ന്യൂഡൽഹി: അടിമുടി മാറ്റങ്ങളുമായാണ് കേന്ദ്രമന്ത്രി സഭ പുന:സംഘടിപ്പിച്ചത്. പുതുമുഖങ്ങളുടെ സാന്നിദ്ധ്യവും വനിതാ പ്രാതിനിധ്യവും പിന്നാക്ക സംവരണവും പുന:സംഘടനയിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. 43 പേരാണ് മന്ത്രസഭയിലേക്ക് പുതുതായി എത്തിയത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വനിതാ മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് രണ്ടാം മോദി സർക്കാരിന്റെ പുനഃസംഘടന നടന്നത്. പുതിയ ക്യാബിനറ്റിൽ എഴ് വനിതകൾക്കാണ് മന്ത്രിസ്ഥാനം നൽകിയത്. 9 സംസ്ഥാനങ്ങളിൽ നിന്നായി 11 വനിതാ മന്ത്രിമാരാണ് ആകെ കേന്ദ്രമന്ത്രിസഭയിലുള്ളത്.
മീനാക്ഷി ലേഖി, ശോഭ കരന്ദലജെ, അന്നപൂർണ്ണ ദേവി യാദവ്, പ്രതിമ ഭൗമിക്, ഭാരതി പ്രവീൺ പവാർ, അനുപ്രിയ സിംഗ് പട്ടേൽ, ദർശന വിക്രം ജർദോഷ് തുടങ്ങിയവരാണ് പുതുതായി കേന്ദ്രമന്ത്രിസഭയിലെത്തിയത്. ധനമന്ത്രി നിർമ്മല സീതാരാമൻ, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, ഗ്രാമ വികസന മന്ത്രി സിദ്വി നിരഞ്ജൻ റോയ്, പട്ടിക ജാതി വകുപ്പ് മന്ത്രി രേണുക സിങ് തുടങ്ങിയവരാണ് കേന്ദ്രമന്ത്രിസഭയിൽ ഉണ്ടായിരുന്നത്.
ഡൽഹിയിൽ നിന്നുള്ള എംപിയാണ് മീനാക്ഷി ലേഖി. അഭിഭാഷക എഴുത്തുകാരി എന്ന് നിലയിൽ ശ്രദ്ധ നേടിയ മീനാക്ഷി ലേഖി ബിജെപിയിലെ പാർലമെന്റിലെ കരുത്തുറ്റ നേതാവാണ്. ജാർഖണ്ഡിലെ കോദാർമയിൽ നിന്നുള്ള ലോക്‌സഭ എംപിയും എസ്ടി വിഭാഗം നേതാവുമാണ് അന്നപൂർണ്ണ ദേവി യാദവ്. നേരത്തെ ജാർഖണ്ഡ് – ബിഹാർ എന്നിവിടങ്ങളിൽ നിന്ന് നാല് തവണ എം.എൽ.എ ആയി അന്നപൂർണ്ണദേവി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജാർഖണ്ഡ് മന്ത്രി സഭയിൽ വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
യുപിയിൽ നിന്നുള്ള എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അപ്നാ ദൾ നേതാവുമാണ് അനുപ്രിയ പട്ടേൽ. ഒന്നാം മോദി സർക്കാർ മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് സഹമന്ത്രിയായിരുന്നു.
കർണാടകയിൽ നിന്നുള്ള എംപിയും ബിജെപി കർണാടക വൈസ് പ്രസിഡന്റുമാണ് ശോഭ കരന്തലജെ. രണ്ടു തവണ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ കർമാടകയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന ശോഭാ കരന്തലജെ ഭക്ഷ്യ-സിവിൽ സപ്ലൈസ്, പവർ, റൂറൽ ഡെവലപ്‌മെന്റ്, പഞ്ചായത്ത് രാജ് തുടങ്ങിയ വകുപ്പുകളുടെ ചുമതല നിർവ്വഹിച്ചിരുന്നു.
മികച്ച വനിത പാർലമെൻറേറിയനുള്ള 2010 ലെ പുരസ്‌കാരത്തിന് അർഹയും മഹാരാഷ്ട്ര ലോകസഭാംഗവും എസ് സി വിഭാഗം നേതാവുമാണ് ഭാരതി പ്രവീൺ പവാർ. നാസിക് ജില്ലാ പരിഷദ് അംഗം കൂടിയാണിവർ. ത്രിപുര വെസ്റ്റിൽ നിന്നുള്ള ലോക്‌സഭാഗമാണ് പ്രതിമ ഭൗമിക്.
ഗുജറാത്തിൽ നിന്നുള്ള ലോക്‌സഭാംഗമാണ് ദർശന വിക്രം ജർദോഷ്. മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ദർശന വിക്രം സൂറത്ത് മുൻസിപ്പൽ കോർപ്പറേഷനിലെ കോർപ്പറേറ്റർ, ഗുജറാത്ത് സോഷ്യൽ വെൽഫെയർ ബോർഡിലെ അംഗം, സംസ്‌കൃതി ആർട്‌സ് ആൻഡ് കൾചറൽ ഓർഗനൈസേഷൻ ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

