Highlights (Page 200)

തിരുവനന്തപുരം: സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലും പ്രതികരിക്കാതെ സാംസ്‌കാരിക നായകന്മാർ. ഉത്തരേന്ത്യയിൽ ഉൾപ്പടെ ബലാത്സംഗം നടന്നാൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നവർ കേരളത്തിൽ അത്തരം സംഭവങ്ങളുണ്ടാകുമ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്ന ചോദ്യം. നിരവധി ട്രോളുകളും ഇത് സംബന്ധിച്ച് ഉയരുന്നുണ്ട്. മുൻപ് പല സംഭവങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ സാംസ്‌കാരിക നായകന്മാർ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തുകൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പരിഹാസം.

വണ്ടിപെരിയാർ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സാംസ്‌കാരിക നായകർ പുലർത്തുന്ന മൗനം ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയത്. വണ്ടിപെരിയാറിനൊപ്പം വടകര. വാളയാർ പീഡനങ്ങൾ കൂടി ഉയർത്തികാട്ടിയാണ് കോൺഗ്രസ് സാംസ്‌കാരിക നായകർക്കെതിരെ വിമർശനം ഉയർത്തുന്നത്.

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ച് കെട്ടിത്തൂക്കിയ സംഭവത്തിൽ ഒരക്ഷരം പോലും പ്രതികരിക്കാൻ കേരളത്തിലെ സാംസ്‌കാരിക നായകന്മാരൊന്നും തയ്യാറായിട്ടില്ലായിരുന്നു. സർക്കാരിൽ നിന്നും സ്ഥാനമാനങ്ങൾ മോഹിക്കുന്നവരാണ് പ്രതികരിക്കാതെ മൗനംപാലിക്കുന്നതെന്നാണ് വിമർശകരുടെ ആരോപണം.

ന്യൂഡൽഹി: അടിമുടി മാറ്റങ്ങളുമായാണ് കേന്ദ്രമന്ത്രി സഭ പുന:സംഘടിപ്പിച്ചത്. പുതുമുഖങ്ങളുടെ സാന്നിദ്ധ്യവും വനിതാ പ്രാതിനിധ്യവും പിന്നാക്ക സംവരണവും പുന:സംഘടനയിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. 43 പേരാണ് മന്ത്രസഭയിലേക്ക് പുതുതായി എത്തിയത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വനിതാ മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് രണ്ടാം മോദി സർക്കാരിന്റെ പുനഃസംഘടന നടന്നത്. പുതിയ ക്യാബിനറ്റിൽ എഴ് വനിതകൾക്കാണ് മന്ത്രിസ്ഥാനം നൽകിയത്. 9 സംസ്ഥാനങ്ങളിൽ നിന്നായി 11 വനിതാ മന്ത്രിമാരാണ് ആകെ കേന്ദ്രമന്ത്രിസഭയിലുള്ളത്.

മീനാക്ഷി ലേഖി, ശോഭ കരന്ദലജെ, അന്നപൂർണ്ണ ദേവി യാദവ്, പ്രതിമ ഭൗമിക്, ഭാരതി പ്രവീൺ പവാർ, അനുപ്രിയ സിംഗ് പട്ടേൽ, ദർശന വിക്രം ജർദോഷ് തുടങ്ങിയവരാണ് പുതുതായി കേന്ദ്രമന്ത്രിസഭയിലെത്തിയത്. ധനമന്ത്രി നിർമ്മല സീതാരാമൻ, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, ഗ്രാമ വികസന മന്ത്രി സിദ്വി നിരഞ്ജൻ റോയ്, പട്ടിക ജാതി വകുപ്പ് മന്ത്രി രേണുക സിങ് തുടങ്ങിയവരാണ് കേന്ദ്രമന്ത്രിസഭയിൽ ഉണ്ടായിരുന്നത്.

