സംസ്ഥാനത്ത് ബസ് ജീവനക്കാർക്ക് രോഗബാധ്യത : സർവ്വീസുകൾ നിർത്തിവെയ്‌ക്കേണ്ടന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സർവ്വീസുകൾ നിർത്തിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. കെഎസ്ആർടിസിയിലെ ഏതാനും ജീവനക്കാർക്ക് മാത്രമാണ് രോഗം ബാധിച്ചതെന്നും ഇന്നത്തെ സാഹചര്യത്തിൽ ഒരു പ്രതിസന്ധിക്കും വകയില്ലെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് കെഎസ്ആർടിസി സർവ്വീസുകൾ സുഗമമായി നടക്കും. കൊവിഡ് പ്രതിരോധത്തിനായി സാനിറ്റൈസറും മാസ്‌കും കൃത്യമായി ബസ് സർവ്വീസുകളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. 15 0ഓളം ജീവനക്കാരുള്ള ചില ഡിപ്പോകളിൽ നാലോ അഞ്ചോ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നത് കൊണ്ട് സർവ്വീസ് മുടങ്ങില്ല. സർവ്വീസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ജീവനക്കാർ അധികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ശബരിമല ഡ്യൂട്ടിക്ക് പോയ കെഎസ്ആർടിസി ജീവനക്കാരിലാണ് കോവിഡ് വ്യാപനം വർധിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാർക്ക് രോഗബാധ കണ്ടെത്തിയതായാണ് വിവരം. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ 25 ജീവനക്കാർക്ക് രോഗബാധ സ്ഥരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയിൽ 15 പേർക്കാണ് വൈറസ്ബാധ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി സർവ്വീസുകൾ തുടരുമെന്ന് വ്യക്തമാക്കി മന്ത്രി മാദ്ധ്യമങ്ങളോട് സംസാരിച്ചത്.