യുക്രെയ്‌നിലെ കംപ്യൂട്ടർ നെറ്റ്‌വർക്കുകളിൽ മാൽവെയറുകൾ വ്യാപിക്കുന്നു; പിന്നിൽ റഷ്യയെന്ന് സംശയം

ഹൂസ്റ്റൻ: യുക്രെയ്‌നിലെ സർക്കാർ, സ്വകാര്യ കംപ്യൂട്ടർ നെറ്റ്‌വർക്കുകളിൽ വിനാശകരമായ മാൽവെയറുകൾ വ്യാപിക്കുന്നുവെന്ന് കണ്ടെത്തി മൈക്രോസോഫ്റ്റ്. കൂടുതൽ സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മൈക്രോസോഫ്റ്റ് നൽകുന്ന മുന്നറിയിപ്പ്. യുക്രെയ്‌നിലെ സർക്കാർ ഏജൻസികളുടെ വെബ്‌സൈറ്റുകളിൽ മാൽവെയർ വ്യാപിക്കുന്നതായി മൈക്രോസോഫ്റ്റിന്റെ ആഗോള നെറ്റ്‌വർക്കുകൾ നിരീക്ഷിക്കുന്ന അന്വേഷകരാണ് കണ്ടെത്തിയത്.

റഷ്യയാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. യുക്രെയ്‌നിയൻ അതിർത്തിയിൽ റഷ്യൻ സൈന്യത്തെ വിന്യസിച്ചിരുന്നു. തുടർന്ന് അമേരിക്കയും നാറ്റോയും തമ്മിൽ കൂടുക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. റഷ്യൻ നയതന്ത്രജ്ഞർ ചർച്ചകൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച സമയത്താണ് മാൽവെയറുകൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. സൈബർ ആക്രമണത്തിനു പിന്നിലുള്ള സംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. തങ്ങളുടെ അന്വേഷകർ മുമ്പ് കണ്ടിട്ടുള്ള ഒരു ആക്രമണകാരിയാണിതെന്ന് തോന്നുന്നില്ലെന്നും അധികൃതർ പറയുന്നു. എല്ലാ കംപ്യൂട്ടർ പ്രവർത്തനങ്ങളും ഡാറ്റയും മരവിപ്പിക്കുകയും പകരം പണം ആവശ്യപ്പെടുകയും ചെയ്യുന്ന മാൽവെയറുകളാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പണം സ്വീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും കാണുന്നതുമില്ല. ഇതാണ് പണം സ്വരൂപിക്കുകയല്ല. പരമാവധി നാശനഷ്ടം വരുത്തുകയാണ് ലക്ഷ്യമെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ കാരണമായത്.

അതേസമയം റഷ്യ അതിർത്തിയിൽ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഉക്രെയിൻ അതിർത്തിയിൽ റഷ്യ സൈന്യവിന്യാസം നടത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് റഷ്യയുടെ പുതിയ നീക്കം. സ്വന്തം സൈന്യത്തിനെതിരായി തന്നെ റഷ്യ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന് നേരത്തെ അമേരിക്കൻ രഹസ്യാന്വേഷണ കേന്ദ്രങ്ങൾ അറിയിച്ചിരുന്നു. ഉക്രെയിൻ ആക്രമിക്കുന്നതിനുള്ള ഒരു കാരണം കണ്ടെത്താനായാണ് റഷ്യ ഇത്തരമൊരു വ്യാജ ഏറ്റുമുട്ടൽ നടത്തുന്നതെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. ഉക്രെയിനിനെ ഒരു ആക്രമണകാരിയായി ചിത്രീകരിക്കാൻ ലക്ഷ്യം വെച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ റഷ്യ വ്യാജപ്രചാരണവും നടത്തുന്നുണ്ട്.