ഇലന്തൂരിലെ ഇരട്ട നരബലി; കേരളത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി കേസിൽ കേരളത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കേസ് അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

നരബലിക്കേസിൽ പ്രതികളായ ഭഗവത് സിംഗ് മുഹമ്മദ് ഷാഫി, ലൈല എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രദേശത്ത് കൂടുതൽ മൃതദേഹങ്ങളുണ്ടെന്ന സൂചനയെ തുടർന്ന് ജെസിബി ഉപയോഗിച്ച് പറമ്പ് കുഴിച്ചുനോക്കാനാണ് പദ്ധതിയിടുന്നത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിൽനിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

പത്മം, റോസിലിൻ എന്നിവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പറമ്പിൽ വിശദമായ പരിശോധന നടത്തുന്നത്.