General (Page 1,251)

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഐപിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. സാധാരണ കുടുംബത്തിൽ ജനിച്ച ശരത്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് കോടീശ്വരനായത്. ഊട്ടിയിൽ സ്വന്തമായി റിസോർട്ടും 25 ഓളം ടൂറിസ്റ്റ് ബസുകളും ഇയാൾക്കുണ്ട്. ആലുവയിൽ ഇയാൾ ഒരു ഹോട്ടലും നടത്തുന്നുണ്ട്. വാടക കെട്ടിടത്തിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്.

22 വർഷങ്ങൾക്ക് മുൻപാണ് ശരത്തും കുടുംബവും ആലുവയിലേക്കെത്തുന്നത്. ആദ്യം വാടക വീട്ടിലായിരുന്നു ശരത്തിന്റെ താമസം. ഇപ്പോൾ സൂര്യ എന്ന പേരിലുള്ള വലിയ മാളികയിലാണ് ശരത്ത് താമസിക്കുന്നത്. ആലുവയിലുള്ള സൂര്യഹോട്ടലാണ് ശര്തതിന്റെ ഉടമസ്ഥതയിലുള്ളത്. പത്ത് വർഷങ്ങൾക്ക് മുൻപ് ആലുവ പുളഞ്ചോടിൽ സൂര്യ ഹോട്ടൽ ഉദ്ഘാടനം നിർവ്വഹിച്ചത് ദിലീപായിരുന്നു.

ദിലീപിന്റെ സഹപാഠി വഴിയാണ് ശരത് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പിന്നീട് ദിലീപുമായി ശരത്തിന് വളരെ അടുത്ത ബന്ധമായി. നിരവധി പ്രമുഖരുമായും ശരത്തിന് ബന്ധമുണ്ടെന്നാണ് വിവരം.

ന്യൂഡൽഹി: സാങ്കേതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള ധനസഹായം സംസ്ഥാനങ്ങൾ തള്ളരുതെന്ന് നിർദ്ദേശിച്ച് സുപ്രീം കോടതി. മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കണ്ടെത്തി വേണ്ട സഹായം നൽകണമെന്നാണ് കോടതി സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം കിട്ടാനുള്ള അവകാശമുണ്ട്. കുട്ടികൾക്ക് സഹായം നൽകുമ്പോൾ അത് ബന്ധുക്കളുടെ പേരിൽ കൊടുക്കാതെ കുട്ടികളുടെ പേരിൽ വേണം നൽകാനെന്ന് കോടതി അറിയിച്ചു. കോവിഡ് ധനസഹായത്തിന് ഇനിയും അപേക്ഷിക്കാത്തവരുണ്ടെങ്കിൽ ജനങ്ങളെ ബോധവത്ക്കരിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന് ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയോട് സുപ്രീംകോടതി ചോദിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിൽ ലഭിച്ച അപേക്ഷയിൽ മൂന്നിലൊന്ന് പേർക്ക് മാത്രമാണ് സഹായം നൽകിയിരിക്കുന്നത്. അയ്യായിരത്തോളം അപേക്ഷകൾ സാങ്കേതിക കാരണങ്ങൾ കൊണ്ട് റദ്ദായി പോയെന്നാണ് ആന്ധ്രാപ്രദേശ് കോടതിയെ അറിയിച്ചത്. തുടർന്നാണ് ചെറിയ കാര്യങ്ങൾ പറഞ്ഞ് കൊവിഡ് ധനസഹായത്തിനുള്ള അപേക്ഷകൾ തള്ളരുതെന്ന നിർദ്ദേശം കോടതി തള്ളിയത്. അതേസമയം കോവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട കേസ് കേൾക്കുന്നത് ഫെബ്രുവരി നാലാം തീയതിയിലേക്ക് മാറ്റി.

