കൊച്ചി: ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് നടപടി. ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ ആലുവയിലുള്ള തോട്ടുമുഖത്തെ വീട്ടിലാണ് റെയ്ഡ് നടന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ശരത്തിന്റെ പേരും പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, കേസിൽ അഞ്ച് സാക്ഷികളെ പുതുതായി വിസ്തരിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നൽകി. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് സാക്ഷി വിസ്താരം പൂർത്തിയാക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്. സിനിമ നിർമ്മാതാവ് ആൻറോ ജോസഫ് ഉൾപ്പെടെ ഇതിനകം വിസ്തരിച്ച ഏഴു സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും ഒമ്പത് അധിക സാക്ഷികളെക്കൂടി വിസ്തരിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. നിലീഷ, കണ്ണദാസൻ, സുരേഷ്, ഉഷ , കൃഷ്ണമൂർത്തി എന്നി അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനാണ് കോടതി അനുമതി നൽകിയത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് മാദ്ധ്യമങ്ങൾക്കു നിർദേശം നൽകണമെന്നാണ് ദിലീപിന്റെ ആവശ്യം. മാദ്ധ്യമങ്ങൾ രഹസ്യ വിചാരണയ്ക്കുള്ള നിർദേശങ്ങൾ പിന്തുടരുന്നില്ലെന്നാണ് ദിലീപ് പറയുന്നത്. മറ്റു കോടതികളിലെ വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചു.