ഡൽഹിയിൽ നിന്നുള്ള എംപിയാണ് മീനാക്ഷി ലേഖി. അഭിഭാഷക എഴുത്തുകാരി എന്ന് നിലയിൽ ശ്രദ്ധ നേടിയ മീനാക്ഷി ലേഖി ബിജെപിയിലെ പാർലമെന്റിലെ കരുത്തുറ്റ നേതാവാണ്. ജാർഖണ്ഡിലെ കോദാർമയിൽ നിന്നുള്ള ലോക്‌സഭ എംപിയും എസ്ടി വിഭാഗം നേതാവുമാണ് അന്നപൂർണ്ണ ദേവി യാദവ്. നേരത്തെ ജാർഖണ്ഡ് – ബിഹാർ എന്നിവിടങ്ങളിൽ നിന്ന് നാല് തവണ എം.എൽ.എ ആയി അന്നപൂർണ്ണദേവി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജാർഖണ്ഡ് മന്ത്രി സഭയിൽ വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

യുപിയിൽ നിന്നുള്ള എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അപ്നാ ദൾ നേതാവുമാണ് അനുപ്രിയ പട്ടേൽ. ഒന്നാം മോദി സർക്കാർ മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് സഹമന്ത്രിയായിരുന്നു.

കർണാടകയിൽ നിന്നുള്ള എംപിയും ബിജെപി കർണാടക വൈസ് പ്രസിഡന്റുമാണ് ശോഭ കരന്തലജെ. രണ്ടു തവണ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ കർമാടകയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന ശോഭാ കരന്തലജെ ഭക്ഷ്യ-സിവിൽ സപ്ലൈസ്, പവർ, റൂറൽ ഡെവലപ്‌മെന്റ്, പഞ്ചായത്ത് രാജ് തുടങ്ങിയ വകുപ്പുകളുടെ ചുമതല നിർവ്വഹിച്ചിരുന്നു.

മികച്ച വനിത പാർലമെൻറേറിയനുള്ള 2010 ലെ പുരസ്‌കാരത്തിന് അർഹയും മഹാരാഷ്ട്ര ലോകസഭാംഗവും എസ് സി വിഭാഗം നേതാവുമാണ് ഭാരതി പ്രവീൺ പവാർ. നാസിക് ജില്ലാ പരിഷദ് അംഗം കൂടിയാണിവർ. ത്രിപുര വെസ്റ്റിൽ നിന്നുള്ള ലോക്‌സഭാഗമാണ് പ്രതിമ ഭൗമിക്.

ഗുജറാത്തിൽ നിന്നുള്ള ലോക്‌സഭാംഗമാണ് ദർശന വിക്രം ജർദോഷ്. മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ദർശന വിക്രം സൂറത്ത് മുൻസിപ്പൽ കോർപ്പറേഷനിലെ കോർപ്പറേറ്റർ, ഗുജറാത്ത് സോഷ്യൽ വെൽഫെയർ ബോർഡിലെ അംഗം, സംസ്‌കൃതി ആർട്‌സ് ആൻഡ് കൾചറൽ ഓർഗനൈസേഷൻ ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

ന്യൂഡൽഹി: പുതുമുഖങ്ങളെ ഉൾപ്പെടുത്തി രണ്ടാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുന:സംഘടന. പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് സർക്കാർ കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ചത്. 43 അംഗങ്ങളാണ് മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നത്.