തൃശൂർ: ഉറക്കമൊഴിഞ്ഞ് ജോലി ചെയ്യുമ്പോൾ ‘ഉഷാർ’ ആകാൻ വേണ്ടിയാണ് ആദ്യം ലഹരി ഉപയോഗിച്ച് തുടങ്ങിയതെന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ അക്വിൽ മുഹമ്മദ് ഹുസൈൻ. തന്ത്രപരമായാണ് അക്വിലിനെ പോലീസ് കുടുക്കിയത്. ഡോക്ടർമാരുടെ ലഹരി ഉപയോഗത്തെ കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർ ആദിത്യയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ആരംഭിച്ച അന്വേഷണത്തിലാണ് അക്വിലിനെ പിടികൂടിയത്.

മെഡിക്കൽ കോളേജിലും പരിസരത്തും ഷാഡോ പൊലീസ് രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നു. ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നത് എപ്പോഴാണ് എത്തിക്കുന്നത് ആരാണ് എത്തിക്കുന്നത് തുടങ്ങിയവ കണ്ടെത്താൻ വേണ്ടിയായിരുന്നു പോലീസിന്റെ നിരീക്ഷണം. അര ഗ്രാം വരുന്ന ഒരു ഡോസ് എംഡിഎംഎ 3000 രൂപയ്ക്ക് സഹപാഠികൾക്ക് വിൽക്കാറുണ്ടെന്നും തന്റെ മുറിയിൽ വന്നാണ് ഇവർ ലഹരി ഉപയോഗിക്കുന്നതെന്നും അക്വിൽ പോലീസിനോട് വെളിപ്പെടുത്തി. എംഡിഎംഎ ബംഗളൂരുവിൽ നിന്നും ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തു നിന്നുമാണ് കൊണ്ടുവന്നതെന്നും മൂന്ന് വർഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്നും അക്വിൽ പോലീസിനോട് പറഞ്ഞു.

അതേസമയം അക്വിലിന്റെ ഫോണിലേക്ക് ലഹരിമരുന്നിനായി നിരവധി പേർ വിളിച്ചിട്ടുണ്ട്. ഇവരുടെ നമ്പർ പൊലീസ് ശേഖരിക്കുകയും ചെയ്തു.

ദുബായ്: യുഎഇയ്ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഇസ്രായേൽ. അബുദാബിയിലെ ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. യുഎഇക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഇന്റലിജൻസ് സഹായവും ലഭ്യമാക്കാൻ തങ്ങൾ ഒരുക്കമാണെന്ന് ഇസ്രായേൽ അറിയിച്ചു. ഭാവിയിൽ ഇത്തരം ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കാമെന്നാണ് ഇസ്രായേൽ പറയുന്നത്. അബുദാബിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഭീകരാക്രമണം എന്നാണ് ഇസ്രായേൽ പ്രധാനന്ത്രി നാഫ്തലി ബെനെറ്റ് പറഞ്ഞത്. ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു.

ആക്രമണത്തെ അപലപിച്ചും കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും ഇസ്രായേൽ പ്രധാന മന്ത്രി നാഫ്തലി ബെന്നെറ്റ്, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് കത്തയിച്ചിരുന്നു. രാജ്യത്തിലെ പൗരൻമാരെ ഇത്തരം ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള സുരക്ഷാ, ഇന്റലിജൻസ് സഹായങ്ങൾ നൽകാൻ തങ്ങൾ ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. യുഎഇക്ക് താൽപര്യമുണ്ടെങ്കിൽ ഇതുമായി ബന്ധപ്പെട്ട എന്തു സഹായവും നൽകാൻ തന്റെ സൈനിക ഏജൻസികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.

തിങ്കളാഴ്ച്ചയാണ് അബുദാബിയിലെ മൂന്ന് ടാങ്കർ ട്രക്കുകൾക്ക് നേരെ ഹൂതി ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ടു ഇന്ത്യക്കാരുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി ഡ്രോൺ വിമാനങ്ങളും അഞ്ച് ബീലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഹൂതികൾ വ്യക്തമാക്കിയത്. ആക്രമണത്തെ ലോക രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗവ്യാപനം തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമാക്കി മുരളി തുമ്മാരുക്കുടി. മറ്റുള്ളവർ നിയന്ത്രിച്ചാലും ഇല്ലെങ്കിലും അടുത്ത ഒരു മാസക്കാലം നമ്മൾ വ്യക്തിപരമായി പരമാവധി സമ്പർക്കം കുറക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിർദ്ദേശങ്ങൾ പങ്കുവെച്ചത്.

