കാബൂൾ: അമേരിക്കൻ പട്ടാളം അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങുന്നതിന് പിന്നാലെ അഫ്ഗാനിസ്താനിൽ നിയന്ത്രണങ്ങൾ കർശനമാക്കി താലിബാൻ. സ്ത്രീകൾ വീട്ടിൽ നിന്നും വിട്ട് ഒറ്റയ്ക്ക് ഇറങ്ങരുതെന്നും പുരുഷന്മാർ എല്ലാവരും താടി നീട്ടിവളർത്തി യാഥാസ്ഥിതിക മുസ്ലിം ആയി മാറണമെന്നും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് താലിബാൻ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
അഫ്ഗാനിസ്ഥാനിലെ വടക്ക് കിഴക്കൻ പ്രവിശ്യയായ തഖാറിൽ ആണ് താലിബാൻ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. പെൺകുട്ടികൾക്ക് സ്ത്രീധന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധുവിന്റെ ഒപ്പം അല്ലാതെ സ്ത്രീകൾ പുറത്ത് പോകരുതെന്നാണ് നിർദേശം. തെളിവുകളില്ലാതെ വിചാരണ നടത്താനും താലിബാൻ തീരുമാനിച്ചിട്ടുണ്ട്. ഇസ്ലാമിക ഭരണത്തിന്റെ കടുത്ത പതിപ്പ് അടിച്ചേൽപ്പിച്ചിക്കാൻ താലിബാൻ മുൻകാലങ്ങളിലും ശ്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ. രാജ്യത്ത് നിന്ന് യുഎസ് സേന പിന്മാറുന്നതിനാൽ രാജ്യത്തുടനീളം നിരവധി ജില്ലകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം.
2001 ൽ യുഎസ് സൈന്യം എത്തുന്നതിനു മുൻപ് പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിനും , സ്ത്രീകൾ പുറത്ത് ജോലി ചെയ്യാൻ പോകുന്നതിനും താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു . ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പലപ്പോഴും അപമാനവും പരസ്യമായി മർദ്ദനവും വരെ നേരിടേണ്ടി വന്നിരുന്നു.

