടുകൊണ്ട് ഇനിപ്പറയുന്ന നിർദേശങ്ങൾ നടപ്പാക്കണം എന്ന് ഞങ്ങൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു:

  1. നവകേരളത്തിന്റെ വികസന പരിപ്രേക്ഷ്യം കൃത്യമായി അവതരിപ്പിക്കുന്നത് വരെ സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണം
  2. കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ടു റോഡ്, റെയിൽ, വിമാനം, ഉൾനാടൻ ജലഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉൾപ്പെടുത്തി സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു ഒരു ധവളപത്രം പുറത്തിറക്കണം. ഇതിൽ ഏറ്റവും ചെലവ് കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വാസ ഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകണം
  3. ഇപ്പോൾ കേരളത്തിലുള്ള റെയിൽവേ സംവിധാനത്തിന് വേഗതയിലും മറ്റു അനുബന്ധ സൗകര്യങ്ങളിലും ഏറെ പരിമിതികൾ ഉണ്ടെങ്കിലും അവയെ പരിഹരിച്ചുകൊണ്ട് ഇപ്പോൾ നിലനിൽക്കുന്ന സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് കൂടുതൽ ചെലവ് കുറവുള്ളതും മറ്റു അനുബന്ധ പ്രശ്‌നങ്ങൾ കുറക്കുന്നതുമായ ബദൽ മാർഗമാണ് എന്ന് ഞങ്ങൾ കരുതുന്നു. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്ന് ഞങ്ങൾ നിർദേശിക്കുന്നു.
  4. കേരള അസ്സംബ്ലിയിലും മറ്റു പൊതു ഇടങ്ങളിലും കേരളത്തിന്റെ പൊതു ഗതാഗതത്തിന്റെ പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യണം എന്ന് ഞങ്ങൾ നിർദേശിക്കുന്നു. ധാരാളം ജനാധിപത്യ സംവാദങ്ങൾക്ക് ഇടം നൽകുന്ന കേരള സമൂഹത്തിൽ നിന്ന് ഈ വിഷയത്തിൽ സർഗാത്മകമായ ധാരാളം നിർദേശങ്ങൾ വരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
  5. കോവിഡ് മഹാമാരിയും മറ്റനേകം വികസന ക്ഷേമ പ്രശ്‌നങ്ങളും സൃഷ്ടിച്ച പ്രതിസന്ധികൾക്കു മദ്ധ്യേ ഇത്തരത്തിലുള്ള ഭീമമായ നിക്ഷേപം വേണ്ട പ്രവർത്തനങ്ങൾ എങ്ങനെയാണ് മുൻഗണനയാവുന്നത് എന്ന് വിശദീകരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഈ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠയും കേരളത്തിന്റെ ഭാവിയെ ഇത്തരം വൻ പദ്ധതികൾ എങ്ങനെ ബാധിക്കും എന്ന പൊതുവായ ഭീതിയും സർക്കാർ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ജനാധിപത്യത്തിൽ അറിയാനുള്ള അവകാശം വളരെ പ്രധാനമാണ് എന്ന് എഞങ്ങൾ പ്രത്യേകം ഓർമപ്പെടുത്തേണ്ടതില്ലല്ലോ. ഭാവി വികസന ചർച്ചകളെയും ഇത് ഏറെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ, സാമൂഹിക പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണുന്ന എഴുത്തുകാർ, പൗരർ എന്നീ നിലകളിൽ നീതിപൂർവകവും സുസ്ഥിരവും പരിസ്ഥിതി സഹൃദപരവും പങ്കാളിത്തപരവുമായ വികസനത്തിൽ സാമൂഹികമായ അഭിപ്രായ സമന്വയത്തിന്റെ പ്രാധാന്യം ഞങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടുകയാണ്.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ സന്ദർഭത്തിനൊത്തു ഉയരും എന്ന് ഞങ്ങൾ കരുതുന്നു

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തിരുവനന്തപുരം ജില്ല. പൊന്മുടി, അഗസ്ത്യാർകൂടം വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിലവിലുള്ള എല്ലാ ബുക്കിംഗും റദ്ദാക്കി. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ ജില്ലകളിൽ ഏറ്റവും ഉയർന്ന കോവിഡ് വ്യാപനതോത് തിരുവനന്തപുരം ജില്ലയിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി. തിങ്കളാഴ്ച്ച മുതൽ ഓൺലൈൻ വഴിയുള്ള ബുക്കിങ് ആരംഭിക്കുമെന്നും എന്നാൽ പ്രതിദിനം 50 പേർക്ക് മാത്രമായിരിക്കും ഓൺലൈൻ ബുക്കിംഗിലൂടെ പ്രവേശനം അനുവദിക്കുകയെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. തിരുവനന്തപുരത്ത് ഞായറാഴ്ച്ച 3917 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്ത് ഞായറാഴ്ച്ച 18,123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നു. ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഞായറാഴ്ച്ച രേഖപ്പെടുത്തിയത്. 30.55 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 59,314 സാംപിളുകളാണ് സംസ്ഥാനത്ത് ഞായറാഴ്ച്ച പരിശോധയ്ക്ക് വിധേയമാക്കിയത്. 18,123 പേർക്കാണ് ഞായറാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തും തിരുവനന്തപുരത്തും സ്ഥിതി രൂക്ഷമായി തുടരുകയാണ്.

