Highlights (Page 201)

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര് ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. മൊത്തം ആറരക്കോടി ചിലവിലാണ് ഇത് ആരംഭിക്കുന്നത്. പദ്ധതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് കഴിഞ്ഞുവെന്ന് കെ.എസ്.എഫ്.ഡി.സി. മനേജിങ് ഡയറക്ടര്‍ എന്‍.മായ പറഞ്ഞു.

മറ്റു പ്ലാറ്റ്‌ഫോമുകളെ പോലെ സിനിമകള്‍ വാങ്ങി പ്രദര്‍ശിപ്പിക്കുന്ന രീതിയിലാവില്ല സര്‍ക്കാര്‍ ഒ.ടി.ടിയുടേത്. ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം നിര്‍മാതാവിന് പങ്കുവെക്കും. ഒരു തുക നിശ്ചയിച്ച് സിനിമ വാങ്ങിയാല്‍ അതില്‍ കൂടുതല്‍ വരവുണ്ടായില്ലെങ്കില് ഒ.ടി.ടി. ഉടമയ്ക്ക് നഷ്ടം വരും. കൂടുതല്‍ വരുമാനം ലഭിച്ചാല്‍ നിര്‍മാതാവിന് അതിന്റെ പങ്ക് ലഭിക്കുകയുമില്ല. ഇതിന് പരിഹാരം കാണുന്നതാണ് സര്‍ക്കാര്‍ ഒ.ടി.ടിയുടെ രീതി.

വാഷിംഗ്ടണ്‍ : കാന്‍സറിനെ പ്രതിരോധിക്കാന്‍ നിര്‍ണായക കണ്ടുപിടുത്തവുമായി ശാസ്ത്രലോകം. കാന്‍സര്‍ വരുന്നതിന് മുന്‍പേ അത് കണ്ടെത്തി ചികിത്സിക്കാന്‍ ഇതിലൂടെ കഴിയും. ഇതിന് സഹായകമാകുന്ന രക്ത പരിശോധനയുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍. ഗല്ലേറി എന്നാണ് ഈ രക്തപരിശോധനയുടെ പേര്.
ഈ പരിശോധന അനുസരിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് തന്നെ കാന്‍സര്‍ കണ്ടെത്താം. അതു മാത്രമല്ല, 50 ലേറെ വിവിധ തരം കാന്‍സറുകളുടെ സാന്നിദ്ധ്യം ഈ രക്ത പരിശോധനയിലൂടെ വളരെ നേരത്തെ കണ്ടെത്താന്‍ കഴിയും. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രെയ്ല്‍ എന്ന കമ്പനിയാണ് ഗല്ലേറി ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. ഒരു വ്യക്തിയില്‍ നിന്ന് രക്തത്തിന്റെ സാമ്പിള്‍ മാത്രമാണ് പരിശോധനയ്ക്ക് വേണ്ടി വരിക. ഇതിലെ ഡി.എന്‍.എയെ വിശകലനം ചെയ്താണ് രോഗനിര്‍ണയം. നിലവിലെ കാന്‍സര്‍ ചികിത്സകള്‍ക്കൊപ്പം ഗല്ലേറി ടെസ്റ്റ് കൂടി ഉള്‍പ്പെടുത്തുന്നതോടെ ശരീരത്തില്‍ ഒന്നിലധികം കാന്‍സര്‍ രൂപപ്പെടുന്നുണ്ടോയെന്നും കണ്ടെത്താന്‍ കഴിയും.

vaccine

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി ഭാരത് ബയോടെക്. ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ കോവിഡ് വൈറസ് തടയുന്നതിൽ 78 ശതമാനത്തോളം ഫലപ്രദമാണെന്ന് മൂന്നാംഘട്ട പരീക്ഷണഫലങ്ങളിൽ വ്യക്തമായി.

കോവിഡ് വൈറസിനെതിരെ വാക്‌സിൻ 77.8 ശതമാനം ഫലപ്രദമാണെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിൻ 65.2 ശതമാനവും ഫലപ്രദമാണെന്നും ഭാരത് ബയോടെക് വിശദമാക്കി.

സാധാരണ ലക്ഷണങ്ങൾക്കെതിരെ 77.8 ശതമാനം ഫലപ്രാപ്തിയും ഗുരുതര ലക്ഷണങ്ങൾക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയുമാണ് ഭാരത് ബയോടെക് അവകാശപ്പെടുന്നത്. പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത 0.5 ശതമാനത്തിൽ താഴെയാണ്.

