Highlights (Page 83)

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി കേസിൽ കേരളത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കേസ് അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

നരബലിക്കേസിൽ പ്രതികളായ ഭഗവത് സിംഗ് മുഹമ്മദ് ഷാഫി, ലൈല എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രദേശത്ത് കൂടുതൽ മൃതദേഹങ്ങളുണ്ടെന്ന സൂചനയെ തുടർന്ന് ജെസിബി ഉപയോഗിച്ച് പറമ്പ് കുഴിച്ചുനോക്കാനാണ് പദ്ധതിയിടുന്നത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിൽനിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

പത്മം, റോസിലിൻ എന്നിവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പറമ്പിൽ വിശദമായ പരിശോധന നടത്തുന്നത്.

കണ്ണൂർ: കോവിഡ് വൈറസ് ബാധിച്ച് രോഗമുക്തി നേടിയവരിൽ അഞ്ചിൽ ഒരാൾ കോവിഡാനന്തര പ്രശ്‌നങ്ങൾ അനുഭവിക്കുന്നതായി നെഞ്ചുരോഗ വിദഗ്ധർ. ലഘുവായ പ്രയാസം മുതൽ ഗൗരവമുള്ള ആരോഗ്യപ്രശ്‌നങ്ങൾ വരെ പലരും നേരിടുന്നുവെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് ബാധിതരായവരിൽ എല്ലാവരും ആരോഗ്യപരിശോധനയ്ക്ക് വിധേയരാകണമെന്നും നെഞ്ചുരോഗ വിദഗ്ധർ നിർദ്ദേശിക്കുന്നു. കോവിഡ് രോഗബാധിതരായി ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നവരും പ്രമേഹം, അമിത ബി.പി., ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവരും നിർബന്ധമായും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണം.

കോവിഡ് ശരീരത്തിൽ ബാക്കിവെച്ച രോഗങ്ങൾ തിരിച്ചറിയാൻ വൈകരുതെന്നാണ് അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സംസ്ഥാന പ്രസിഡന്റും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ പി എസ്. ഷാജഹാൻ അറിയിക്കുന്നത്. കണ്ണൂരിൽ നെഞ്ചുരോഗ വിദഗ്ധരുടെ ദേശീയസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ് ശ്വാസകോശങ്ങളിൽ ഉണ്ടാക്കിയ തകരാറുകൾ സ്ഥായിയായ രൂപമാറ്റത്തിൽ കലാശിക്കാം. ചിലർക്ക് ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാകുന്നു. ചിലരിൽ ശ്വാസകോശം ദ്രവിച്ചുപോകുന്നു. കിതപ്പു മുതൽ ഓക്‌സിജൻ ചികിത്സ ഇല്ലാതെ ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാം. കോവിഡ് വന്ന പല പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്നുണ്ട്. നേരത്തേ പ്രമേഹം ഇല്ലാത്ത ചിലരിലും രക്തത്തിൽ പഞ്ചസാര കൂടി. ഇവരിൽ പഞ്ചസാരയുടെ അളവ് കോവിഡ് മുക്തമായ ശേഷവും നിയന്ത്രണമില്ലാതെ തുടരുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കൊച്ചി: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് ഉത്തരവ്. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇവയിലെ അധിക ഫിറ്റിംഗുകളും അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളിൽ പൊതു-സ്വകാര്യമേഖല വ്യത്യാസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഏകീകൃത നിറം നൽകുന്നതിന് സാവകാശം നൽകണമെന്ന ടൂറിസ്റ്റ് ബസ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു. എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധിക്കണമെന്നും ബസ് ഉടമകൾ പരിശോധനയുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു.ടൂറിസ്റ്റ് ബസുകൾക്ക് വെളള നിറം മാത്രം പോരെന്നും നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും ഇല്ലെന്നുറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി തന്നെ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കണമെന്നാണ് കോടതി നൽകിയിട്ടുള്ള നിർദ്ദേശം. ബസ് ഉടമകൾ സഹകരിച്ചില്ലെങ്കിൽ കോടതി അലക്ഷ്യ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. വടക്കഞ്ചേരിയിൽ സ്‌കൂൾ അധികൃതർ സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ബസാണ് ഉപയോഗിച്ചതെന്നും കോടതി കൂട്ടിച്ചേർത്തു.

