മർകസ് നോളജ് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്. താമരശ്ശേരിയിലാണ് സംഭവം. പരിക്കേറ്റവരിൽ അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് വിവരം. കാന്തപുരം എം പി അബൂബക്കർ മുസ്ലിയാറുടെ ഉടമസ്ഥതയിലുള്ള മർകസ് നോളജ് സിറ്റിയിലെ നിർമ്മാണ പ്രവർത്തിനിടെയാണ് അപകടം സംഭവിച്ചത്.

സ്വകാര്യ സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണത്തിനിടയിലാണ് അപകടമുണ്ടായത്. ഇതിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റ് നടക്കുകയായിരുന്നു. തൂൺ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തിന്റെ തകർന്നുവീണ ഭാഗങ്ങൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. നിർമ്മാണ തൊഴിലാളികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

അതേസമയം ഇവിടെ നിർമ്മാണങ്ങൾ നിയമാനുശ്രുതാമാണോ എന്നകാര്യം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും കെട്ടിടത്തിന്റെ നിർമാണം അനുമതിയോടെ തന്നെയാണെന്നും മർകസ് നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം അറിയിച്ചു.