25,798 പേരിലാണ് ഭാരത് ബയോടെക് 2020 നവംബർ 16 നും 2021 ജനുവരി 7 നുമിടയിൽ വാക്‌സിൻ പരീക്ഷണങ്ങൾ നടത്തിയത്.

കൊച്ചി: മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതകൾക്കെതിരെ ഇടപെടലുമായി ഹൈക്കോടതി. കോടതി സ്വമേധയാ ഫയലിൽ സ്വീകരിച്ച പൊതുതാൽപര്യ ഹർജിക്ക് ഇനി ‘ബ്രൂണോ’ എന്ന് പേര് നൽകും. തിരുവനന്തപുരം അടിമലത്തുറയിൽ കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ട വളർത്തുനായയുടെ പേരാണ് ബ്രൂണോ.

‘പൊതുതാൽപര്യ ഹർജിയുടെ പേര് ‘In Re: Bruno (Suo Moto Public Interest Litigation Proceedings initiated by the High Court in the matter of executive and legislative inaction of the State Government in the matter of Protection of Animal Rights’ എന്നാക്കി മാറ്റാനാണ് ഹൈക്കോടതി രജിസ്ട്രിയ്ക്ക് നിർദ്ദേശം നൽകിയത്. ഇത്തരമൊരു ഹർജിക്ക് ഇടയാക്കിയ സംഭവത്തിൽ, മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ഹതഭാഗ്യനായ നായയുടെ പേര് ഹർജിക്ക് നൽകുന്നത് ഉചിതമായ ആദരവായിരിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മൃഗങ്ങളോട് കാട്ടുന്ന ക്രൂരതകൾ സംബന്ധിച്ച് അടുത്തിടെ ഉണ്ടായ സംഭവങ്ങളിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വ്യാഴാഴ്ച ഹൈക്കോടതി ഇറക്കിയ ഉത്തരവിലാണ് ഈ കേസ് ബ്രൂണോയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്. മൃഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വം സംബന്ധിച്ചാണ് ഹർജി. ദീർഘകാലാടിസ്ഥാനത്തിൽ മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹർജിയെന്ന് ഹൈക്കോടതി അറിയിച്ചു., മൃഗങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

ബ്രൂണോ എന്ന നായയ്ക്കു നേരെ നടന്ന ക്രൂരത സംബന്ധിച്ച കേസിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ബ്രൂണോയുടെ ഉടമ നൽകിയ പരാതിയിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കോടതി മുൻപാകെ സമർപ്പിക്കണമെന്നും ഉത്തരവിൽ വിശദമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ബ്രൂണോ എന്ന വളർത്തുനായയെ ചൂണ്ടക്കൊളുത്തിൽ തൂക്കി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. നായയോട് ക്രൂരത കാട്ടുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