യാത്രകൾ അത്യാവശ്യത്തിന് മാത്രമാക്കുക. തീയേറ്റർ പോലുള്ള അടച്ചു പൂട്ടിയതും എ. സി. ഉള്ളതുമായ സാഹചര്യങ്ങളിൽ സമയം ചിലവഴിക്കാതിരിക്കുക. വിദേശ യാത്ര ചെയ്യുന്നവർ അതിർത്തികൾ അടച്ചിടാനുള്ള സാധ്യത ഉണ്ടെന്ന് മനസ്സിൽ കാണണമെന്നും അദ്ദേഹം അറിയിച്ചു. തങ്ങളുടെ വീട്ടിൽ പ്രായമായവർ, മറ്റു രോഗങ്ങൾ ഉള്ളവരുണ്ടെങ്കിൽ അവരെ പരമാവധി സംരക്ഷിക്കാൻ ശ്രമിക്കുക. അങ്ങനെയുള്ളവരുള്ള വീടുകളിൽ പോകുന്നത് ഒരു മാസത്തേക്കെങ്കിലും ഒഴിവാക്കുക. മാസ്‌ക്, ഹാൻഡ് വാഷ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എല്ലാം കർശനമായി പാലിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നമുക്ക് ചുറ്റുമുള്ള ആരെങ്കിലും വാക്‌സിൻ എടുക്കാത്തവർ ഉണ്ടെങ്കിൽ അവരെ അതിന് പ്രേരിപ്പിക്കുക. വാക്‌സിൻ എടുക്കാത്തവർക്ക് രോഗം വന്നാൽ മരിക്കാനുള്ള സാധ്യത വാക്‌സിൻ എടുത്തവരെക്കാൾ പതിനഞ്ചു മടങ്ങ് വരെ കൂടുതലാണ്. നമ്മുടെ കയ്യിൽ ഇപ്പോൾ ഉള്ള ഏറ്റവും ശക്തമായ പ്രതിരോധം വാക്‌സിൻ തന്നെയാണ്. ഒരു ഡോസ് എടുത്തവർ രണ്ടാമത്തേതും, രണ്ടും ലഭിച്ചവർ ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റർ ഡോസും എടുക്കുക. ഒപ്പം വാക്‌സിൻ എടുത്തത് കൊണ്ട്, ബൂസ്റ്റർ ഉണ്ടെങ്കിൽ പോലും, രോഗം വരില്ല എന്ന വിശ്വാസം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കൊറോണയുടെ തിരിച്ചുവരവ്

രണ്ടായിരത്തി ഇരുപത് മാർച്ച് മുതൽ കോവിഡിനെപ്പറ്റി എഴുതുന്നു.

സ്ഥിരമായി നാട്ടുകാരെ പേടിപ്പിക്കാൻ ‘പുലി വരുന്നേ’ എന്ന് പറഞ്ഞുകൊണ്ടിരുന്ന പയ്യനെ അവസാനം ആളുകൾ വിശ്വസിക്കാതെയായി എന്നൊരു കഥയുണ്ട്. പക്ഷെ കഥയുടെ അവസാനം പുലി വന്നു, ആ ഭാഗം പക്ഷെ ആരും ശ്രദ്ധിക്കാറില്ല.

കോവിഡിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെ ഒക്കെയാണ്.രണ്ടായിരത്തി ഇരുപത് മാർച്ചിൽ കോവിഡ് മറ്റു രാജ്യങ്ങളിൽ സംഹാരതാണ്ഡവം ആടിയപ്പോൾ നമ്മൾ അതിവേഗത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു, കേസുകളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ നിർത്തി. മറ്റു പല രാജ്യങ്ങളിലെ പോലെ ആദ്യത്തെ തരംഗത്തിൽ മരണം ഏറെ ഉണ്ടാകാത്തത് കൊണ്ട് നമുക്ക് പ്രത്യേക ഇമ്മ്യൂണിറ്റി ഉണ്ടെന്നെല്ലാം ആളുകൾ വിശ്വസിച്ചു. രണ്ടാം തരംഗം മറ്റിടങ്ങളിൽ വന്നപ്പോൾ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല, ആശുപത്രി കിടക്കകൾ കിട്ടാതായി, ഓക്‌സിജന് വരെ ക്ഷാമം ഉണ്ടായി, ഒഴിവാക്കാവുന്ന മരണങ്ങൾ ഉണ്ടായി.

