ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ല; റിപ്പബ്ലിക്ക് ദിന പരേഡിൽ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യം സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരണവുമായി കേന്ദ്രം

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിന പരേഡിൽ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യം സംബന്ധിച്ച് ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. സമിതി നടപടിക്രമങ്ങൾ പാലിച്ചാണ് തീരുമാനമെടുത്തതെന്ന് കേന്ദ്രം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിവാദം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്. സംസ്ഥാനങ്ങൾ കത്തെഴുതുന്നത് തെറ്റായ കീഴ്വഴക്കം ആണെന്നും കേന്ദ്രം വിശദീകരിച്ചു.

2018 ലും 2021 ലും ഇതേ സർക്കാർ കേരളത്തെ ഉൾപ്പെടുത്തിയതാണ്. സുഭാഷ് ചന്ദ്ര ബോസിനെ അപമാനിച്ചെന്ന ബംഗാളിന്റെ വാദവും തെറ്റാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. പരേഡിൽ അവതരിപ്പിക്കാൻ തീരുമാനിച്ച നിശ്ചലദൃശ്യങ്ങളിൽ ഒന്നിൽ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഉണ്ടെന്നും കേന്ദ്രം അറിയിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങൾ ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമായിരുന്നു. തുടർന്നാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്വാതന്ത്ര്യസമര സേനാനികളുടെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുള്ള കേരളത്തിൻറെ റിപ്പബ്ലിക് ദിന നിശ്ചല ദൃശ്യം ഒഴിവാക്കിയതിനെതിരെയും വിമർശനം ശക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു അടക്കമുള്ളവർ കേന്ദ്ര സർക്കാർ നടപടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം സർക്കാരിന്റെ നടപടി ഞെട്ടിച്ചെന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം.പശ്ചിമ ബംഗാളിലെ ജനങ്ങളെ വേദനപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ മമത ബാനർജി പറഞ്ഞിരുന്നു. നിലവാരമില്ലാത്തത് കൊണ്ട് മാത്രമാണ് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതെന്നും മറ്റ് ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ബിജെപി വിശദമാക്കി.