china

ബെയ്ജിങ്: ശത്രുരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് മുന്നറിയിപ്പ്. ചൈനീസ് യുഗത്തെ എതിര്‍ത്തവര്‍ എേെന്നന്നക്കുമായി ഇല്ലാതായെന്നു പ്രഖ്യാപിച്ച ഷി, രാജ്യത്തിന്റെ സമ്പത്തും യശസ്സും ഉയര്‍ത്തിയതിനു പാര്‍ട്ടിയെ പ്രകീര്‍ത്തിച്ചു. രാജ്യത്തെ ദാരിദ്ര്യമുക്തമാക്കിയ പാര്‍ട്ടി, ലോകവികസനത്തിന്റെ ഭൂമികതന്നെ മാറ്റിയെഴുതി. രാജ്യത്തിന്റെ മഹത്തായ പുനരുത്ഥാനം ഇനിയൊരു തിരിച്ചുപോക്കില്ലാത്ത ചരിത്രഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണെന്നും ഷി പറഞ്ഞു.
ജനാധിപത്യവാദികളെ ഉന്മൂലനം ചെയ്ത ടിയാനന്‍മെന്‍ ചത്വരത്തില്‍, പാര്‍ട്ടി സ്ഥാപകേനതാവ് മാവോ സെദൂങ്ങിന്റെ പടുകൂറ്റന്‍ ചിത്രത്തിനു മുന്നിലായിരുന്നു ഷിയുടെ ശതാബ്ദിപ്രസംഗം.രാജ്യത്തെ അധിക്ഷേപിക്കാനോ അടിച്ചമര്‍ത്താനോ അടിമകളാക്കാനോ ഒരു വിദേശശക്തിയേയും ഒരിക്കലും ചൈനീസ് ജനത അനുവദിക്കില്ല. അതിനു ശ്രമിക്കുന്നവര്‍ 140 കോടി ചൈനീസ് ജനത ഉയര്‍ത്തുന്ന ഉരുക്കുമതിലിനു മുന്നില്‍ ചോരപ്പുഴ നേരിേടണ്ടിവരുമെന്നും നീണ്ട കരഘോഷങ്ങള്‍ക്കിടെ ഷി പ്രഖ്യാപിച്ചു. ഹോങ്കോങ്ങിലെ ചൈനീസ് നടപടികള്‍, തായ്വാനോടുള്ള നിലപാട്, ഉയ്ഗര്‍ മുസ്ലിംകള്‍ നേരിടുന്ന പീഡനം എന്നിവേയാടുള്ള വിമര്‍ശനങ്ങളെ ദേശീയവികാരമുയര്‍ത്തിയും വിദേശശത്രുക്കള്‍ക്കു മുന്നറിയിപ്പ് നല്‍കിയുമാണു ഷി പ്രസംഗത്തിലുടനീളം നേരിട്ടത്. കോവിഡ് പശ്ചാത്തലത്തിലും മാസ്‌ക്കുകള്‍പോലും ധരിക്കാതെ വന്‍ജനാവലിയാണു ടിയാനന്‍മെന്‍ ചത്വരത്തില്‍ പാര്‍ട്ടിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്കായി തിങ്ങിനിറഞ്ഞത്.

ന്യൂഡല്‍ഹി: ആമസോണ്‍ പേ, പേടിഎം പോലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ വഴി ഇനി ഗ്യാസ് സിലിണ്ടറും ബുക്ക് ചെയ്യാം. ആപ്പ് വഴി എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 900 രൂപ വരെ ഉറപ്പായ ക്യാഷ്ബാക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പേടിഎം വഴി ആദ്യമായി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫറിന് അര്‍ഹത. മിനിമം മൂന്ന് സിലിണ്ടര്‍ എങ്കിലും ബുക്ക് ചെയ്യണം. ബുക്ക് ചെയ്യുന്ന ഓരോ സിലിണ്ടറിനും ഉപയോക്താക്കള്‍ക്ക് ഉറപ്പുള്ള പേടിഎം ഫസ്റ്റ് പോയിന്റുകള്‍ ലഭിക്കും. ഇത് ഏത് ഡിജിറ്റല്‍ വാലറ്റില്‍നിന്നും വീണ്ടെടുക്കാനാകും. ഇന്‍ഡെയ്ന്‍, എച്ച്പി ഗ്യാസ്, ഭാരത്ഗാസ് എന്നീ എല്‍പിജി കമ്പനികളുടെ സിലിണ്ടര്‍ ബുക്കിങ്ങിന് ഈ ഓഫര്‍ ബാധകമാണ്.
കൂടാതെ, ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങിക്കാന്‍ പണമില്ലെങ്കില്‍ അവ പിന്നീട് അടയ്ക്കാനുള്ള പേ ലേയ്റ്റര്‍ ഓപ്ഷനും ഇപ്പോള്‍ പേടിഎമ്മില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് പേടിഎം വഴി ഇപ്പോള്‍ ഗ്യാസ് സിലിണ്ടറുകളുടെ ഡെലിവറി ട്രാക്ക് ചെയ്യാനും റീഫില്ലുകള്‍ക്കായി ഓട്ടോമേറ്റഡ് ഇന്റലിജന്റ് റിമൈന്‍ഡറുകള്‍ സ്വീകരിക്കുകയും ചെയ്യാം.

vaccine

ന്യൂഡല്‍ഹി : ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന് എട്ട് യുറോപ്യന്‍ രാജ്യങ്ങളുടെ അനുമതി ലഭിച്ചു. നേരത്തെ, ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശനാനുമതി നല്‍കിയിരുന്നില്ല.

ഇന്ത്യയിലെ വാക്‌സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കിയതോടെയാണ് ഈ തീരുമാനം.

