2025 ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥ 1,280 കോടി ഡോളറാകുമെന്ന് (ഏകദേശം 105,448.38 കോടി രൂപ) പ്രതീക്ഷിക്കുന്നതായി റിപ്പോര്ട്ട്. ചെറിയ ഉപഗ്രഹങ്ങള്ക്കായുള്ള വര്ധിച്ചുവരുന്ന ആവശ്യം ഇന്ത്യയില് ഉപഗ്രഹ നിര്മാണം വര്ധിപ്പിക്കും. ഐഎസ്ആര്ഒയുമായി സഹകരിച്ച് പ്രവര്ത്തിക്കാന് നിരവധി സ്റ്റാര്ട്ടപ്പുകള് മുന്നോട്ടുവന്നിട്ടുണ്ടെന്നും ഇന്ത്യന് സ്പേസ് അസോസിയേഷനും (ഐഎസ്പിഎ) ഏണസ്റ്റ് ആന്ഡ് യംഗും പുറത്തുവിട്ട റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
അതേസമയം, വിദേശനാണ്യത്തിന്റെ കാര്യത്തില് സാറ്റലൈറ്റ് സേവനങ്ങളും ആപ്ലിക്കേഷന് വിഭാഗവും വലിയ മുന്നേറ്റം നടത്തുമെന്നും 2025 ഓടെ 460 കോടി ഡോളര് വിറ്റുവരവും, ഉപഗ്രഹ നിര്മാണം വഴി 320 ഡോളറും, വിക്ഷേപണ സേവനങ്ങളിലൂടെ 100 കോടി ഡോളര് വരുമാനം ലഭിക്കുമെന്നുമാണ് പ്രതീക്ഷ. സ്വകാര്യ കമ്പനികളെയും ബഹിരാകാശ മേഖലയില് ഉള്പ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്ക്കാരിന്റെ നീക്കം ഇന്ത്യന് ബഹിരാകാശ പദ്ധതികള്ക്ക് കൂടുതല് ഉത്തേജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്ട്ടില് സൂചിപ്പിക്കുന്നു.
സാറ്റലൈറ്റ് വിക്ഷേപണ റോക്കറ്റുകളുടെ ലഭ്യതയും വന്തോതിലുള്ള റോക്കറ്റ് നിര്മാണവും കുറഞ്ഞ നിരക്കിലാവുമ്പോള് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളില് നിന്നുള്ള വരുമാനം വര്ധിപ്പിക്കും. പുത്തന് സാങ്കേതികവിദ്യകള് ഉപയോഗിച്ച് ഇന്ത്യന് സ്വകാര്യ കമ്പനികള് ബഹിരാകാശ വ്യവസായത്തെ കൂടുതല് ഉപയോഗപ്പെടുത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

