ഡെങ്കിപ്പനി പ്രതിരോധത്തിൽ ഉറവിട നശീകരണം പ്രധാനം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

ഡെങ്കിപ്പനി പ്രതിരോധത്തിൽ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.എൽ. അനിതകുമാരി അറിയിച്ചു. ജില്ലയിൽ ഈ മാസം ഇതുവരെ പത്തനംതിട്ട മുനിസിപ്പാലിറ്റി, തിരുവല്ല മുനിസിപ്പാലിറ്റി, തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, കല്ലൂപ്പാറ, എഴുമറ്റൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, തലവേദന, കണ്ണുകൾക്ക് പിന്നിലും, പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഛർദ്ദി തുടങ്ങിയവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ചികിത്സ തേടണം. നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ രോഗ സങ്കീർണതകളും മരണവും ഒഴിവാക്കാൻ സാധിക്കും. രോഗബാധിതർ പൂർണ്ണമായും വിശ്രമിക്കണം. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻവെളളം, പഴച്ചാറുകൾ, മറ്റ് പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിതർ ഉറങ്ങുന്നതും വിശ്രമിക്കുന്നതും കൊതുകു വലയ്ക്കുളളിൽ ആയിരിക്കണം.

ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കൂത്താടികളുടെ സാന്നിധ്യം വളരെയധികം കാണപ്പെടുന്നുണ്ട്. ഉപയോഗശൂന്യമായ ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക. വെളളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ, ജല സംഭരണികൾ തുടങ്ങിയവ കൊതുക് കടക്കാത്ത രീതിയിൽ പൂർണമായും മൂടി വയ്ക്കുക.

ഫ്രിഡ്ജിനു പിറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ളവർവേസുകൾ, വെളളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങൾ മുതലായവയിലെ വെളളം ആഴ്ചയിലൊരിക്കലെങ്കിലും മാറ്റി വൃത്തിയാക്കണം. കൊതുകു കടിയേൽക്കാതിരിക്കാൻ ശരീരം മൂടുന്ന തരത്തിലുളള വസ്ത്രങ്ങൾ ധരിക്കുക, ജനലുകളും വാതിലുകളും കൊതുക് കടക്കാതെ അടച്ചിടുക. പകൽ ഉറങ്ങുമ്പോഴും കൊതുക് വല ഉപയോഗിക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.