Highlights (Page 199)

ഇടുക്കി: ശബരി റെയിൽ പാതയ്ക്ക് പച്ചക്കൊടി കാട്ടി കേന്ദ്ര റെയിൽവേ മന്ത്രാലയം. പദ്ധതിയുടെ ആകെ ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന് അറിയിച്ചതോടെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് ശബരിമല തീർത്ഥാടകരുടെയും മലയോര ജനതയുടെയും സ്വപ്‌ന പദ്ധതിയാണ് വീണ്ടും ട്രാക്കിലായിരിക്കുന്നത്.

ഡീൻ കുര്യാക്കോസ് എംപിയുടെ കത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി പദ്ധതിയുമായി റെയിൽവേ മുന്നോട്ട് പോകുകയാണെന്ന വിവരം അറിയിച്ചത്. പദ്ധതി അനന്തമായി നീണ്ടുപോകാൻ കാരണം ാട്ടുകാരുടെ എതിർപ്പും മാറി മാറി വന്ന സംസ്ഥാന സർക്കാരുകളുടെ താത്പര്യമില്ലായ്മയുമാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

1997- 98 ലെ കേന്ദ്ര റെയിൽവേ ബഡ്ജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 116 കിലോ മീറ്റർ ദൈർഘ്യമുള്ള അങ്കമാലി- ശബരിമല റെയിൽ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 550 കോടി രൂപയായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. പെരിയാർ ടൈഗർ റിസർവിലൂടെ കടന്നുപോകേണ്ടതിനാൽ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം അഞ്ച് കിലോ മീറ്റർ കുറച്ച് പാത എരുമേലി വരെയാക്കി. 2002-ൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിന്റെ ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയായി.

സ്ഥലമേറ്റെടുപ്പിനെതിരെ ചിലർ കോടതിയെ സമീപിച്ചതും സംസ്ഥാന സർക്കാരിന്റെ നിസഹകരണവും കാരണമാണ് പദ്ധതി പിന്നീട് മുന്നോട്ടു പോകാതിരുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 2017 ആയപ്പോഴേക്കും പദ്ധതി തുക 550 കോടിയിൽ നിന്ന് 2815 കോടി രൂപയായി. തുടർന്ന് പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

എന്നാൽ മുഴുവൻ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കേരളം. പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് വീണ്ടും സജീവമായത്. സംസ്ഥാനത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാന റെയിൽവേ വികസന കോർപ്പറേഷൻ പദ്ധതിയുടെ റിവേഴ്‌സ് എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. രാമപുരം മുതൽ എരുമേലി വരെയുള്ള 41 കിലോമീറ്റർ ദൂരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ലിഡാർ സർവേ ഇനി പൂർത്തിയാക്കണം. മഴ മാറിയാലുടൻ ഏരിയൽ സർവേ ആരംഭിക്കും. ഇപ്പോഴത്തെ കണക്കനുസരിച്ച് അങ്കമാലി മുതൽ എരുമേലി വരെയുള്ള 70 കിലോമീറ്റർ മാത്രം പൂർത്തിയാക്കാൻ 2825 കോടി രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ക്കായി സെപ്റ്റംബര്‍ 15-നകം നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.’താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ അധികം അറിയപ്പെടാത്ത കഴിവുറ്റ ധാരാളം ആളുകള്‍ രാജ്യത്തുണ്ട്. മിക്കപ്പോഴും നമ്മള്‍ അവരെക്കുറിച്ച് കേട്ടിട്ടുണ്ടാകണമെന്നില്ല. അത്തരം പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളെ നിങ്ങള്‍ക്കറിയാമോ? പദ്മ പുരസ്‌കാരങ്ങള്‍ക്കായി നിങ്ങള്‍ക്കവരെ നാമനിര്‍ദേശം ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ 15 വരെ സൈറ്റില്‍ നാമനിര്‍ദേശങ്ങള്‍ നല്കാം’, മോദി ട്വീറ്റ് ചെയ്തു.പദ്മ വിഭൂഷണ്‍, പദ്മ ശ്രീ തുടങ്ങിയവ രാജ്യം നല്കുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളാണ്.

കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. ഒരു ഗോളിനാണ് ബ്രസീലിനെ അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ 22ആം മിനിട്ടില്‍ സീനിയര്‍ താരം ഡീ മരിയയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍.

പാസ് സ്വീകരിച്ച് വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ കബളിപ്പിച്ച് പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ നിരവധി ഫൗളുകളാണ് പിറന്നത്. 33ആം മിനിട്ടില്‍ മെസ്സി മികച്ച ഒരു മുന്നേറ്റം നടത്തിയെങ്കിലും കൃത്യമായി ഫിനിഷ് ചെയ്യുന്നതില്‍ താരത്തിന് പിഴച്ചു.

ബ്രസീലിനാകട്ടെ ആദ്യ പകുതിയില്‍ പിന്നീട് മികച്ച അവസരങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാനും കഴിഞ്ഞില്ല. ഇതോടെ അര്‍ജന്റീനയ്ക്ക് ഒരു ഗോളിന്റെ ലീഡോടെ ആദ്യ പകുതി അവസാനിച്ചു.രണ്ടാം പകുതിയില്‍ ബ്രസീല്‍ മത്സരം കുറച്ചു കൂടി വേഗത്തിലാക്കുകയായിരുന്നു. അര്‍ജന്റീനയുടെ 15ആം കോപ്പ അമേരിക്ക കിരീടമാണിത്.

സോഹന്‍ലാല്‍ സംവിധാനം ചെയ്ത ‘അപ്പുവിന്റെ സത്യാന്വോഷണം’ ഒടിടി റിലീസിനൊരുങ്ങുന്നു. മാസ്റ്റര്‍ റിഥുന്‍, എ.വി അനൂപ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണിത്. എ.വി അനൂപും മുകേഷ് ആര്‍. മെഹ്തയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. യുഎസ്എയിലും റഷ്യയിലുമായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം ഇതിനോടകം പ്രക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്. ഒമ്പത് വയസ്സുകാരനായ അപ്പുവിന്റെ കഥ പറയുന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരമായ മാസ്റ്റര്‍ റിഥുനാണ്.

covid

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണ നിരക്ക് ഇരട്ടിയായേക്കാൻ സാധ്യത. മരണങ്ങളുമായി ബന്ധപ്പെട്ടുള്ള ദേശീയ ആരോഗ്യമിഷന്റെ കണക്കുകൾ അനുസരിച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്ത് മരണപ്പെട്ടത് എട്ട് ലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് മരിച്ചവരുടെ എണ്ണത്തിൽ നാല് ലക്ഷത്തിലധികം വർദ്ധനവുണ്ടായെന്നാണ് കണക്കുകൾ പരിശോധിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത്. പനിയും ശ്വാസ തടസവും മൂലമാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിരിക്കുന്നത്. അതിനാൽ ഇത് കോവിഡ് മരണമാകാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അങ്ങനെയാണെങ്കിൽ മരണസംഖ്യ ഇരട്ടിയായേക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

രാജ്യത്ത് ഇതുവരെ നാല് ലക്ഷത്തിലധികം പേരാണ് കോവിഡ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രിൽ- മെയ് മാസങ്ങളിൽ മാത്രം 1,68,927 പേർ കോവിഡ് ബാധിച്ച് മരിച്ചെന്നും കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.

ഡോണ്‍ പാലത്തറയുടെ സംവിധാനത്തിലൊരുങ്ങിയ സന്തോഷത്തിന്റെ ഒന്നാം രഹസ്യം യുഎസില്‍ തീയേറ്ററുകളിലെത്തി. ഷിജോ കെ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തന്‍ചേരി, നീരജ രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കുന്ന മരിയയുടെയും ജിതിന്റെയും കഥ പറയുന്നു.
ഐ.എഫ്. എഫ് കെ 2021ലും, മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2021ലും പ്രദര്‍ശിപ്പിച്ചു നിരൂപക ശ്രദ്ധ ഏറ്റുവാങ്ങിയ ചിത്രമാണിത്.
ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജി ബാബുവാണ്.