മൂന്നാം തരംഗം യൂറോപ്പിൽ എത്തിയിട്ട് രണ്ടു മാസമായി. മറ്റിടങ്ങളെക്കാൾ കുറച്ചു വൈകിയാണ് ഇന്ത്യയിൽ മറ്റു തരംഗങ്ങൾ എത്തിയത്, അതുകൊണ്ട് തന്നെ ഇവിടേയും ഒരു തരംഗം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. മൂന്നാഴ്ചയായി ഇന്ത്യയിൽ കൊറോണ കേസുകൾ അതി വേഗത്തിൽ കൂടുകയാണ്. ഇപ്പോൾ കേരളത്തിലും.

ഈ തരംഗത്തിൽ കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ തരംഗത്തിലെ പരമാവധിയായ നാല്പത്തിനായിരങ്ങൾക്ക് അപ്പുറം പോകുമെന്ന് ഇപ്പോൾ ഉറപ്പായിട്ടുണ്ട്. കേസുകളുടെ എണ്ണം പ്രതിദിനം ലക്ഷം കഴിയുമോ എന്നതാണ് നോക്കേണ്ടത്. കോവിടിന്റെ ഈ തരംഗത്തിൽ അനവധി ഇടങ്ങളിൽ കഴിഞ്ഞ തരംഗത്തിലും പലമടങ്ങ് ഉയരത്തിൽ എത്തി. അത് കൊണ്ട് തന്നെ പ്രതിദിനം ഒരു ലക്ഷം എന്നത് സാധ്യമായ ഒന്നാണ്.

കോവിഡ് കേസുകൾക്കപ്പുറം പ്രധാനമായത് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണമാണ്. വാക്‌സിനേഷൻ വന്നത് കൊണ്ട് പ്രധാനമായി ഇത്തവണ രോഗം വരുന്നവരിൽ ആശുപത്രിയിൽ എത്തുന്നവർ ഏറെ കുറവാണ്. അതിൽ തന്നെ വാക്‌സിൻ എടുക്കാത്തവർക്കാണ് പ്രധാനമായും രോഗം കൂടുന്നതും മരണങ്ങൾ സംഭവിക്കുന്നതും. കേരളത്തിൽ വാക്‌സിനേഷൻ നിരക്ക് വളരെ കൂടുതലാണ്, അതുകൊണ്ട് തന്നെ ഈ തവണയും നമ്മുടെ ആശുപത്രി സംവിധാനങ്ങളുടെ (എഫ് എൽ ടി സി ഒക്കെ ഉൾപ്പടെ) പരിധിക്കകത്ത് കേസുകൾ കൈകാര്യം ചെയ്യാൻ നമുക്ക് സാധിക്കും. പക്ഷെ നമ്മൾ എല്ലാവരും ഒന്ന് സഹകരിക്കണം.
ആളുകൾ സാന്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ലോക്ക് ഡൌൺ പോലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്. ഒമ്പതാം ക്ളാസ്സ് വരെയുള്ള സ്‌കൂൾ അടച്ചു ഓൺലൈൻ ആക്കിയിട്ടുണ്ട്. ഒട്ടും സുഖകരമായ തീരുമാനമല്ല, പക്ഷെ കേസുകളുടെ എണ്ണം പരിധി കടക്കാതിരിക്കാൻ ഇനിയും നിയന്ത്രണങ്ങൾ വേണ്ടി വരും.

