വാഹനയാത്രക്കാർക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമ കേന്ദ്രം; റസ്റ്റ് സ്റ്റോപ്പ് പദ്ധതിയുമായി സർക്കാർ
കാസർകോട്: സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് വേഗം പകർന്ന് സർക്കാർ. മഞ്ചേശ്വരത്ത് വാഹനയാത്രക്കാർക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമ കേന്ദ്രം നിർമ്മിക്കാനാണ് സർക്കാരിന്റെ തീരുമാനം. അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര വിശ്രമ കേന്ദ്രമാണ് കാസർകോട് നിർമ്മിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ റസ്റ്റ് സ്റ്റോപ്പ് പദ്ധതിയാണ് മഞ്ചേശ്വരത്ത് നിർമ്മാണം ആരംഭിക്കാനൊരുങ്ങുന്നത്.
ദേശീയപാതയിൽ മഞ്ചേശ്വരം ഹൊസങ്കടിക്ക് സമീപമാണ് റെസ്റ്റ് സ്റ്റോപ്പ് പദ്ധതി നിർമ്മിക്കുന്നത്. പത്ത് ഏക്കർ സർക്കാർ സ്ഥലത്താണ് നിർമ്മാണം. യാത്രക്കാർക്ക് വിശ്രമിക്കാനും വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ആധുനിക ശുചിമുറികൾ, ക്ലിനിക്ക്, ഫുഡ്കോർട്ടുകൾ, റീട്ടെയ്ൽ സ്റ്റോർ, കുട്ടികൾക്കുള്ള പ്ലേ സ്റ്റേഷൻ, പെട്രോൾ പമ്പ് തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും.
ഒരേ സമയം 200 കാറുകൾ പാർക്ക് ചെയ്യാമെന്നതാണ് റെസ്റ്റ് സ്റ്റോപ്പിന്റെ മറ്റൊരു പ്രത്യേകത. റെസ്റ്റ് സ്റ്റോപ്പിന്റെ നിർമ്മാണ ചുമതല ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെന്റ് ആന്റ് ഹോൾഡിങ്ങ് കമ്പനിക്കാണ്. അതേസമയം, കേരളത്തിൽ മറ്റ് 29 ഇടങ്ങളിൽ കൂടി റെസ്റ്റ് സ്റ്റോപ്പുകൾ ആരംഭിക്കും.