നാരായൺ റാണ, ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനാവാൾ, കിരൺ റിജിജു, ഹർദീപ് പുരി, ജി.കിഷൻ റെഡ്ഡി, അനുരാഗ് ഠാക്കൂർ, ആർസിപി സിംഗ്, ഡോ. വീരേന്ദ്ര കുമാർ, അനുപ്രിയ പട്ടേൽ, പശുപതി കുമാർ പരാസ്, അശ്വനി വൈഷ്ണവ്, രാജ് കുമാർ സിംഗ്, മൻസുഖ് മാണ്ഡവിയ, ഭൂപേന്ദർ യാദവ്, പുരുഷോത്തം രൂപാല, രാമചന്ദ്ര പ്രസാദ് സിങ്, സത്യപാൽ സിങ് ബാഘേൽ, ശോഭ കരന്ദലജെ, മീനാക്ഷി ലേഖി തുടങ്ങിയവർ മന്ത്രിസഭയിൽ ഇടംനേടിയിട്ടുണ്ട്. നാരായൺ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് സർബാനന്ദ സോനോവാളും ഡോ വീരേന്ദ്ര കുമാറും സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം കേന്ദ്രമന്ത്രിമാരായ ഡി.വി സദാനന്ദ ഗൗഡ, രവിശങ്കർ പ്രസാദ്, താവർചന്ദ് ഗെലോട്ട്, രമേശ് പൊഖ്രിയാൽ, ഡോ. ഹർഷ് വർധൻ, പ്രകാശ് ജാവദേക്കർ, സന്തോഷ് കുമാർ ഗാംഗ്വർ, ബാബുൽ സുപ്രിയോ, ധോത്രേ സഞ്ജയ് ഷംറാവു, രത്തൻ ലാൽ കതാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ദേബശ്രീ ചൗധരി തുടങ്ങിയവർ മന്ത്രിസഭയിൽ നിന്നും രാജി വെച്ചു.

മന്ത്രിസഭയിലെത്തുന്ന പുതിയ അംഗങ്ങൾ

1- നാരായൺ റാണെ
2- സർബാനന്ദ സോനോവാൾ
3- ഡോ. വീരേന്ദ്ര കുമാർ
4-ജ്യോതിരാദിത്യ സിന്ധ്യ
5- രാമചന്ദ്ര പ്രസാദ് സിങ്
6-അശ്വിനി വൈഷ്ണവ്
7- പശുപതി കുമാർ പരസ്
8-കിരൺ റിജിജു
9-രാജ് കുമാർ സിങ്
10- ഹർദീപ് സിങ് പുരി
11- മൻസുഖ് മാണ്ഡവ്യ
12-ഭൂപേന്ദർ യാദവ്
13- പുരുഷോത്തം രൂപാല
14-ജി. കിഷൻ റെഡ്ഡി
15-അനുരാഗ് ഠാക്കൂർ
16-പങ്കജ് ചൗധരി
17-അനുപ്രിയ സിങ് പട്ടേൽ
18-സത്യപാൽ സിങ് ബാഘേൽ
19-രാജീവ് ചന്ദ്രശേഖർ
20-ശോഭ കരന്ദലജെ
21-ഭാനുപ്രതാപ് സിങ് വർമ
22-ദർശന വിക്രം ജർദോഷ്
23-മീനാക്ഷി ലേഖി
24-അന്നപൂർണ ദേവി
25-എ. നാരായണസ്വാമി
26-കൗശൽ കിഷോർ
27-അജയ് ഭട്ട്
28-ബി.എൽ. വർമ
29-അജയ് കുമാർ
30-ചൗഹാൻ ദേവുസിൻഹ്
31-ഭഗവന്ത് ഖൂബ
32-കപിൽ മോരേശ്വർ പാട്ടീൽ
33-പ്രതിമ ഭൗമിക്
34-ഡോ. സുഭാഷ് സർക്കാർ
35-ഡോ. ഭഗവത് കൃഷ്ണറാവു കാരാട്
36-ഡോ. രാജ്കുമാർ രഞ്ജൻ സിങ്
37-ഡോ. ഭാരതി പ്രവീൺ പവാർ
38-ബിശ്വേശ്വർ ടുഡു
39-ശന്തനു ഠാക്കൂർ
40-ഡോ. മുഞ്ജപര മഹേന്ദ്രഭായി
41-ജോൺ ബാർല
42- ഡോ. എൽ. മുരുഗൻ
43- നിതീഷ് പ്രമാണിക്ര