ന്യൂയോർക്ക്: കോവിഡ് വൈറസിന്റെ ഡെൽറ്റ, ബീറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമായി പൊരുതാൻ ഫൈസർ വാക്സിന്റെ മൂന്നാം ഡോസ് കൂടി സ്വീകരിക്കേണ്ടി വന്നേക്കും. ഫൈസർ കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് മാത്രമെടുക്കുന്നവരേക്കാൾ അഞ്ച് മുതൽ പത്ത് മടങ്ങ് വരെ രോഗപ്രതിരോധം ഉറപ്പാക്കുന്ന ആന്റിബോഡി മൂന്നാം ഡോസ് കൂടി എടുക്കുന്നവരുടെ ശരീരത്തിൽ രൂപപ്പെടുമെന്നാണ് ഫൈസർ വ്യക്തമാക്കിയിരിക്കുന്നത്. ഫൈസറും ബയോ എൻടെകും ചേർന്ന് നടത്തുന്ന ഗവേഷണത്തിലെ ഇടക്കാല പഠന റിപ്പോർട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

ഫൈസറിന്റെ ബയോഎൻടെക് വാക്സിന്റെ തുടർ പരീക്ഷണങ്ങളിലാണ് മൂന്നാം ഡോസ് കൂടി സ്വീകരിച്ചാൽ ലഭിക്കുന്ന ഫലപ്രാപ്തി കണ്ടെത്തിയിരിക്കുന്നത്. മൂന്നാം ഡോസ് കൂടി എടുക്കുന്നവരിൽ വൈറസിനെ ചെറുക്കുന്ന ആൻറി ബോഡി അഞ്ച് മുതൽ പത്ത് മടങ്ങുവരെ വർധിക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞു. ഇത് കോവിഡിനെതിരായ രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു.

മൂന്നാം ഡോസ് കൂടി സ്വീകരിക്കുന്നവരിൽ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബീറ്റ വകഭേദത്തിനെതിരെയും ഡെൽറ്റ വകഭേദത്തിനെതിരെയും മെച്ചപ്പെട്ട രോഗപ്രതിരോധശേഷി ഉണ്ടാകുന്നുവെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മൂന്നാം ഡോസ് നൽകുന്നതിന് ഔദ്യോഗിക സംഘടനയിൽ നിന്നും അനുമതി തേടുമെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.

തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ വെബ്‌പോർട്ടൽ സജ്ജമാക്കി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദനാണ് പോർട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. വെബ് പോർട്ടൽ നിലവിൽ വന്നതോടെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയാണെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.

റെറ(Kerala Real Estate Regulatory Authority)യിൽ രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിർമാണ പുരോഗതിയും ഇനി മുതൽ rera.kerala.gov.in എന്ന വെബ്‌പോർട്ടൽ വഴി അറിയാനാകുമെന്നും അദ്ദേഹം അറിയിച്ചു. റെറയിൽ രജിസ്റ്റർ ചെയ്ത എല്ലാ പദ്ധതികളുടേയും ഭൂമിയുടെ രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം ഈ പോർട്ടലിൽ ലഭ്യമാകും.

ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതിയുടെ നിർമാണ പുരോഗതി ഡെവലപ്പർമാർ ഇതിൽ ലഭ്യമാക്കണം. ആരെങ്കിലും വീഴ്ച വരുത്തിയാൽ ഏഴു ദിവസത്തിനുള്ളിൽ അവരുടെ പേരുവിവരങ്ങളും മറ്റും പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഇത് പദ്ധതികളുടേയും റിയൽ എസ്റ്റേറ്റ് കമ്പനികളുടേയും സൽപേരിനെ ബാധിക്കുമെന്നതിനാൽ പോർട്ടൽ വഴി കൃത്യമായ വിവരങ്ങൾ നൽകാൻ കമ്പനികൾ നിർബന്ധിതരാകും. ഫ്‌ളാറ്റുകളും വില്ലകളും വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും അഡ്വാൻസ് നൽകിയവർക്കും വായ്പ നൽകുന്ന ബാങ്കുകൾക്കും എല്ലാം ഏറെ ഉപകാരപ്രദമായ ഒന്നാണ് ഈ വെബ്‌പോർട്ടൽ.

റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കഴിയുന്നത്ര സുതാര്യത ഉറപ്പാക്കാൻ വെബ്‌പോർട്ടൽ സജ്ജമാകുന്നതോടെ സാധിക്കും. ഏതെങ്കിലും ഡെവലപ്പർ തെറ്റായ വിവരം നൽകിയതായി ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ നിയമനടപടിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ അക്കൗണ്ടുടമകൾ സൂക്ഷിക്കുക. എസ്ബിഐ അക്കൗണ്ടുടമകൾക്ക് നേരെ ചൈനീസ് ഹാക്കർമാർ ആക്രമണം നടത്തുന്നുവെന്ന് റിപ്പോർട്ട്. സൂക്ഷിച്ചില്ലെങ്കിൽ അക്കൗണ്ടിലുള്ള പണം നഷ്ടപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരത്തിലുള്ള ആക്രമണമങ്ങൾ വർധിച്ചുവരികയാണ്. നൂതനമായ മാർഗങ്ങളിലൂടെ അക്കൗണ്ട് ഉടമകളെ കബളിപ്പിക്കുകയാണ് ചൈനീസ് ഹാക്കർമാർ. അക്കൗണ്ട് ഉടമകളുടെ ‘നൊ യുവർ കസ്റ്റമർ’ (കെവൈസി) ഫോം അപ്ഡേറ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സന്ദേശങ്ങൾ അയച്ചു കൊണ്ടാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഈ ലിങ്കുകളിൽ അക്കൗണ്ട് ഉടമകൾ ക്ലിക്ക് ചെയ്യരുതെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയവരെല്ലാം തട്ടിപ്പിനിരയായെന്നും വിദഗ്ധർ പറയുന്നു. സൈബർപീസ് ഫൗണ്ടേഷൻ ഓട്ടോബോട്ട് ഇൻഫോസെക് എന്നീ കമ്പനികൾ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

തട്ടിപ്പിനിരയായ എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഒരു ടെക്സ്റ്റ് സന്ദേശമാണ് ആദ്യം ലഭിച്ചത്. അതിൽ ക്ലിക്കു ചെയ്താൽ എസ്ബിഐയുടെ ഔദ്യോഗിക ഓൺലൈൻ പേജാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള വെബ്‌പേജിലേക്ക് എത്തും. അവിടെ കാണുന്ന കണ്ടിന്യൂ ടു ലോഗ്ഇൻ ബട്ടണിൽ ക്ലിക്കു ചെയ്താൽ പേജ് റീ ഡയറക്ടു ചെയ്തു പോകും. പിന്നീട് ഉപഭോക്താക്കളോട് തട്ടിപ്പ് സംഘം യൂസർ നെയിം, പാസ്വേഡ്, ക്യാപ്ച കോഡ് തുടങ്ങിയവ നൽകാൻ ആവശ്യപ്പെടും. ശേഷം ഫോൺ നമ്പറിലേക്ക് ഒടിപി അയക്കും. ഇത് എന്റർ ചെയ്യുന്നതിനൊപ്പം പേര്, മൊബൈൽ നമ്പർ, ജനന തിയതി തുടങ്ങി സ്വകാര്യ വിവരങ്ങളും നൽകണമെന്ന് സംഘം നിർദ്ദേശം. ഇവയെല്ലാം നൽകിയാൽ ബാങ്ക് അക്കൗണ്ടിലെ പണമെല്ലാം ഹാക്കിംഗ് സംഘം കവർന്നെടുക്കും.

