പാലക്കാട്: മുകേഷ് ദേഷ്യപ്പെട്ടതിൽ പ്രശ്‌നമില്ലെന്ന് പാലക്കാട്ടെ വിദ്യാർത്ഥി. കൂട്ടുകാരന് ഫോൺ കിട്ടാൻ വേണ്ടിയാണ് മുകേഷിനെ വിളിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. അദ്ദേഹം ഫോൺ ഇല്ലാത്തവർക്ക് ഫോൺ വാങ്ങിക്കൊടുക്കുന്നതായി കേട്ടിരുന്നുവെന്നും പാലക്കാട് ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ വിഷ്ണു വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വിഷ്ണു മുകേഷിനെ ഫോണിൽ ബന്ധപ്പെട്ടത്. മുകേഷ് വിദ്യാർത്ഥിയോട് കയർത്തു സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ മുകേഷിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നു. തുടർന്ന് സംഭവത്തിൽ വിശദീകരണവുമായി മുകേഷ് രംഗത്തെത്തുകയും ചെയ്തു. സംഭവം ആസൂത്രിതമാണെന്നും പരാതി നൽകുമെന്നുമാണ് മുകേഷ് അറിയിച്ചിരുന്നത്.
പിന്നീടാണ് സംഭവത്തിൽ പ്രതികരണവുമായി മുകേഷിനെ ബന്ധപ്പെട്ട വിദ്യാർത്ഥി വിഷ്ണു രംഗത്തെത്തിയത്. മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോൾ മുകേഷേട്ടൻ ഗൂഗിൾ മീറ്റിങ്ങിലാണെന്ന് പറയുകയും കുറച്ചു കഴിഞ്ഞ് വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് താൻ ആറ് തവണ അദ്ദേഹത്തെ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോൾ ഗൂഗിൾ മീറ്റ് കട്ടായി എന്ന് പറഞ്ഞെു മുകേഷേട്ടൻ തിരിച്ചു വിളിച്ചുവെന്ന് വിദ്യാർത്ഥി പറഞ്ഞു.
ഫോൺ വിളിച്ചത് റെക്കോർഡ് ചെയ്തത് സിനിമാ നടനെ വിളിച്ചതു കൊണ്ടാണെന്നും സ്‌കൂളിൽ ഫോണില്ലാത്ത കുട്ടികൾക്ക് സഹായത്തിന് വേണ്ടിയാണ് വിളിച്ചതെന്നും വിഷ്ണു വ്യക്തമാക്കുന്നു. ആറ് പ്രാവശ്യം വിളിച്ചതു കൊണ്ടാവും ദേഷ്യപ്പെട്ടതെന്നും തനിക്കതിൽ ഒരു പ്രശ്നവും ഇല്ലെന്നും വിഷ്ണു വിശദമാക്കി. തനിക്ക് ഫോൺ കിട്ടാൻ കുറേ ബുദ്ധിമുട്ടിയിരുന്നു. അമ്മയുടെ ശമ്പളം ഒക്കെ ഉപയോഗിച്ചാണ് ഫോൺ വാങ്ങിയത്. ബാക്കിയുള്ള കുട്ടികൾ എത്ര കഷ്ടപ്പെടുന്നുണ്ടാകുമെന്ന് കരുതിയാണ് വിളിച്ചത്. റെക്കോർഡ് ചെയ്ത സംഭാഷണം കൂട്ടുകാരന് മാത്രമെ ഷെയർ ചെയ്തു കൊടുത്തുള്ളുവെന്നും സോഷ്യൽ മീഡിയയിൽ വോയിസ് പ്രചരിക്കപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും വിദ്യാർത്ഥി കൂട്ടിച്ചേർത്തു. അതേസമയം വിഷ്ണു പാർട്ടി കുടുംബത്തിലെ അംഗമാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും സിപിഎം പ്രദേശിക നേതൃത്വം അറിയിച്ചു.