ന്യൂഡൽഹി: അടുത്ത വർഷം മുതൽ രാജ്യത്തുടനീളം ഉദ്യോഗാർത്ഥികൾക്കായി പൊതു യോഗ്യതാ പരീക്ഷ നടത്തും. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇക്കാര്യം നടപ്പാക്കാൻ വൈകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐ എ എസ്) ഉദ്യോഗസ്ഥരുടെ സിവിൽ ലിസ്റ്റ് 2021 ഇ – ബുക്ക് പുറത്തിറക്കിയ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റിക്രൂട്‌മെന്റ് സുഗമമാക്കുന്നതിനാണ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം പൊതു പരീക്ഷ നടപ്പാക്കുന്നതെന്നും യുവാക്കൾക്കും വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്കും ഇത് ഗുണകരമാകുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

പൊതുയോഗ്യതാ പരീക്ഷ നടപ്പാക്കുന്നതിനായി നാഷണൽ റിക്രൂട്ട്‌മെന്റ് ഏജൻസി (എൻ ആർ എ) രൂപീകരിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് എൻആർഎയുടെ രൂപീകരണം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ തുടങ്ങിയവയിലൂടെ നടത്തുന്ന സർക്കാർ മേഖലയിലെ നിയമനങ്ങൾക്ക് എൻ ആർ എ നടത്തുന്ന പൊതു യോഗ്യതാ പരീക്ഷയിലൂടെയായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി കരസ്ഥമാക്കുന്നതിനുള്ള നൂലാമാലകൾ ലഘൂകരിച്ചതായും വിവിധ സാമൂഹിക സാമ്പത്തിക പശ്ചാത്തലമുള്ള എല്ലാ ഉദ്യോ?ഗാർത്ഥികളെയും പരിഗണിക്കുന്ന ചരിത്രപരമായ പരിഷ്‌കരണമാണിതെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

തിരുവനന്തപുരം: കോട്ടൂര്‍ ആന പരിപാലനകേന്ദ്രത്തില്‍ നാല് വയസുള്ള ഒരു കുട്ടിയാന കൂടി ചരിഞ്ഞു.വൈറസ് ബാധ വ്യാപനത്തെ തുടര്‍ന്ന് സങ്കേതത്തിലെ ആനകള്‍ നിരീക്ഷണത്തിലിരിക്കെയാണ് അര്‍ജുന്‍ ചരിഞ്ഞത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അപൂര്‍വ വൈറസ് ബാധയെ തുടര്‍ന്ന് ശ്രീക്കുട്ടിയെന്ന കുട്ടിയാന ചരിഞ്ഞത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂര്‍വ വൈറസാണ് ഇത്. ഹെര്‍പസ് എന്നാണ് ഈ അപൂര്‍വ വൈറസിന്റെ പേര്. പത്ത് വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും. കണ്ണന്‍ ആമിന എന്നീ കുട്ടിയാനകളാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തരവിമാന സര്‍വീസുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഒരേ സമയത്ത് ഇനി 65 ശതമാനം യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ അന്‍പത് ശതമാനം യാത്രക്കാര്‍ക്ക് മാത്രമേ യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നുള്ളു. നിലവില്‍ പ്രതിദിനം ഒന്നരലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാനസര്‍വീസുകളെ ആശ്രയിക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇത് 1.7 മുതല്‍ 1.8 ലക്ഷം വരെയാവുമെന്നാണ് കണക്കുകൂട്ടല്‍.

കുട്ടികളിലെ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ കേരളാ പൊലീസ് ആരംഭിച്ച ചിരി പദ്ധതി പരിചയപ്പെടുത്തി വ്‌ളോഗര്‍ ശങ്കരന്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിളിക്കുന്നു.

ഓണ്‍ലൈന്‍ പഠനത്തിന്റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കോള്‍ സെന്ററുമായി പങ്ക് വയ്ക്കുന്നത്. മാനസിക പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സലിങ്ങും നല്കുന്നുണ്ട്.

