ചെന്നൈ: പഴനി മുതൽ കൊടൈക്കനാൽ വരെ റോപ് കാർ സർവീസ് ആരംഭിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. ദിണ്ടിഗൽ ജില്ലയിലെ രണ്ട് പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിയ്ക്കായി 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ ആദ്യമായാണ് ഇത്രയും വലിയൊരു റോപ് കാർ പദ്ധതി വരുന്നത്. പദ്ധതിയുടെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഓസ്ട്രേലിയയിൽ നിന്നുള്ള എൻജിനീയർമാരും നാഷണൽ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡിലെ(NHLM) ഉദ്യോഗസ്ഥരും ചേർന്നു പഠനം നടത്തി
6 മാസത്തിനകം റിപ്പോർട്ട് നൽകും. വനംവകുപ്പിന്റെ അനുമതി ലഭിച്ചശേഷം ഏരിയൽ സർവേ നടത്തും. തുടർന്ന് ടെൻഡർ പ്രഖ്യാപിക്കും. മൂന്ന് വർഷം സമയമെടുത്തായിരിക്കും നിർമ്മാണം പൂർത്തിയാക്കുന്നത്. പഴനി-കൊടൈക്കനാൽ ഉൾപ്പെടെ ഏഴിടങ്ങളിൽ റോപ്പ് കാർ സൗകര്യം ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്തരാഖണ്ഡിൽ അഞ്ചിടങ്ങളിൽ എൻഎച്ച്എൽഎം സമാനമായ പ്രവർത്തനം നടത്തുന്നുണ്ട്.
അതേസമയം, നിലവിൽ പഴനിയിലെ ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിൽ റോപ്പ് കാർ സർവ്വീസ് നടത്തുന്നുണ്ട്. അടിവാരത്ത് നിന്നും മലമുകളിലെ ക്ഷേത്രത്തിലേക്കെത്താൻ റോപ് കാർ ഉപയോഗിക്കാം. ഇതിന്റെ ചാർജ് ഒരാൾക്ക് 15 രൂപയാണ്.

