സൈൻ ബോർഡ് അപകടാവസ്ഥയിൽ; ഫേസ്ബുക്കിലൂടെ അറിയിച്ച പരാതിയ്ക്ക് മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കണ്ടെത്തി പി എ മുഹമ്മദ് റിയാസ്

കൊച്ചി: ഫേസ്ബുക്കിലൂടെ അറിയിച്ച പരാതിയ്ക്ക് മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കണ്ടെത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. അപകട ഭീഷണി ഉയർത്തിയ സൈൻ ബോർഡിനെ കുറിച്ചുള്ള പരാതിയാണ് മുഹമ്മദ് റിയാസ് പരിഹരിച്ചത്.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പേജിലാണ് പരാതി കമന്റായി പ്രത്യക്ഷപ്പെട്ടത്. നിഖിൽ കെ എസ് എന്നയാളാണ് പരാതി അറിയിച്ചത്. നോർത്ത് പറവൂർ മുൻസിപ്പൽ കവലയിൽ ടൂറിസം വകുപ്പ് സ്ഥാപിച്ച സൈൻ ബോർഡ് ഏത് നിമിഷവും വഴിയാത്രക്കാരുടെ തലയിൽ വീഴുമെന്ന അവസ്ഥയിലാണെന്നായിരുന്നു പരാതി.

കഴിഞ്ഞ കുറെ ദിവസമായി ടൂറിസം വകുപ്പിന്റെ പ്ലാനിങ് വിഭാഗത്തിൽ ബന്ധപ്പെട്ടെന്നും ഫോൺ വഴി വിളിച്ചു പറഞ്ഞിട്ടും മെയിൽ അയച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്നും നിഖിൽ കമന്റിൽ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലെ കമന്റ് ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അപടകവാസ്ഥയിൽ ഉണ്ടായിരുന്ന സൈൻബോർഡ് 24 മണിക്കൂറിനകം ഉദ്യോഗസ്ഥർ എടുത്ത് മാറ്റുകയും ചെയ്തു. തുടർന്ന് മന്ത്രി നേരിട്ട് കമന്റിന് മറുപടി നൽകുകയും ചെയ്തിരുന്നു. താങ്കളുടെ പരാതിയിൽ ഇടപെട്ടു, ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നായിരുന്നു മന്ത്രി പരാതിക്കാരിന് നൽകിയ മറുപടി.