Highlights (Page 82)

തരൂര്‍ കളത്തിലിറങ്ങിയില്ലായിരുന്നെങ്കില്‍ ഇത്തവണത്തെ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇത്ര പ്രാധാന്യം കിട്ടുമായിരുന്നോ എന്നത് പ്രധാനപ്പെട്ട ചോദ്യം തന്നെയാണ്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന്റെ ജോഡോ യാത്രയെ പോലും അവഗണിച്ച ദേശീയ മാധ്യമങ്ങള്‍ തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തിന് കൂടുതല്‍ കവറേജ് നല്‍കി. തോറ്റ തരൂരിനെയും പേടിക്കുന്ന തരത്തിലാണ് നിലവില്‍ ചില കേരള നേതാക്കളുടെ പ്രതികരണം. തരൂരിന് ഏറ്റവും കൂടുതല്‍ ശത്രുക്കള്‍ പാര്‍ട്ടിയിലുള്ളത് കേരളത്തില്‍ തന്നെയായിരിക്കും. മുല്ലപ്പള്ളിയായാലും ചെന്നിത്തലയായാലും മുരളീധരനായാലും കൊടിക്കുന്നിലായാലും ഗ്രൂപ്പ് ഭേദമെന്യ ശത്രുപക്ഷത്താണ്. എന്നാലും, തരൂര്‍ തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തില്ലായിരുന്നെങ്കില്‍ പണ്ടേ ആ സീറ്റ് ബിജെപിയുടെ അക്കൗണ്ടിലായേനെ എന്നത് ഇവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

അതേസമയം, തരൂരിന്റെ കാര്യത്തില്‍ ചിലരെല്ലാം നേരത്തെ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്. മാത്യു കുഴല്‍നാടനും യുവനിരയിലെ ശബരീനാഥനും തുടക്കം മുതല്‍ തരൂരിന് ഒപ്പമായിരുന്നു. പത്രികയില്‍ പിന്തുണച്ച് ഒപ്പിട്ടവരില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായ തമ്പാനൂര്‍ രവിയും കെ.സി അബുവും അടക്കം ഉണ്ടായിരുന്നു. ആന്റണിയുടെ ഏറ്റവും വിശ്വസ്തനായ എം.കെ രാഘവനായിരുന്നു ഫലത്തില്‍ തരൂരിന്റെ വലംകൈ. തരൂര്‍ തോറ്റിട്ടും ഹീറോ തന്നെ എന്ന് പറയാന്‍ ഹൈബി ഈഡനും രംഗത്ത് വന്നു. എന്നാല്‍, രമേശ് ചെന്നിത്തല ഗുജറാത്തില്‍ വരെ പോയി ഖാര്‍ഗെക്ക് വോട്ട് പിടിച്ചു.

അതിനിടെ, കേരളത്തിലെ കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കള്‍ ഒരുതട്ടിലും യുവനേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ മറ്റൊരു ടീമായും മാറുന്നതായി കാണാനും സാധിക്കും. 300 വോട്ടിനപ്പുറം തരൂര്‍ നേടില്ല എന്ന് ഉറപ്പിച്ച നേതാക്കള്‍ പലരും 1072 കണ്ട് ഞെട്ടി. ചിലര്‍ 8000 വും 1000 ഉം തമ്മിലുള്ള ദൂരം വിവരിച്ച് ആശ്വസിച്ചു. കേരളത്തിലെ പല നേതാക്കളുടെയും പ്രതികരണത്തില്‍ തരൂര്‍ തലപ്പത്ത് എത്തിയാല്‍ വല്ലാതെയങ്ങ് വളര്‍ന്ന് പോകുമോ എന്ന ആശങ്ക അറിയാതെ പുറത്തുവന്നു. ഇനി കോണ്‍ഗ്രസ് ഖാര്‍ഗയുടെ കൈകളിലായതോടെ ഹൈക്കമാന്‍ഡിനും ആശ്വസിക്കാം. ഇതുവരെ പാര്‍ട്ടിയില്‍ പ്രധാന പദവികള്‍ ഒന്നുമില്ലാത്ത തരൂരിനെ ഇനി പദവികള്‍ തേടിവരുമോ എന്ന് നോക്കിക്കാണേണ്ടതാണ്. മേഖലാ അടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്റുമാരോ വര്‍ക്കിങ് പ്രസിഡന്റുമാരോ വന്നേക്കാം. അതില്‍ തരൂരും ഉള്‍പ്പെടുമോ? അതോ പ്രവര്‍ത്തക സമിതിയില്‍ ഈ തോല്‍വി തരൂരിന് സീറ്റ് ഉറപ്പിച്ചു എന്ന് പറയുന്നത് ശരിയായി വരുമോ? കണ്ടറിയാം…