മറ്റു നാടുകളിലെ രീതി അനുസരിച്ചാണെങ്കിൽ ഒരു മാസത്തിനകം കേസുകളുടെ എണ്ണം വീണ്ടും താഴേക്ക് വരും. കേരളം പോലെ ശക്തമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന സ്ഥലങ്ങളിൽ വീണ്ടും ‘ഫ്‌ളാറ്റനിങ്ങ് ദി കർവ്വ്’ എഫ്ഫക്റ്റ് ഉണ്ടാകും, അതായത് മറ്റു സ്ഥലങ്ങളെക്കാൾ കുറച്ചു കൂടി സമയം വേണ്ടി വരും ഇവിടെ കേസുകൾ വീണ്ടും ആയിരത്തിന്റെ താഴെ പോകാൻ. പക്ഷെ കേസുകളുടെ ഏഴു ദിവസത്തെ ശരാശരി താഴേക്ക് വരാൻ തുടങ്ങുമ്പോൾ തന്നെ നിയന്ത്രണങ്ങളിൽ അയവു വരുത്തി ആളുകൾക്ക് അല്പം ആശ്വാസം നൽകണം. ഏറ്റവും വേഗത്തിൽ സ്‌കൂളുകൾ തുറക്കണം, അത് വിദ്യാഭ്യാസത്തിന്റെ മാത്രം കാര്യമല്ല, വിദ്യാർത്ഥികളുടെ മാനസിക വളർച്ചയുടേയും ആരോഗ്യത്തിന്റെയും കാര്യമാണ്.

ഇതൊക്കെ സർക്കാർ ചിന്തിക്കുന്ന കാലത്ത് നമുക്ക് വ്യക്തിപരമായി ചെയ്യാവുന്ന ചിലതുണ്ട്.

  1. നമുക്ക് ചുറ്റുമുള്ള ആരെങ്കിലും വാക്‌സിൻ എടുക്കാത്തവർ ഉണ്ടെങ്കിൽ അവരെ അതിന് പ്രേരിപ്പിക്കുക. വാക്‌സിൻ എടുക്കാത്തവർക്ക് രോഗം വന്നാൽ മരിക്കാനുള്ള സാധ്യത വാക്‌സിൻ എടുത്തവരെക്കാൾ പതിനഞ്ചു മടങ്ങ് വരെ കൂടുതലാണ്. നമ്മുടെ കയ്യിൽ ഇപ്പോൾ ഉള്ള ഏറ്റവും ശക്തമായ പ്രതിരോധം വാക്‌സിൻ തന്നെയാണ്.
  2. ഒരു ഡോസ് എടുത്തവർ രണ്ടാമത്തേതും, രണ്ടും ലഭിച്ചവർ ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റർ ഡോസും എടുക്കുക.
  3. ഒപ്പം വാക്‌സിൻ എടുത്തത് കൊണ്ട്, ബൂസ്റ്റർ ഉണ്ടെങ്കിൽ പോലും, രോഗം വരില്ല എന്ന വിശ്വാസം ഒഴിവാക്കുക.
  4. നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് ഈ വർഷത്തേക്ക് പുതുക്കി കയ്യിൽ വക്കുക. ആവശ്യം വന്നാൽ സാന്പത്തിക പരാധീനതയിൽ പെടരുതല്ലോ.
  5. മാസ്‌ക്ക്, ഹാൻഡ് വാഷ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എല്ലാം കർശനമായി പാലിക്കാൻ ശ്രദ്ധിക്കുക.

6 . കല്യാണങ്ങൾ ഒക്കെ വീണ്ടും ആയിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്, സർക്കാർ നിർദ്ദേശം എഴുപത്തി അഞ്ചും നൂറ്റന്പതും ഒക്കെ ആണെങ്കിലും. ഇക്കാര്യങ്ങളിൽ പരമാവധി കരുതൽ എടുക്കുക. പറ്റിയാൽ രണ്ടു മാസത്തേക്ക് മാറ്റി വക്കുക.

7 . ഉത്സവങ്ങളും, പെരുന്നാളുകളും, പാർട്ടി സമ്മേളനങ്ങളും, വോളിബോൾ മാച്ചുകളും ആയിരക്കണക്കിന് ആളുകളെ ചേർത്ത് യാതൊരു സാമൂഹിക അകലവും ഇല്ലാതെ നടത്തുന്നത് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. നിയമം പാലിച്ചും പാലിപ്പിച്ചും നാട്ടുകാരും പോലീസും മടുത്തു എന്ന് തോന്നുന്നു. ചുരുങ്ങിയത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഒരല്പം ബ്രേക്ക് ഇടുന്നത് നല്ലതാണ്.