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള കോ-വിൻ പ്ലാറ്റ്‌ഫോം ഓപ്പൺ സോഴ്സ് ആക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ള ഏത് രാജ്യത്തിനും കോ-വിൻ പ്ലാറ്റ്‌ഫോം ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺവിൻ ഗ്ലോബൽ കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകത്തെ മുഴുവൻ ഒരു കുടുംബമായാണ് ഇന്ത്യൻ നാഗരികത കണക്കാക്കുന്നത്. അതുകൊണ്ടാണ് കോവിഡ് വാക്‌സിനേഷനായുള്ള ഇന്ത്യയുടെ പ്ലാറ്റ്‌ഫോം ഓപ്പൺ സോഴ്സ് ആക്കാൻ തയ്യാറാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ ആഗോള സമൂഹവുമായി എല്ലാ അനുഭവങ്ങളും വൈദഗ്ധ്യവും വിഭവങ്ങളും പങ്കിടാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. എത്ര ശക്തമാണെങ്കിലും, ഏതൊരു രാജ്യത്തിനും ഒറ്റപ്പെട്ട രീതിയിൽ ഇതുപോലുള്ള ഒരു വെല്ലുവിളി പരിഹരിക്കാൻ കഴിയില്ലെന്ന് അനുഭവം വ്യക്തമാക്കുന്നു. കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ സാങ്കേതിക വിദ്യ അവിഭാജ്യമാണ്. വിഭവ പരിമിതികളില്ലാത്ത ഒരു മേഖലയാണ് സോഫ്റ്റ് വെയർ. അതുകൊണ്ടാണ് ഞങ്ങളുടെ കോവിഡ് ട്രേസിംഗ്, ട്രാക്കിംഗ് ആപ്പ് സാങ്കേതികമായി പ്രായോഗികമാകുമ്പോൾ തന്നെ ഓപ്പൺ സോഴ്സ് ആക്കിയതെന്നും അദ്ദേഹം വിശദമാക്കി.

വാക്‌സിനേഷന്റെ പ്രാധാന്യം കണക്കിലെടുത്ത്, വാക്‌സിനേഷൻ തന്ത്രം ആസൂത്രണം ചെയ്യുമ്പോൾ പൂർണ്ണമായും ഡിജിറ്റൽ സമീപനം സ്വീകരിക്കാൻ ഇന്ത്യ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. കോവിൻ വഴി ഇന്ത്യ 350 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്: മുകേഷ് ദേഷ്യപ്പെട്ടതിൽ പ്രശ്‌നമില്ലെന്ന് പാലക്കാട്ടെ വിദ്യാർത്ഥി. കൂട്ടുകാരന് ഫോൺ കിട്ടാൻ വേണ്ടിയാണ് മുകേഷിനെ വിളിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. അദ്ദേഹം ഫോൺ ഇല്ലാത്തവർക്ക് ഫോൺ വാങ്ങിക്കൊടുക്കുന്നതായി കേട്ടിരുന്നുവെന്നും പാലക്കാട് ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ വിഷ്ണു വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വിഷ്ണു മുകേഷിനെ ഫോണിൽ ബന്ധപ്പെട്ടത്. മുകേഷ് വിദ്യാർത്ഥിയോട് കയർത്തു സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ മുകേഷിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു. തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി മുകേഷ് രംഗത്തെത്തുകയും ചെയ്തു. സംഭവം ആസൂത്രിതമാണെന്നും പരാതി നൽകുമെന്നുമാണ് മുകേഷ് അറിയിച്ചിരുന്നത്.

പിന്നീടാണ് സംഭവത്തിൽ പ്രതികരണവുമായി മുകേഷിനെ ബന്ധപ്പെട്ട വിദ്യാർത്ഥി വിഷ്ണു രംഗത്തെത്തിയത്. മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോൾ മുകേഷേട്ടൻ ഗൂഗിൾ മീറ്റിങ്ങിലാണെന്ന് പറയുകയും കുറച്ചു കഴിഞ്ഞ് വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് താൻ ആറ് തവണ അദ്ദേഹത്തെ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോൾ ഗൂഗിൾ മീറ്റ് കട്ടായി എന്ന് പറഞ്ഞെു മുകേഷേട്ടൻ തിരിച്ചു വിളിച്ചുവെന്ന് വിദ്യാർത്ഥി പറഞ്ഞു.