അഹമ്മദാബാദ്: ഗുജറാത്തിലെ വാണിജ്യ നഗരമായ അഹമ്മദാബാദിലും മാള്‍ തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. 3000 കോടി രൂപ നിക്ഷേപത്തിലാണ് ലുലു മാള്‍ ഉയരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ജനുവരിയില്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അറിയിച്ചു. എഴുപതുകളുടെ തുടക്കത്തില്‍ തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും വൈകാരിക ബന്ധമാണെന്നും തന്റെ പിതാവും കുടുംബാംഗങ്ങളും വര്‍ഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയതെന്നും അദ്ദേഹം അനുസ്മരിച്ചു.

അതേസമയം, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ കഴിഞ്ഞ വര്‍ഷം യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ഗുജറാത്തില്‍ മുതല്‍ മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലും സംസ്ഥാന സര്‍ക്കാരും ലുലു ഗ്രൂപ്പും ഒപ്പു വച്ചിരുന്നു. 30 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ഫണ്‍ടുറ, 15 സ്‌ക്രീന്‍ സിനിമ, മുന്നൂറിലധികം ദേശീയവും അന്തര്‍ദേശീയവുമായ ബ്രാന്‍ഡുകള്‍, വിശാലമായ ഫുഡ് കോര്‍ട്ട്, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് എന്നിവ ഉണ്ടായിരിക്കും. പ്രാദേശിക കാര്‍ഷികോല്‍പന്നങ്ങള്‍ക്കും മാളില്‍ വിപണന സൗകര്യമുണ്ടാകും.

ലുലു മാള്‍ പ്രവര്‍ത്തിക്കുന്നതോടെ 6000 പേര്‍ക്ക് നേരിട്ടും 15,000ത്തില്‍ അധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എ വി ആനന്ദ് റാം വ്യക്തമാക്കി.

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സ് ഉപവിഭാഗമായ സ്റ്റാര്‍ലിങ്ക് കമ്മ്യൂണിക്കേഷന്‍സിന്റെ സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നതിനായി ടെലികോം വകുപ്പിന് ലൈസന്‍സ് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസന്‍സിന് വേണ്ടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

അതേസമയം, ലൈസന്‍സിന് അപേക്ഷിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്പേസ് എക്‌സ്. ബഹിരാകാശ വിക്ഷേപണ സേവനങ്ങളുടെ ലോകത്തെ മുന്‍നിര ദാതാക്കളും ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയുമാണ് SpaceX. മനുഷ്യനുള്ള എല്ലാ ബഹിരാകാശ ദൗത്യങ്ങളുടെയും ക്രൂവിനെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ച ഒരേയൊരു കമ്പനിയാണിത്. ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വണ്‍വെബും, റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഉപഗ്രഹ വിഭാഗവും നേരത്തെ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

എന്നാല്‍, രാജ്യത്ത് സേവനം ആരംഭിക്കണമെങ്കില്‍ ഐഎസ്ആര്‍ഒയുടെ ഉള്‍പ്പടെ ലൈസന്‍സ് ആവശ്യമാണ്. മാത്രമല്ല ഇത്തരം കമ്പനികള്‍ സാറ്റലൈറ്റില്‍ നിന്നും ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്കിലേക്ക് ഡാറ്റ നല്‍കുന്നതിനായി ഗ്രൗണ്ട് സ്റ്റേഷനുകളും സജ്ജീകരിച്ചിരിക്കണം. രാജ്യത്തെ സ്‌പെയ്‌സ് ഇന്റര്‍നെറ്റ് മേഖലയില്‍ സ്റ്റാര്‍ലിങ്ക്, എയര്‍ടെല്‍, ജിയോ എന്നിവയ്ക്ക് പുറമേ ആമസോണ്‍ പോലുള്ള കമ്പനികളും ലൈസന്‍സ് നേടുന്നതിനുള്ള ശ്രമത്തിലാണ്.