  1. മറ്റുള്ളവർ നിയന്ത്രിച്ചാലും ഇല്ലെങ്കിലും അടുത്ത ഒരു മാസക്കാലം നമ്മൾ വ്യക്തിപരമായി പരമാവധി സന്പർക്കം കുറക്കുക. യാത്രകൾ അത്യാവശ്യത്തിന് മാത്രമാക്കുക. തീയേറ്റർ പോലുള്ള അടച്ചു പൂട്ടിയതും എ. സി. ഉള്ളതുമായ സാഹചര്യങ്ങളിൽ സമയം ചിലവഴിക്കാതിരിക്കുക. വിദേശ യാത്ര ചെയ്യുന്നവർ അതിർത്തികൾ അടച്ചിടാനുള്ള സാധ്യത ഉണ്ടെന്ന് മനസ്സിൽ കാണുക.
  2. നിങ്ങളുടെ വീട്ടിൽ പ്രായമായവർ, മറ്റു രോഗങ്ങൾ ഉള്ളവരുണ്ടെങ്കിൽ അവരെ പരമാവധി സംരക്ഷിക്കാൻ ശ്രമിക്കുക. അങ്ങനെയുള്ളവരുള്ള വീടുകളിൽ പോകുന്നത് ഒരു മാസത്തേക്കെങ്കിലും ഒഴിവാക്കുക.
  3. ഇതൊക്കെ പറയുന്‌പോഴും നല്ല മാനസിക ആരോഗ്യം നിലനിർത്താൻ മനഃപൂർവ്വം ശ്രമിക്കുക. സുഹൃത്തുക്കളെ ചെറിയ ഗ്രൂപ്പ് ആയി കാണുക, പുറത്തിറങ്ങി നടക്കുക, കൂട്ടുകാരും ബന്ധുക്കളുമായി സംസാരിക്കുക. ഓ. ടി. ടി. യിൽ സിനിമ കാണുക, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എല്ലാം പ്രധാനമാണ്. ഇതൊരു കെട്ട കാലമാണ്, നമുക്ക് അതിജീവിച്ചേ പറ്റൂ,

സുരക്ഷിതരായിരിക്കുക

WeShallOvercome

മുരളി തുമ്മാരുകുടി

മുംബൈ: നാവികസേനാ പടക്കപ്പൽ ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി. അപകടത്തിൽ മൂന്നു നാവികർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈ തീരത്തിനടുത്തുവെച്ചാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

കപ്പലിനുള്ളിലെ കാബിനിലാണ് പൊട്ടിത്തെറി ഉണ്ടായത്. കൃഷൻ കുമാർ, സുവിന്ദർ കുമാർ, എ കെ സിംഗ് എന്നിവരാണ് മരിച്ചത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് നാവികസേന വ്യക്തമാക്കി. കപ്പലിലെ പൊട്ടിത്തെറിയെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ഓഫ് ഇൻക്വയറി രൂപീകരിച്ചു.

ഐ.എൻ.എസ്. രൺവീർ ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ഭാഗമായത് 2021 നവംബറിലാണ്.

vaccine

ന്യൂഡൽഹി: 15 മുതൽ 17 വയസു വരെയുള്ള പ്രായപരിധിയിൽപ്പെട്ടവർക്ക് കൊവാക്‌സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ഭാരത് ബയോടെക്. ഈ പ്രായപരിധിയിൽപ്പെട്ടവർക്ക് മറ്റ് വാക്‌സിനുകൾ കുത്തിവെക്കുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഭാരത് ബയോടെക് ഇക്കാര്യം അറിയിച്ചത്. അംഗീകാരമില്ലാത്ത വാക്‌സിൻ നൽകുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. അതിനാൽ ജാഗ്രത പുലർത്തണമെന്നും കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് അഭ്യർത്ഥിച്ചു.

