കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും; ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വാർഡുതല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.

വാർഡുതല കമ്മിറ്റികൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ വാർഡുകളിലും റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ശക്തിപ്പെടുത്തും. വേളണ്ടിയൻമാരെ സജീവമാക്കും. തദ്ദേശ സ്ഥാപന തലത്തിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതാണ്. കുടുംബശ്രീ പ്രവർത്തകരെ കൂടി അവബോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വാക്സിനേഷൻ പ്രവർത്തനങ്ങളും ഊർജിതമാക്കി വരുന്നു. വ്യാപനം കൂടിയ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കൂടുതൽ സിഎഫ്എൽടിസികൾ സജ്ജമാക്കും. ആവശ്യമെങ്കിൽ ഹോസ്റ്റലുകൾ ഏറ്റെടുക്കും. ഓരോ പ്രദേശത്തുമുള്ള കോവിഡ് കേസുകളുടെ വർധനവ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ആവശ്യമായ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നതാണെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.