ഉത്തരേന്ത്യയിൽ ബലാത്സംഗം നടന്നാൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം; കേരളത്തിലാണെങ്കിൽ സാംസ്‌കാരിക നായകന്മാർക്ക് മൗനം; പരിഹാസവുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലും പ്രതികരിക്കാതെ സാംസ്‌കാരിക നായകന്മാർ. ഉത്തരേന്ത്യയിൽ ഉൾപ്പടെ ബലാത്സംഗം നടന്നാൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നവർ കേരളത്തിൽ അത്തരം സംഭവങ്ങളുണ്ടാകുമ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്ന ചോദ്യം. നിരവധി ട്രോളുകളും ഇത് സംബന്ധിച്ച് ഉയരുന്നുണ്ട്. മുൻപ് പല സംഭവങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ സാംസ്‌കാരിക നായകന്മാർ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തുകൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പരിഹാസം.

വണ്ടിപെരിയാർ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സാംസ്‌കാരിക നായകർ പുലർത്തുന്ന മൗനം ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയത്. വണ്ടിപെരിയാറിനൊപ്പം വടകര. വാളയാർ പീഡനങ്ങൾ കൂടി ഉയർത്തികാട്ടിയാണ് കോൺഗ്രസ് സാംസ്‌കാരിക നായകർക്കെതിരെ വിമർശനം ഉയർത്തുന്നത്.

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ച് കെട്ടിത്തൂക്കിയ സംഭവത്തിൽ ഒരക്ഷരം പോലും പ്രതികരിക്കാൻ കേരളത്തിലെ സാംസ്‌കാരിക നായകന്മാരൊന്നും തയ്യാറായിട്ടില്ലായിരുന്നു. സർക്കാരിൽ നിന്നും സ്ഥാനമാനങ്ങൾ മോഹിക്കുന്നവരാണ് പ്രതികരിക്കാതെ മൗനംപാലിക്കുന്നതെന്നാണ് വിമർശകരുടെ ആരോപണം.