രാജ്യത്തെ 15നും 18നും ഇടയിൽ പ്രായമുള്ളവരിൽ പകുതിയിലധികം കൗമാരക്കാരും കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ ഈ നേfeട്ടം കൈവരിക്കാൻ സഹായിച്ച രാജ്യത്തെ യുവാക്കളെ കേന്ദ്രമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. വാക്സിനേഷനോടുള്ള അവരുടെ താൽപര്യം രാജ്യത്തെ മുഴുവൻ പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുകയാണ്. പ്രതിദിന കോവിഡ് ബാധിതർ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്ക് രോഗം സ്ഥിരീകരിച്ചു. 441 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നാലു ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. രോഗവ്യാപനം ഏറ്റവും രൂക്ഷമായ നാലു ജില്ലകളിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് ജില്ലാ ഭരണകൂടങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഈ ജില്ലകളിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി കുറച്ചു. അത്യാവശ്യ യോഗങ്ങൾ ഓൺലൈൻ സംവിധാനത്തിൽ ചേരണമെന്നും നിർദ്ദേശമുണ്ട്.

ടി.പി.ആർ. നിരക്ക് 30ന് മുകളിൽ എത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് കോട്ടയം കളക്ടർ അറിയിച്ചു. അത്യാവശ്യ സന്ദർഭങ്ങളിൽ ഓഫീസുകളും സംഘടനകളും യോഗം സംഘടിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഓൺലൈൻ സംവിധാനത്തിൽ ചേരണം. ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമം, ദുരന്തനിവാരണ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയനുസരിച്ച് നിയമനടപടി സ്വീകരിക്കും. പൊലീസുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് കൂടുതൽ കോവിഡ് പരിശോധനകൾ നടത്തുകയും ടി.പി.ആർ. നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യണം. സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പാക്കണം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, സാനിറ്റെസർ ഉപയോഗം, തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കൽ എന്നിവ നടപ്പാക്കണം. പൊതുജനങ്ങൾ വിനോദയാത്രകളും അനാവശ്യ യാത്രകളും ഒഴിവാക്കണം. ടി.പി.ആർ. നിരക്ക് 30 ശതമാനത്തിനു മുകളിലായ കാലയളവിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളിൽ തെർമ്മൽ സ്‌കാനർ പരിശോധന നടത്തണം. സാമൂഹിക അകലം പാലിക്കൽ, മാസ്‌ക്, സാനിറ്റൈസർ ഉപയോഗം എന്നിവ പാലിക്കണമെന്നും കളക്ടർ പറഞ്ഞു.

തൃശൂർ ജില്ലയിൽ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആർ) നിരക്ക് 30 നു മുകളിലെത്തിയ സാഹചര്യത്തിൽ എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമുദായിക, മതപരമായ പൊതു പരിപാടികളും അനുവദിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഉത്സവങ്ങൾ, പെരുന്നാളുകൾ മുതലായ ആഘോഷങ്ങൾ കോവിഡ്-19 പ്രോട്ടോകോൾ പാലിച്ച്, പൊതുജന പങ്കാളിത്തം ഇല്ലാതെ ആചാരപരമായ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തണം.

ഇതോടൊപ്പം ജില്ലയിലെ എല്ലാ സർക്കാർ, അർദ്ധ-സർക്കാർ, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓൺലൈനാക്കണം. സർക്കാർ ഓഫീസുകളിൽ ജോലിചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പ് മേധാവികൾക്ക് അനുവദിക്കാം. ആളുകൾ ഒരുമിച്ച് കൂടുന്നത് തടയുന്നതിനായി എല്ലാ കടകളും ഓൺലൈൻ ബുക്കിംഗും വില്പനയും പ്രോൽസാഹിപ്പിക്കണം. മാളുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്‌ക്വയർഫീറ്റിൽ ഒരാൾ എന്ന നിലയിൽ മാത്രം പ്രവേശനം അനുവദിക്കണം. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, തിയ്യേറ്ററുകൾ എന്നിവയിൽ ശേഷിയുടെ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം പാടുള്ളൂ. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും കർശനമായ കോവിഡ്-19 പ്രോട്ടോകോൾ പാലിക്കണം. ബസ്സുകളിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.