തിരുവനന്തപുരം: കേരളത്തിന് പുതുവര്‍ഷ സമ്മാനമായി വന്ദേഭാരത് ട്രെയിന്‍ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബംഗളുരു-എറണാകുളം, ചെന്നൈ-എറണാകുളം, കണ്ണൂര്‍-തിരുവനന്തപുരം റൂട്ടുകളിലാണ് വന്ദേഭാരത് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ തിരുവനന്തപുരം- കാസര്‍ഗോഡ് വരെയുള്ള സില്‍വര്‍ ലൈന്‍ അപ്രസക്തമായി മാറാനാണ് സാധ്യത.

ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75 ആഴ്ച കൊണ്ട് 75 വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. അതിനാല്‍, ചെന്നൈ, ഹൈദരാബാദ്, ബംഗളുരു നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സര്‍വീസുകള്‍ക്ക് സാദ്ധ്യതയുണ്ട്. രാജ്യത്തെ 300 നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനവും കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. 44ട്രെയിനുകള്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലും ഉത്തര്‍പ്രദേശ് റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയിലുമായി നിര്‍മ്മാണത്തിലാണ്. വന്ദേഭാരതിന്റെ ആദ്യ സര്‍വീസ് ന്യൂഡല്‍ഹി – വാരണാസിയാണ്. ന്യൂഡല്‍ഹി – ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയാണ് രണ്ടാമത്തേത്. രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഗാന്ധിനഗര്‍ – മുംബയ് റൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് ചെന്നൈ- ബാംഗ്ലൂര്‍- മൈസൂര്‍ റൂട്ടില്‍ നാലാമത്തെ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ്.

അതേസമയം, വന്ദേഭാരത് ട്രെയിനുകളുടെ പരിഷ്‌കരിച്ച കോച്ചുകളാണ് പുതിയ സര്‍വീസിനുപയോഗിക്കുന്നത്. ഓടിത്തുടങ്ങുന്ന ട്രെയിനിന് ആദ്യ 52 സെക്കന്റില്‍ തന്നെ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ സാധിക്കും. നേരത്തെ, 430 ടണ്‍ ഭാരമുണ്ടായിരുന്ന ട്രെയിനുകള്‍ക്ക് നിലവില്‍ 392 ടണ്‍ ഭാരമാണുള്ളത്. തദ്ദേശീയമായി രൂപകല്പന ചെയ്ത സെമിഹൈ സ്പീഡ് സെല്‍ഫ് പ്രൊപ്പല്‍ഡ് ട്രെയിനാണിത്. ജി.എസ്.എം / ജി.പി.ആര്‍.എസ് വഴി നിയന്ത്രിക്കുന്ന ശീതീകരണ സംവിധാനമുണ്ട്. കോച്ചുകളില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റമുണ്ട്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകളും കോച്ചുകളില്‍ ടച്ച് ഫ്രീ സ്ലൈഡിങ് വാതിലുകളുമുണ്ട്. എക്‌സിക്യുട്ടീവ് ക്ലാസില്‍ കറങ്ങുന്ന സീറ്റുകളാണുള്ളത്. വിമാനത്തിലേതു പോലെ ബയോവാക്വം ടോയ്ലറ്റുകളും വന്ദേഭാരത് ട്രെയിനിലുണ്ട്. പുഷ്ബാക്ക് സംവിധാനമുള്ള സീറ്റുകള്‍, ബാക്ടീരിയ രഹിതമായ എയര്‍കണ്ടിഷനിങ്, കേന്ദ്രീകൃത കോച്ച് മോണിട്ടറിങ്, ഓരോ കോച്ചിലും നാല് എമര്‍ജന്‍സി വാതിലുകള്‍ എന്നിവയുണ്ട്. ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈന്‍, വൈദ്യുതിയില്ലെങ്കിലും കത്തുന്ന എമര്‍ജന്‍സി ലൈറ്റുകള്‍ എന്നിവയുമുണ്ട്.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകളിൽ സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ആറിലും തീരുമാനമായതാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.

