ലണ്ടൻ: 54 രാജ്യങ്ങൾ കടുത്ത കടബാധ്യതയിലേക്കു നീങ്ങുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (യുഎൻഡിപി) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലോകത്തെ ദരിദ്ര്യ രാജ്യങ്ങളാണ് കടക്കെണിയിലേക്കു നീങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുള്ളത്.
കടബാധ്യതയിൽനിന്നു രക്ഷപ്പെടാൻ ഉടൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ രാജ്യങ്ങൾ കടുത്ത പട്ടിണിയിലേക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്. ശ്രീലങ്ക, പാക്കിസ്ഥാൻ, ചാഡ്, എത്യോപ്യ, സാംബിയ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതി ഇപ്പോൾ തന്നെ ഗുരുതരമാണെന്നാണ് വിവരം.
എങ്ങനെയാണ് ഈ പ്രതിസന്ധിയെ നേരിടേണ്ടതെന്ന മാർഗം അന്വേഷിക്കുകയാണെന്ന് യുഎൻഡിപി അഡ്മിനിസ്ട്രേറ്റർ അചിം സ്റ്റെയ്നർ വ്യക്തമാക്കി. ഉടൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ അനിയന്ത്രിതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

