മാതാപിതാക്കള് നഷ്ടപ്പെട്ട (മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട) കുട്ടികളുടെ പഠനം പാതിവഴിയില് ഉപേക്ഷിക്കാതിരിക്കാന് കേരള സര്ക്കാര്, സാമൂഹ്യ സുരക്ഷ മിഷന് വഴി നല്കുന്ന ആനുകൂല്യമാണ് സ്നേഹപൂര്വ്വം സ്കോളര്ഷിപ്പ്. വിദ്യാര്ത്ഥി പഠിക്കുന്ന സ്ഥാപനം വഴി ഓണ്ലൈനായാണ് അപേക്ഷ നല്കേണ്ടത്. അപേക്ഷ സമര്പ്പിക്കേണ്ട അവസാന തിയ്യതി, നവംബര് 30 ആണ്.
അതേസമയം, അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്ക്കും സ്നേഹപൂര്വ്വം സ്കോളര്ഷിപ്പിന് അപേക്ഷിക്കാന് കഴിയും. അവര് ഫോം വാങ്ങി ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാര്ശ സഹിതം നേരിട്ട് അപേക്ഷിക്കണം. ഒന്നാം ക്ലാസ് മുതല് അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്ക്ക് ഓരോ വര്ഷാ വര്ഷം 3000 രൂപയും ആറാം ക്ലാസ് മുതല് പത്താം ക്ലാസ് വരെയുള്ള കുട്ടികള്ക്ക് ഓരോ വര്ഷവും 5000 രൂപയും ലഭിക്കും.പ്ലസ് വണ്, പ്ലസ് ടു ക്ലാസ്സുകളിലെ കുട്ടികള്ക്ക് പഠനകാലയളവില് ഓരോ വര്ഷവും 7500 രൂപയും ലഭിക്കുന്നതാണ്.ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികള്ക്ക് പനകാലയളവിലെ വര്ഷങ്ങളില് (3വര്ഷം) 10,000 രൂപയും ലഭിക്കും.
അപേക്ഷാര്ത്ഥി പഠിക്കുന്ന സ്കൂളിന്റെ / കോളേജിന്റെ സ്ഥാപന മേധാവിയ്ക്ക് സമര്പ്പിക്കേണ്ട രേഖകള്
അപേക്ഷ ഫോം
അപേക്ഷാര്ത്ഥിയുടെ കാര്ഡിന്റെ ആധാര് കാര്ഡ് കോപ്പി
മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സര്ട്ടിഫിക്കറ്റിന്റെ കോപ്പി
കുട്ടിയും ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി
റേഷന് കാര്ഡ് BPL കാറ്റഗറിയില് ആണെങ്കില് അതിന്റെ കോപ്പി. അവര്ക്ക് വരുമാന സര്ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല
റേഷന് കാര്ഡ് APL കാറ്റഗറിയാണെങ്കില് വില്ലേജ് ഓഫീസില് നിന്ന് വാങ്ങുന്ന വരുമാന സര്ട്ടിഫിക്കറ്റ് നിര്ബന്ധമായും വേണം. ഗ്രാമ പ്രദേശങ്ങളില് 20,000/- രൂപയില് താഴെയുള്ള വരുമാന സര്ട്ടിഫിക്കറ്റും നഗരപ്രദേശമാണെങ്കില് 22,375/- രൂപയില് താഴെയുള്ള വരുമാന സര്ട്ടിഫിക്കറ്റുമുള്ളവരെയാണ്, പരിഗണിക്കുക.