ഫോൺ വിളിച്ചത് റെക്കോർഡ് ചെയ്തത് സിനിമാ നടനെ വിളിച്ചതു കൊണ്ടാണെന്നും സ്‌കൂളിൽ ഫോണില്ലാത്ത കുട്ടികൾക്ക് സഹായത്തിന് വേണ്ടിയാണ് വിളിച്ചതെന്നും വിഷ്ണു വ്യക്തമാക്കുന്നു. ആറ് പ്രാവശ്യം വിളിച്ചതു കൊണ്ടാവും ദേഷ്യപ്പെട്ടതെന്നും തനിക്കതിൽ ഒരു പ്രശ്നവും ഇല്ലെന്നും വിഷ്ണു വിശദമാക്കി. തനിക്ക് ഫോൺ കിട്ടാൻ കുറേ ബുദ്ധിമുട്ടിയിരുന്നു. അമ്മയുടെ ശമ്പളം ഒക്കെ ഉപയോഗിച്ചാണ് ഫോൺ വാങ്ങിയത്. ബാക്കിയുള്ള കുട്ടികൾ എത്ര കഷ്ടപ്പെടുന്നുണ്ടാകുമെന്ന് കരുതിയാണ് വിളിച്ചത്. റെക്കോർഡ് ചെയ്ത സംഭാഷണം കൂട്ടുകാരന് മാത്രമെ ഷെയർ ചെയ്തു കൊടുത്തുള്ളുവെന്നും സോഷ്യൽ മീഡിയയിൽ വോയിസ് പ്രചരിക്കപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും വിദ്യാർത്ഥി കൂട്ടിച്ചേർത്തു. അതേസമയം വിഷ്ണു പാർട്ടി കുടുംബത്തിലെ അംഗമാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും സിപിഎം പ്രദേശിക നേതൃത്വം അറിയിച്ചു.

കാബൂൾ: അമേരിക്കൻ പട്ടാളം അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങുന്നതിന് പിന്നാലെ അഫ്ഗാനിസ്താനിൽ നിയന്ത്രണങ്ങൾ കർശനമാക്കി താലിബാൻ. സ്ത്രീകൾ വീട്ടിൽ നിന്നും വിട്ട് ഒറ്റയ്ക്ക് ഇറങ്ങരുതെന്നും പുരുഷന്മാർ എല്ലാവരും താടി നീട്ടിവളർത്തി യാഥാസ്ഥിതിക മുസ്ലിം ആയി മാറണമെന്നും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് താലിബാൻ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അഫ്ഗാനിസ്ഥാനിലെ വടക്ക് കിഴക്കൻ പ്രവിശ്യയായ തഖാറിൽ ആണ് താലിബാൻ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. പെൺകുട്ടികൾക്ക് സ്ത്രീധന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധുവിന്റെ ഒപ്പം അല്ലാതെ സ്ത്രീകൾ പുറത്ത് പോകരുതെന്നാണ് നിർദേശം. തെളിവുകളില്ലാതെ വിചാരണ നടത്താനും താലിബാൻ തീരുമാനിച്ചിട്ടുണ്ട്. ഇസ്ലാമിക ഭരണത്തിന്റെ കടുത്ത പതിപ്പ് അടിച്ചേൽപ്പിച്ചിക്കാൻ താലിബാൻ മുൻകാലങ്ങളിലും ശ്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ. രാജ്യത്ത് നിന്ന് യുഎസ് സേന പിന്മാറുന്നതിനാൽ രാജ്യത്തുടനീളം നിരവധി ജില്ലകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം.

2001 ൽ യുഎസ് സൈന്യം എത്തുന്നതിനു മുൻപ് പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിനും , സ്ത്രീകൾ പുറത്ത് ജോലി ചെയ്യാൻ പോകുന്നതിനും താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു . ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പലപ്പോഴും അപമാനവും പരസ്യമായി മർദ്ദനവും വരെ നേരിടേണ്ടി വന്നിരുന്നു.