ഇന്ന് മുതലാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ വാക്‌സിന് നയം പ്രാബല്യത്തില്‍ വന്നത്. കോവിന്‍ പോര്‍ട്ടല്‍ വഴി ലഭ്യമായ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചാല്‍ സമാനമായ ഇളവ് നല്കുന്നത് പരിഗണിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.

covid

ന്യൂഡൽഹി: കോവാക്സിനും കോവിഷീൽഡിനും അംഗീകാരം നൽകണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ട് ഇന്ത്യ. കോവിഷീൽഡും കോവാക്‌സിനും സ്വീകരിച്ചവർക്ക് ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര ബുദ്ധിമുട്ടുണ്ടാക്കുന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് വാക്‌സിനുകൾ അംഗീകരിക്കണമെന്ന് ഇന്ത്യ യൂറോപ്യൻ യൂണിയനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്.

വാക്‌സിനുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യയും സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ വാക്സിനുകൾ അംഗീകരിച്ചാൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീനിൽ ഒഴിവാക്കമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഫൈസർ, മൊഡേണ, ഓക്സ്ഫഡ് -ആസ്ട്രസെനകയുടെ വാക്‌സെർവ്രിയ ( Vaxzervria by AstraZeneca-Oxford), ജോൺസൺ ആൻഡ് ജോൺസൺ എന്നീ നാല് വാക്‌സിനുകൾക്ക് മാത്രമാണ് യൂറോപ്യൻ യൂണിയൻ വാക്‌സിനേഷൻ പാസ്‌പോർട്ട് നൽകുന്നത്. ഈ വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് പകർച്ചവ്യാധി സമയത്ത് യൂറോപ്യൻ യൂണിയനുള്ളിൽ യാത്ര ചെയ്യാൻ അനുമതി നൽകിയിരിക്കുന്നതും.

അതേസമയം യൂറോപ്യൻ യൂണിയന്റെ വാക്‌സിനേഷൻ പാസ്പോർട്ടിൽ കോവിഷീൽഡ് വാക്സിൻ ഉൾപ്പെടുത്തുന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ സർക്കാരിനോട് അഭ്യർത്ഥന നടത്തിയിരുന്നു. യൂറോപ്യൻ യൂണിയന്റെ കോവിഡ് വാക്‌സിനേഷൻ പാസ്പോർട്ടിൽ കോവിഷീൽഡ് ഉൾപ്പെടുത്താത്തത് മൂലം ഈ വാക്സിൻ ഡോസുകൾ സ്വീകരിച്ചവർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനാവാലയാണ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകിയത്.

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍കാന്തിനെ നിയമിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനില്‍ കാന്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹി സ്വദേശിയായ അനില്‍ കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് ആദ്യമായി എത്തുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് അനില്‍കാന്ത്.

വൈകിട്ട് പോലീസ് ആസ്ഥാനത്തെത്തുന്ന അനില്‍ കാന്ത് സ്ഥാനം ഒഴിയുന്ന ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് ചുമതല ഏറ്റെടുക്കും. കേരളാ കേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍ റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഡല്ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആയിരുന്നു.വിശിഷ്ട സേവനത്തിനും സ്തുത്യര്‍ഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ട്വിറ്ററിനെതിരെ വീണ്ടും കേസ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. ഐ.ടി – പോക്‌സോ വകുപ്പുകൾ പ്രകാരം ഡൽഹി പോലീസിന്റെ സൈബർ സെല്ലാണ് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ട്വിറ്ററിനെതിരെ ഫയൽ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്.

ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ട്വിറ്ററിനെതിരെ കേസെടുത്തത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ട്വിറ്ററിൽ നിരന്തരം പോസ്റ്റു ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷൻ പരാതി നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാരുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ ട്വിറ്ററിന് രാജ്യത്ത് നിയമ പരിരക്ഷ നഷ്ടപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ പുതുതായി നടപ്പിലാക്കിയ ഐ.ടി ചട്ടങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നിയമ നടപടികളിൽ നിന്നുള്ള പരിരക്ഷ ട്വിറ്ററിന് നഷ്ടമായത്.

ഇന്ത്യയുടെ തെറ്റായ മാപ്പ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസവും ട്വിറ്ററിനെതിരെ കേസെടുത്തിരുന്നു. ഉത്തർപ്രദേശ് പോലീസ് ട്വിറ്ററിനെതിരെ കേസെടുത്തത്. ജമ്മു കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളായി കാണിച്ചാണ് ട്വിറ്റർ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനെതിരെയായിരുന്നു നടപടി.