ചെന്നൈ: പഴനി മുതൽ കൊടൈക്കനാൽ വരെ റോപ് കാർ സർവീസ് ആരംഭിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. ദിണ്ടിഗൽ ജില്ലയിലെ രണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിയ്ക്കായി 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ ആദ്യമായാണ് ഇത്രയും വലിയൊരു റോപ് കാർ പദ്ധതി വരുന്നത്. പദ്ധതിയുടെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഓസ്‌ട്രേലിയയിൽ നിന്നുള്ള എൻജിനീയർമാരും നാഷണൽ ഹൈവേയ്‌സ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡിലെ(NHLM) ഉദ്യോഗസ്ഥരും ചേർന്നു പഠനം നടത്തി

6 മാസത്തിനകം റിപ്പോർട്ട് നൽകും. വനംവകുപ്പിന്റെ അനുമതി ലഭിച്ചശേഷം ഏരിയൽ സർവേ നടത്തും. തുടർന്ന് ടെൻഡർ പ്രഖ്യാപിക്കും. മൂന്ന് വർഷം സമയമെടുത്തായിരിക്കും നിർമ്മാണം പൂർത്തിയാക്കുന്നത്. പഴനി-കൊടൈക്കനാൽ ഉൾപ്പെടെ ഏഴിടങ്ങളിൽ റോപ്പ് കാർ സൗകര്യം ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്തരാഖണ്ഡിൽ അഞ്ചിടങ്ങളിൽ എൻഎച്ച്എൽഎം സമാനമായ പ്രവർത്തനം നടത്തുന്നുണ്ട്.

അതേസമയം, നിലവിൽ പഴനിയിലെ ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിൽ റോപ്പ് കാർ സർവ്വീസ് നടത്തുന്നുണ്ട്. അടിവാരത്ത് നിന്നും മലമുകളിലെ ക്ഷേത്രത്തിലേക്കെത്താൻ റോപ് കാർ ഉപയോഗിക്കാം. ഇതിന്റെ ചാർജ് ഒരാൾക്ക് 15 രൂപയാണ്.

ഡമാസ്‌കസ്: സിറിയയിൽ സ്‌ഫോടനം. സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ സൈനിക ബസിൽ ഉണ്ടായ സ്‌ഫോടനത്തിൽ 18 പേരാണ് കൊല്ലപ്പെട്ടത്.

സ്‌ഫോടനത്തിൽ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിറിയൻ സ്റ്റേറ്റ് മീഡിയയാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനകളൊന്നും രംഗത്തെത്തിയിട്ടില്ല. ഒരു പതിറ്റാണ്ടിലേറെയായി ,ിറിയയിൽ സംഘർഷം തുടരുകയാണ്. ലക്ഷക്കണക്കിന് ആളുകൾക്കാണ് ആക്രമണത്തെ തുടർന്ന് ഇതുവരെ ജീവൻ നഷ്ടമായത്.

കഴിഞ്ഞ മാർച്ച് മാസം മദ്ധ്യ സിറിയയിലെ പാൽമിറയ്ക്ക് സമീപം സൈനിക ബസിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 13 സൈനികരാണ് കൊല്ലപ്പെട്ടത്. തെക്കൻ മദ്ധ്യസിറിയയിൽ സജീവമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സർക്കാരിന്റെ ആരോപണം.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട (മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട) കുട്ടികളുടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാതിരിക്കാന്‍ കേരള സര്‍ക്കാര്‍, സാമൂഹ്യ സുരക്ഷ മിഷന്‍ വഴി നല്‍കുന്ന ആനുകൂല്യമാണ് സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പ്. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനം വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി, നവംബര്‍ 30 ആണ്.

