തിരുവനന്തപുരത്ത് പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

തിരുവനന്തപുരം: ആര്യന്‍കോട് പോലീസ് സ്റ്റേഷനുള്ളിലേക്ക് ബൈക്കിലെത്തിയ സംഘം പെട്രോള്‍ നിറച്ച ബിയര്‍ കുപ്പി കത്തിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടൊയാണ് സംഭവം. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടിത്തെറിക്കുകയായിരുന്നു. ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രതികള്‍ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അത് തീപിടിച്ചിട്ടില്ല.

ആക്രമണത്തിന് പിന്നാലെ പോലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്തുനിന്ന് പ്രതികള്‍ കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും ഇവരുടെ ചെരുപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും, എന്നാല്‍, ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.