എല്ലാ മത്സരപരീക്ഷകളും റിക്രൂട്ട്മെന്റുകളും യൂണിവേഴ്സിറ്റി പരീക്ഷകളും, സ്പോർട്സ് ട്രയലുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തേണ്ടതാണ്. ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, ടൂറിസം കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും അനുവദനീയമല്ല. പോലീസ് ഇത്തരം സ്ഥലങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.

ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് സ്‌കൂളുകളിലെ ഒൻപത് വരെയുള്ള ക്ലാസ്സുകൾ ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ഉടൻ തന്നെ സ്ഥാപനം 15 ദിവസത്തേക്ക് അടച്ചിടുന്നതിന് സ്ഥാപന മേധാവി നടപടി സ്വീകരിക്കേണ്ടതാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897-ലെ പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചും 1875-ലെ പൊതുജനാരോഗ്യ നിയമപ്രകാരവും 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരവും നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

തിരുവനന്തപുരത്തും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നാണ് നിർദ്ദേശം. ബസ്സുകളിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് സ്‌കൂളുകളിലെ ഒൻപത് വരെയുള്ള ക്ലാസ്സുകൾ ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കോളേജുകൾ അടച്ചിടുന്ന കാര്യം പരിഗണനയിൽ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രിയുടെ പരാമർശം.

പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പാൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കോളേജുകൾ അടച്ചിടുന്ന കാര്യം ആലോചിക്കുകയാണ്.

പഠനം ഓൺലൈനാക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാവും തീരുമാനം.

ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പാൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ട: ശബരിമല തിരുവാഭരണ പാതയിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു. വടശേരിക്കര പേങ്ങോട്ട് കടവ് പാലത്തിന്റെ തൂണിന് അടിയിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ ഏഴു ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഇവിടെ കുളിക്കാനിറങ്ങിയ നാട്ടുകാരാണ് സ്‌ഫോടക വസ്തുക്കൾ ആദ്യം കണ്ടത്.

പമ്പാ നദിയിൽ വടശേരിക്കര ചന്തയോടു ചേർന്നാണ് പേങ്ങാട്ടുകടവ് പാലം. പാറ സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന തരം ജലാറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുകൾ പഴക്കം ചെന്നതാണന്നാണ് റിപ്പോർട്ട്.

ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ ഉള്ളവർ പ്രദേശത്ത് പരിശോധന നടത്തി. മഹസർ തയ്യാറാക്കിയ ശേഷം പോലീസ് സ്ഫോടക വസ്തുക്കൾ നീക്കം ചെയ്തു. പോലീസ് സൂപ്രണ്ട് ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിരുന്നു. ശബരിമലയിൽ നടയടച്ചതിന് ശേഷം 21 ന് ഈ വഴിയാണ് തിരുവാഭരണ ഘോഷയാത്ര തിരികെ പന്തളത്തേക്ക് പോകുന്നത്. ഈ സാഹചര്യത്തിൽ ഈ സംഭവം ഗൗരവത്തോടെ കാണണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. ശബരിമലയിൽ അയ്യപ്പന് ചാർത്തിയ തിരുവാഭരണം തിരിച്ചുകൊണ്ടു വരാൻ മണിക്കൂറുകൾ ബാക്കി നിൽകെ തിരുവാഭരണ പാതയിൽ നിന്നും കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

ആറു ജലാറ്റിൻ സ്റ്റിക്കുകളും ഉപയോഗിച്ച ഒരു സ്റ്റിക്കും കണ്ടെത്തിയതിന് പിന്നിൽ തീവ്രവാദ സാന്നിധ്യമുണ്ടോയെന്ന് അന്വേഷിക്കണം. കോന്നിയിലും പത്തനാപുരത്തും പിടിച്ചെടുത്ത ആയുധശേഖരവുമായി ഇതിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കണം. ഏതാനും നാളുകളായി ഈ പ്രദേശത്ത് അപരിചിതരെ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞത് ഗൗരവതരമാണ്. ഉപയോഗിച്ച ജലാസ്റ്റിൻ സ്റ്റിക്കിന്റെ ബാക്കി ഭാഗം എവിടെ ഉപയോഗിക്കപ്പെട്ടെന്ന് അറിയണം. തിരുവാഭരണ യാത്രയ്ക്ക് കർശനമായ സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.