ഇക്കാര്യം സമരസമിതിയോട് തന്നെ വ്യക്തമാക്കിയതാണ്. കാര്യങ്ങൾ തീരുമാനമാവുക എന്ന നില ചർച്ചയിൽ ഉണ്ടാവുകയും അതിനു ശേഷം വീണ്ടും സമരം തുടർന്നു പോകുന്നതും ന്യായമായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവരുന്ന സമരത്തോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്ന് തന്നെയാണ് സർക്കാരിന്റെ സുവ്യക്തമായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ ഉറപ്പുകളിൽ അവ്യക്തതയില്ലെന്നും ഉറപ്പുകൾ പാലിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

നാല് ആവശ്യങ്ങളാണ് ദയാബായി സമരത്തിൽ ഉയർത്തിയിട്ടുള്ളത്. എയിംസുമായി ബന്ധപ്പെട്ട ആവശ്യമൊഴിച്ച് മറ്റുള്ളതെല്ലാം നടപ്പിലാക്കുമെന്ന ഉറപ്പ് സർക്കാർ നൽകിയിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. കാസർകോഡ് ജില്ലയിലെ മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി തുടങ്ങിയിടങ്ങളിൽ ദുരിതബാധിതർക്കു പ്രത്യേക മുൻഗണന ഉറപ്പാക്കും. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി പൂർണമായി സജ്ജമാകുമ്പോൾ അവിടെയും ഇപ്പോൾ മറ്റ് ആശുപത്രികളിലുള്ള സൗകര്യം ഒരുക്കും. ടാറ്റ ട്രസ്റ്റ് ആശുപത്രിയിലും പ്രത്യേക സൗകര്യമൊരുക്കുമെന്നു പറഞ്ഞിട്ടുണ്ട്. പകൽ പരിചരണ കേന്ദ്രത്തിന്റെ ആവശ്യത്തിലും പ്രത്യേക പരിഗണന നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം തടയാൻ കർശന നടപടികളുമായി സർക്കാർ. വ്യവസായങ്ങളും മറ്റുള്ള കച്ചവടസ്ഥാപനങ്ങളും കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പിന്തുടരണമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ഇത് പരിശോധിക്കുന്നതിനായി 40 ഇൻസ്പെക്ഷൻ, ഫ്ളൈയിംഗ് സ്വകാഡ് തുടങ്ങിയവയ്ക്ക് ചുമതല നൽകിയിട്ടുണ്ട്. കമ്മീഷന്റെ നേതൃത്വത്തിലാണ് ഇൻസ്‌പെക്ഷൻ, ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ നിയമിച്ചത്.

ഡൽഹിയിലെ വിവിധ ഭാഗങ്ങളിലും നാഷണൽ ക്യാപിറ്റൽ റീജിയണിലും ഇതിന്റെ ഭാഗമായി പരിശോധന നടത്തും. ഏറ്റവുമധികം വായുമലിനീകരണം രേഖപ്പെടുത്തുന്ന എയർ പൊല്യൂഷൻ ഹോട്ട്സ്പോട്ടുകളിലടക്കം പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. 8,580 പ്രദേശങ്ങളിൽ വെള്ളിയാഴ്ച പരിശോധന നടത്തി. 491 നിയമലംഘനങ്ങളാണ് കണ്ടെത്തയത്. ഡൽഹി (110), ഹരിയാന (118), ഉത്തർപ്രദേശ് (211), രാജസ്ഥാൻ (52) എന്നിങ്ങനെയാണ് കണക്കുകൾ. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ എന്ന പേരിലാണ് പരിശോധന നടക്കുന്നത്.

മാർഗനിർദേശങ്ങൾ പിന്തുടരണണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടും (എസ്പിസിബി) ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയോടും (ഡിപിസിസി) കമ്മീഷൻ നിർദ്ദേശം നൽകി.

ന്യൂഡൽഹി: അടുത്ത ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡിനെ നിയമിച്ച് രാഷ്ട്രപതി. സുപ്രിം കോടതിയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസാണ് ചന്ദ്രചൂഡ്. നവംബർ 9 നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ച് കൊണ്ടുള്ള ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. 2024 നവംബർ പത്തിനാണ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. രണ്ട് വർഷം അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാൻ കഴിയും.

യു യു ലളിത് നവംബർ എട്ടിന് വിരമിക്കും. 2016 മേയ് 13നാണ് ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. അലഹബാദ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു.

ബോംബെ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ ഇന്ത്യയുടെ അഡിഷനൽ സോളിസിറ്റർ ജനറലായും അദ്ദേഹം പ്രവർത്തിച്ചു. നിലവിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്. അച്ഛനും മകനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്നു എന്നതാണ് ചന്ദ്രചൂഡിന്റെ നിയമനത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊന്ന്.