കഴിഞ്ഞ വർഷം മെയ് 12 നാണ് സംസ്ഥാനത്ത് ഇതിന് മുൻപ് ഏറ്റവും ഉയർന്ന ടിപിആർ നിരക്ക് രേഖപ്പെടുത്തിയത്. 29.75 ആയിരുന്നു അന്നത്തെ ടിപിആർ നിരക്ക്. 1,46,320 സാംപിളുകളാണ് അന്ന് പരിശോധിച്ചത്. ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തതും അന്നേദിവസം തന്നെയാണ്. 43,529 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,13,251 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4419 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 1,03,864 കോവിഡ് കേസുകളിൽ, 4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 8 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഞായറാഴ്ച്ച സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 150 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,832 ആയി. ഞായറാഴ്ച്ച രോഗം സ്ഥിരീകരിച്ചവരിൽ 113 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,627 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 234 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 149 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് പാർട്ടി ജില്ലാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോവിഡ് മാനദണ്ഡം പാലിച്ചാണ് സമ്മേളനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനം ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്മേളനങ്ങൾ വൈകിയാൽ അത് പാർട്ടിയുടെ ജനാധിപത്യ നടത്തിപ്പിനെ ബാധിക്കും. അതുകൊണ്ടാണ് നീട്ടിക്കൊണ്ട് പോകാതിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഹാളുകളിൽ 300 പേരെ അനുവദിച്ചിട്ടുണ്ട്. അതിനാലാണ് സമ്മേളനം നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് പാർട്ടി സമ്മേളനം നടത്തിയതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സമ്മേളന പ്രതിനിധികൾക്ക് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു.

കോൺഗ്രസിനെതിരെയും കോടിയേരി വിമർശനം ഉന്നയിച്ചിരുന്നു. ന്യൂനപക്ഷത്ത് നിന്നുള്ള ഒരു നേതാവ് കോൺഗ്രസിന്റെ നേതൃനിരയിൽ ഇല്ല. കോൺഗ്രസിന്റെ കാലത്ത് നടക്കില്ലെന്ന് പറഞ്ഞ് പിൻമാറിയ പല പദ്ധതികളും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കാനായെന്നും കോടിയേരി വ്യക്തമാക്കി.

കൊച്ചി: പീഡനക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് മറ്റ് ചുമതലകൾ നൽകരുതെന്ന ആവശ്യവുമായി സേവ് അവർ സിസ്റ്റേഴ്സ് ഫോറം(എസ്ഒഎസ്) കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോലി. കുറ്റവിമുക്തനായതോടെ സഭാ ചുമതലകളിലേക്ക് ഫ്രാങ്കോ മുളയ്ക്കൽ തിരികെവരാൻ ശ്രമം നടത്തുന്നതായുളള വിവരങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേസ് പൂർണമായും അവസാനിക്കും വരെ കുറവിലങ്ങാട് മഠത്തിൽ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ അപ്പീലിന് പോകും. ഹൈക്കോടതി തളളിയാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കന്യാസ്ത്രീകൾക്ക് മഠത്തിൽ കഴിയാനായത് വിക്ടിം പ്രൊട്ടക്ഷൻ ആക്ടിന്റെ ബലമുളളതുകൊണ്ടാണ്. കേസിൽ വിധി പറഞ്ഞെന്ന് കരുതി അവരെ ഇനി സ്ഥലംമാറ്റുന്നതുൾപ്പടെ നടപടികളുണ്ടാകരുതെന്ന് ഫാദർ അഗസ്റ്റിൻ വട്ടോലി ആവശ്യപ്പെട്ടു. കർദ്ദിനാളിന്റെ മൊഴിയെക്കുറിച്ച് അദ്ദേഹം സ്വന്തം മാനസാക്ഷിയോട് ചോദിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലാ ബിഷപ്പിനെ കുറവിലങ്ങാട് പളളിയിൽ വച്ച് കണ്ട കന്യാസ്ത്രീകൾ വിഷയം അദ്ദേഹത്തോട് പറഞ്ഞു. വിഷയം കർദ്ദിനാളിനോട് പറയാൻ അദ്ദേഹം പറഞ്ഞതിനെ തുടർന്ന് ഒരു മണിക്കൂർ അടച്ചിട്ട മുറിയിൽ സംസാരിച്ചുവെന്നും ഇത് മഠത്തിലെ പൂപ്പൽ കഴുകിക്കളയാനോ, ട്യൂബ് ലൈറ്റ് മാറ്റാനോ ടാപ്പ് മാറ്റാനോ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.