മറ്റൊരു രീതിയിലൂടെയും തട്ടിപ്പ് നടക്കുന്നുണ്ട്. 50 ലക്ഷം രൂപ വരെ നേടാമെന്നു പറഞ്ഞ് വാട്സാപ് സന്ദേശങ്ങൾ അയച്ച് പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. ഇടപാടുകളെല്ലാം തേഡ്പാർട്ടി ഡൊമെയ്നിലാണ് നടക്കുന്നതെന്നും ചൈനീസ് ഹാക്കർമാരാണ് തട്ടിപ്പിന് പിന്നിലെന്നുമാണ് നിഗമനം. ഐഡിഎഫ്സി, പിഎൻബി, ഇൻഡസ്ഇൻഡ്, കോട്ടക് ബാങ്കുകളുടെ വ്യാജ ലിങ്കുകളും ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഡൊമെയ്‌നുകളെല്ലാം ചൈനയിൽ രജിസ്റ്റർ ചെയ്തതാണ്. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ഒരു കാരണവശാലും ഓപ്പൺ ചെയ്യരുതെന്നും ഇവർ പറയുന്നു.

തിരുവനന്തപുരം: ജലസേചനത്തിനായി നിര്‍മ്മിച്ച കനാലുകളില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയിട്ട് സംസ്ഥാന സര്‍ക്കാര്‍. വെള്ളം ഒഴുക്കിനെ കാര്യമായി തടസ്സപ്പെടുത്താതെ ടര്‍ബൈന്‍ കറക്കിയായിരിക്കും വൈദ്യുതി ഉത്പാദിപ്പിക്കുക. ഇതിലൂടെ നിലവിലുള്ള ജലവൈദ്യുത പദ്ധതികളിലെ പവര്‍ഹൗസുകള്‍ നിന്നും വൈദ്യുത ഉല്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളവും ഈ സാധ്യതക്കായി പ്രയോജനപ്പെടുത്താം. ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ആശയം കേരളത്തില്‍ ഇത് ആദ്യമാണ്.ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികളിലൂടെ 150 മെഗാവാട്ട് അധികം ഉല്പാദനം സാധ്യമാണ് എന്നാണ് പ്രതീക്ഷ.

നൂതന ആശയം ആണെങ്കിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ഘടകമുണ്ട്, ജലത്തിന്റെ ലഭ്യത. കനാലുകളിലൂടെ എല്ലാ സമയത്തും വെള്ളമൊഴുക്ക് ഉണ്ടാവാറില്ല. ഇത്തരം സമയങ്ങളില്‍ ഉല്‍പാദനം നടക്കില്ല. കനാലുകളില്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് സമീപം വൈദ്യുതി പ്രസരണ ഗ്രിഡ് ലൈനുകള്‍ ഉണ്ടായിരിക്കണം എന്നതാണ് അടുത്ത വെല്ലുവിളി.വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രത്യേക താല്‍പര്യം എടുത്താണ് പുതിയ ആശയം ചര്‍ച്ചയാകുന്നത്. മുന്‍ ജലസേചന വകുപ്പ് മന്ത്രി ആണെന്നതും അതും ഇത്തരമൊരു ആശയം ആദ്യം മുന്നോട്ടുവയ്ക്കുന്നത്തിന് കാരണമായി.പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത് . ഇതിനായി നിക്ഷേപകരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു.. മലമ്പുഴയിലെ ജലസേചന കനാലില്‍ ആണ് പദ്ധതി ആദ്യം ഒരുങ്ങുന്നത് . സംസ്ഥാനത്തെ സാധ്യതയുള്ള മറ്റിടങ്ങളില്‍ എല്ലാം പദ്ധതി പരീക്ഷിക്കാം.