കോവിഡ് ശരീരത്തിൽ ബാക്കിവെച്ച രോഗങ്ങൾ തിരിച്ചറിയാൻ വൈകരുത്; ആരോഗ്യ പരിശോധന നടത്തണമെന്ന് വിദഗ്ധർ

കണ്ണൂർ: കോവിഡ് വൈറസ് ബാധിച്ച് രോഗമുക്തി നേടിയവരിൽ അഞ്ചിൽ ഒരാൾ കോവിഡാനന്തര പ്രശ്‌നങ്ങൾ അനുഭവിക്കുന്നതായി നെഞ്ചുരോഗ വിദഗ്ധർ. ലഘുവായ പ്രയാസം മുതൽ ഗൗരവമുള്ള ആരോഗ്യപ്രശ്‌നങ്ങൾ വരെ പലരും നേരിടുന്നുവെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

കോവിഡ് ബാധിതരായവരിൽ എല്ലാവരും ആരോഗ്യപരിശോധനയ്ക്ക് വിധേയരാകണമെന്നും നെഞ്ചുരോഗ വിദഗ്ധർ നിർദ്ദേശിക്കുന്നു. കോവിഡ് രോഗബാധിതരായി ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നവരും പ്രമേഹം, അമിത ബി.പി., ആസ്ത്മ തുടങ്ങിയ രോഗങ്ങളുള്ളവരും നിർബന്ധമായും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണം.

കോവിഡ് ശരീരത്തിൽ ബാക്കിവെച്ച രോഗങ്ങൾ തിരിച്ചറിയാൻ വൈകരുതെന്നാണ് അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സംസ്ഥാന പ്രസിഡന്റും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ പി എസ്. ഷാജഹാൻ അറിയിക്കുന്നത്. കണ്ണൂരിൽ നെഞ്ചുരോഗ വിദഗ്ധരുടെ ദേശീയസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ് ശ്വാസകോശങ്ങളിൽ ഉണ്ടാക്കിയ തകരാറുകൾ സ്ഥായിയായ രൂപമാറ്റത്തിൽ കലാശിക്കാം. ചിലർക്ക് ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാകുന്നു. ചിലരിൽ ശ്വാസകോശം ദ്രവിച്ചുപോകുന്നു. കിതപ്പു മുതൽ ഓക്‌സിജൻ ചികിത്സ ഇല്ലാതെ ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാം. കോവിഡ് വന്ന പല പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്നുണ്ട്. നേരത്തേ പ്രമേഹം ഇല്ലാത്ത ചിലരിലും രക്തത്തിൽ പഞ്ചസാര കൂടി. ഇവരിൽ പഞ്ചസാരയുടെ അളവ് കോവിഡ് മുക്തമായ ശേഷവും നിയന്ത്രണമില്ലാതെ തുടരുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.