അച്ഛൻ ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഏഴ് വർഷവും നാല് മാസവും 19 ദിവസവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദയാവധം, സ്വവർഗലൈംഗികത ക്രിമിനൽ കുറ്റമല്ലാതാക്കൽ, ഹാദിയ കേസ്, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്ത്രീകളുടെ ഗർഭഛിദ്രാവകാശം, അങ്ങനെ സമീപകാലത്ത് രാജ്യം ചർച്ച ചെയ്ത, രാജ്യത്തിന് പുതിയ ദിശാബോധം നൽകിയ നിരവധി വിധിന്യായങ്ങളിൽ അദ്ദേഹത്തിന്റെ നീതിബോധം പ്രകടമാണ്.

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബർ 17 മുതൽ 21 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിന് സമീപത്തായി നിലവിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ മറ്റൊരു ചക്രവാത ചുഴി രൂപപ്പെടും. ഇത് വ്യാഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് 17-10-2022 ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല. ലക്ഷദ്വീപ് തീരത്ത് 17-10-2022 ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചിലവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുതിർന്ന പ്രൊഫസർമാരുടെ പട്ടിക ഉടൻ നൽകണമെന്ന് നിർദ്ദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാല വൈസ് ചാൻസലർ വിരമിക്കുന്ന സാഹചര്യത്തിലാണ് മുതിർന്ന പ്രൊഫസർമാരുടെ പട്ടിക ഉടൻ നൽകണമെന്ന് വ്യക്തമാക്കി വിവിധ സർവകലാശാലകളിലെ വി സിമാർക്ക് ഗവർണർ നിർദ്ദേശം നൽകിയത്.

കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള ഒക്ടോബർ 24 നാണ് വിരമിക്കുന്നത്. അദ്ദേഹം വിരമിക്കുമ്പോൾ പകരം ചുമതല നൽകാനാണ് ഗവർണർ പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ടത്. വി സിമാർ വിരമിക്കുമ്പോൾ സമീപ സർവകലാശാലകളിലെ വി.സിമാർക്ക് പകരം ചുമതല നൽകുകയാണ് പതിവ്. എന്നാൽ, ഇതിന് പകരമായി സീനിയറായ പ്രൊഫസർക്ക് തന്നെ ചുമതല നൽകാനുള്ള നീക്കത്തിലാണ് ഗവർണർ.

കേരള സർവകലാശാല സെനറ്റ് അംഗങ്ങളിൽ ചാൻസലറുടെ നോമിനികളായ 15 പേരെ കഴിഞ്ഞ ദിവസം ഗവർണർ പിൻവലിച്ചിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിൻവലിക്കാൻ കാരണമായത്. ശനിയാഴ്ച മുതൽ 15 അംഗങ്ങൾ അയോഗ്യരാണെന്ന് വ്യക്തമാക്കി കേരള സർവകലാശാല വൈസ് ചാൻസലർക്ക് ഗവർണർ കത്ത് നൽകുകയയും ചെയ്തിരുന്നു.

ഗവർണർ പിൻവലിച്ചവരിൽ അഞ്ച് പേർ സിൻഡിക്കേറ്റ് അംഗങ്ങളും കൂടിയാണ്. വൈസ് ചാൻസലർ നിയമനത്തിനായി ചാൻസലറായ ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചർച്ച ചെയ്യാനാണ് കഴിഞ്ഞദിവസം യോഗം വിളിച്ചു ചേർത്തത്.

വി സി ഡോ. വി പി മഹാദേവൻ പിള്ളയടക്കം 13 പേർ മാത്രമായിരുന്നു. 91 അംഗങ്ങളുള്ള സെനറ്റിൽ പങ്കെടുക്കാനെത്തിയത്. സെനറ്റിൽ 13 പേരാണുള്ളത്. എന്നാൽ, ഇതിൽ രണ്ടു പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. പ്രോ-വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ക്വാറം തികയ്ക്കാനുള്ള 19 പേർ പോലുമില്ലാത്തതിനാൽ യോഗം നടന്നില്ല. നിലവിലെ വിസിയുടെ കാലാവധി 24-ന് പൂർത്തിയാവും. നാമനിർദേശം ചെയ്യപ്പെട്ടവരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ അവരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഈ അധികാരത്തിലായിരുന്നു ഗവർണറുടെ നടപടി.

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായി മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടകേന്ദ്രങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.