കൊച്ചി: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് ഉത്തരവ്. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇവയിലെ അധിക ഫിറ്റിംഗുകളും അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളിൽ പൊതു-സ്വകാര്യമേഖല വ്യത്യാസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഏകീകൃത നിറം നൽകുന്നതിന് സാവകാശം നൽകണമെന്ന ടൂറിസ്റ്റ് ബസ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു. എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധിക്കണമെന്നും ബസ് ഉടമകൾ പരിശോധനയുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു.ടൂറിസ്റ്റ് ബസുകൾക്ക് വെളള നിറം മാത്രം പോരെന്നും നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും ഇല്ലെന്നുറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി തന്നെ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കണമെന്നാണ് കോടതി നൽകിയിട്ടുള്ള നിർദ്ദേശം. ബസ് ഉടമകൾ സഹകരിച്ചില്ലെങ്കിൽ കോടതി അലക്ഷ്യ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. വടക്കഞ്ചേരിയിൽ സ്കൂൾ അധികൃതർ സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ബസാണ് ഉപയോഗിച്ചതെന്നും കോടതി കൂട്ടിച്ചേർത്തു.