അതേസമയം, അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയും. അവര്‍ ഫോം വാങ്ങി ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാര്‍ശ സഹിതം നേരിട്ട് അപേക്ഷിക്കണം. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓരോ വര്‍ഷാ വര്‍ഷം 3000 രൂപയും ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓരോ വര്‍ഷവും 5000 രൂപയും ലഭിക്കും.പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പഠനകാലയളവില്‍ ഓരോ വര്‍ഷവും 7500 രൂപയും ലഭിക്കുന്നതാണ്.ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പനകാലയളവിലെ വര്‍ഷങ്ങളില്‍ (3വര്‍ഷം) 10,000 രൂപയും ലഭിക്കും.

അപേക്ഷാര്‍ത്ഥി പഠിക്കുന്ന സ്‌കൂളിന്റെ / കോളേജിന്റെ സ്ഥാപന മേധാവിയ്ക്ക് സമര്‍പ്പിക്കേണ്ട രേഖകള്‍

അപേക്ഷ ഫോം

അപേക്ഷാര്‍ത്ഥിയുടെ കാര്‍ഡിന്റെ ആധാര്‍ കാര്‍ഡ് കോപ്പി

മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി

കുട്ടിയും ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി

റേഷന്‍ കാര്‍ഡ് BPL കാറ്റഗറിയില്‍ ആണെങ്കില്‍ അതിന്റെ കോപ്പി. അവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല

റേഷന്‍ കാര്‍ഡ് APL കാറ്റഗറിയാണെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്ന് വാങ്ങുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വേണം. ഗ്രാമ പ്രദേശങ്ങളില്‍ 20,000/- രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റും നഗരപ്രദേശമാണെങ്കില്‍ 22,375/- രൂപയില്‍ താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റുമുള്ളവരെയാണ്, പരിഗണിക്കുക.

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ നിലവിലുള്ള റേഡിയേഷൻ ടെക്നോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 22ന് നടക്കും. കൂടുതൽ വിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിൽ നടക്കും. പരീക്ഷക്കായി https://ssc.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഒക്ടോബർ 18 രാത്രി 11 മണിക്ക് മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റസിഡന്റിന്റെ താൽക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജിയിൽ രണ്ട് ഒഴിവും ന്യൂക്ലിയർ മെഡിസിൻ, പാലിയേറ്റീവ് മെഡിസിൻ, ട്രാൻഫ്യൂഷൻ മെഡിസിൻ എന്നിവയിൽ ഓരോ ഒഴിവും വീതമാണ് ഉള്ളത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 25. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

ഡെങ്കിപ്പനി പ്രതിരോധത്തിൽ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.എൽ. അനിതകുമാരി അറിയിച്ചു. ജില്ലയിൽ ഈ മാസം ഇതുവരെ പത്തനംതിട്ട മുനിസിപ്പാലിറ്റി, തിരുവല്ല മുനിസിപ്പാലിറ്റി, തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, കല്ലൂപ്പാറ, എഴുമറ്റൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, തലവേദന, കണ്ണുകൾക്ക് പിന്നിലും, പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഛർദ്ദി തുടങ്ങിയവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ചികിത്സ തേടണം. നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ രോഗ സങ്കീർണതകളും മരണവും ഒഴിവാക്കാൻ സാധിക്കും. രോഗബാധിതർ പൂർണ്ണമായും വിശ്രമിക്കണം. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻവെളളം, പഴച്ചാറുകൾ, മറ്റ് പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിതർ ഉറങ്ങുന്നതും വിശ്രമിക്കുന്നതും കൊതുകു വലയ്ക്കുളളിൽ ആയിരിക്കണം.

ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കൂത്താടികളുടെ സാന്നിധ്യം വളരെയധികം കാണപ്പെടുന്നുണ്ട്. ഉപയോഗശൂന്യമായ ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക. വെളളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ജല സംഭരണികൾ തുടങ്ങിയവ കൊതുക് കടക്കാത്ത രീതിയിൽ പൂർണമായും മൂടി വയ്ക്കുക.

ഫ്രിഡ്ജിനു പിറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ളവർവേസുകൾ, വെളളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ മുതലായവയിലെ വെളളം ആഴ്ചയിലൊരിക്കലെങ്കിലും മാറ്റി വൃത്തിയാക്കണം. കൊതുകു കടിയേൽക്കാതിരിക്കാൻ ശരീരം മൂടുന്ന തരത്തിലുളള വസ്ത്രങ്ങൾ ധരിക്കുക, ജനലുകളും വാതിലുകളും കൊതുക് കടക്കാതെ അടച്ചിടുക. പകൽ ഉറങ്ങുമ്പോഴും കൊതുക് വല ഉപയോഗിക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

2025 ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ 1,280 കോടി ഡോളറാകുമെന്ന് (ഏകദേശം 105,448.38 കോടി രൂപ) പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ചെറിയ ഉപഗ്രഹങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം ഇന്ത്യയില്‍ ഉപഗ്രഹ നിര്‍മാണം വര്‍ധിപ്പിക്കും. ഐഎസ്ആര്‍ഒയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും ഇന്ത്യന്‍ സ്പേസ് അസോസിയേഷനും (ഐഎസ്പിഎ) ഏണസ്റ്റ് ആന്‍ഡ് യംഗും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, വിദേശനാണ്യത്തിന്റെ കാര്യത്തില്‍ സാറ്റലൈറ്റ് സേവനങ്ങളും ആപ്ലിക്കേഷന്‍ വിഭാഗവും വലിയ മുന്നേറ്റം നടത്തുമെന്നും 2025 ഓടെ 460 കോടി ഡോളര്‍ വിറ്റുവരവും, ഉപഗ്രഹ നിര്‍മാണം വഴി 320 ഡോളറും, വിക്ഷേപണ സേവനങ്ങളിലൂടെ 100 കോടി ഡോളര്‍ വരുമാനം ലഭിക്കുമെന്നുമാണ് പ്രതീക്ഷ. സ്വകാര്യ കമ്പനികളെയും ബഹിരാകാശ മേഖലയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സാറ്റലൈറ്റ് വിക്ഷേപണ റോക്കറ്റുകളുടെ ലഭ്യതയും വന്‍തോതിലുള്ള റോക്കറ്റ് നിര്‍മാണവും കുറഞ്ഞ നിരക്കിലാവുമ്പോള്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കും. പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ ബഹിരാകാശ വ്യവസായത്തെ കൂടുതല്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

ലണ്ടൻ: 54 രാജ്യങ്ങൾ കടുത്ത കടബാധ്യതയിലേക്കു നീങ്ങുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (യുഎൻഡിപി) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലോകത്തെ ദരിദ്ര്യ രാജ്യങ്ങളാണ് കടക്കെണിയിലേക്കു നീങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുള്ളത്.

കടബാധ്യതയിൽനിന്നു രക്ഷപ്പെടാൻ ഉടൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ രാജ്യങ്ങൾ കടുത്ത പട്ടിണിയിലേക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്. ശ്രീലങ്ക, പാക്കിസ്ഥാൻ, ചാഡ്, എത്യോപ്യ, സാംബിയ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതി ഇപ്പോൾ തന്നെ ഗുരുതരമാണെന്നാണ് വിവരം.

എങ്ങനെയാണ് ഈ പ്രതിസന്ധിയെ നേരിടേണ്ടതെന്ന മാർഗം അന്വേഷിക്കുകയാണെന്ന് യുഎൻഡിപി അഡ്മിനിസ്‌ട്രേറ്റർ അചിം സ്റ്റെയ്‌നർ വ്യക്തമാക്കി. ഉടൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ അനിയന്ത്രിതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.