Highlights (Page 180)

isro

തിരുവനന്തപുരം: ബഹിരാകാശ മേഖലയിൽ വലിയ ചുവടുവെയ്പ്പുകൾ നടത്താനൊരുങ്ങി ഇന്ത്യ. ബഹിരാകാശമേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ബഹിരാകാശമേഖലയിൽ വിദേശക്കമ്പനികളുമായി ഇന്ത്യൻ കമ്പനികൾ പങ്കാളിത്തമുണ്ടാക്കുന്നതിനെയും പ്രോത്സാഹിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.

നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ (എഫ്ഡിഐ) കാര്യത്തിൽ ഇളവുകൾ അനുവദിച്ചാൽ വിദേശത്തുള്ള ബഹിരാകാശ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപമിറക്കാനുള്ള പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യ വൈകാതെ ബഹിരാകാശ മേഖലയിൽ പുതിയൊരു വിദേശനിക്ഷേപ നയം രൂപീകരിക്കുമെന്ന് എഎസ്ആർഒ ചെയർമാൻ കെ. ശിവൻ വ്യക്തമാക്കി. ഇക്കാര്യം വിവിധ മന്ത്രാലയങ്ങളുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സംഘടിപ്പിച്ച ഇൻറർനാഷണൽ സ്പേസ് കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിദേശക്കമ്പനികൾ കൂടി ബഹിരാകാശമേഖലയിൽ നിക്ഷേപമിറക്കുന്നതോടെ ഇന്ത്യയും വിദേശക്കമ്പനികളും തമ്മിൽ നിരന്തരമായ കൊടുക്കൽ വാങ്ങലിന്റെ അന്തരീക്ഷമുണ്ടാകുമെന്നും ഇത് ഇരുരാജ്യങ്ങളെയും നല്ല തോതിൽ സഹായിക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇക്കാര്യത്തിൽ വിദേശ കമ്പനികൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: സംസ്ഥാനത്തെ ഭക്ഷ്യ വിതരണ രംഗത്തെ 15 വമ്പന്മാർക്കെതിരെ നടപടി സ്വീകരിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള വമ്പൻ സ്ഥാപനങ്ങളുടെ ലൈസൻസ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി റദ്ദാക്കി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി. പല തവണ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും ഇവർ അവഗണിച്ചുവെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ സ്ഥാപനങ്ങൾക്കെതിരായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉദയ സമുദ്ര ലെഷർ ബീച്ച് ഹോട്ടൻ ആൻഡ് സ്പാ, ലൈറ്റ് ബൈറ്റ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂർ, കോവളം റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ദ ലീല കോവളം തുടങ്ങിയവരുടെ ലൈസൻസാണ് റദ്ദാക്കപ്പെട്ടത്. ഭക്ഷ്യ വിപണന രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ ഓഡിറ്റിംഗിന് മൂന്നാം കക്ഷിയെ നിയോഗിക്കണമെന്ന് അതോറിറ്റി നിർദ്ദേശം നൽകിയിരുന്നു. മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി കൊണ്ടുള്ള ഭക്ഷ്യ സുരക്ഷാ ഓഡിറ്റ് നിർദ്ദേശം ആവർത്തിച്ചിട്ടും കേരളത്തിലെ 15 ഭക്ഷ്യ വിപണനക്കാർ അത് നടപ്പാക്കിയില്ല. അതുകൊണ്ടാണ് ലൈസൻസ് റദ്ദാക്കൽ നടപടിയിലേക്ക് കടന്നതെന്ന് അതോറിറ്റി അറിയിച്ചു.

2006 ലെ ഭക്ഷ്യ സുരക്ഷാ ആക്ടിലെ 32 (2) സെക്ഷൻ പ്രകാരമാണ് നടപടി. 2018 മുതലാണ് ഫുഡ് സേഫ്റ്റി ഓഡിറ്റിംഗിൽ മൂന്നാം കക്ഷിയെ നിർബന്ധമാക്കിയത്. ഭക്ഷ്യമേഖലയ്ക്ക് വേണ്ട ലൈസൻസുകൾ സംബന്ധിച്ച് രാജ്യത്ത് ഒട്ടാകെ വ്യാപകമായ ഒരു നിയമമാണ് FSSAI (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ) വഴി നടപ്പാക്കുന്ന ‘ഭക്ഷ്യ സുരക്ഷാ നിലവാര നിയമം – 2006’. 2011 ഓഗസ്റ്റ് അഞ്ചു മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. മനുഷ്യൻ ഭക്ഷിക്കാൻ ഉപയോഗിക്കുന്ന ഏതൊരു ഭക്ഷ്യ ഉത്പന്നത്തിന്റേയും ഉത്പാദനം, സൂക്ഷിക്കൽ, വിപണനം, വിതരണം, കയറ്റിറക്ക്, ഗതാഗതം തുടങ്ങി ഏതൊരു പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ലൈസൻസ്/രജിസ്ട്രേഷൻ നിർബന്ധമായും എടുത്തിരിക്കണമെന്ന് നിർബന്ധമാണ്.

20 കോടിക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപങ്ങൾക്കാണ് സെൻട്രൽ ലൈസൻസ് ലഭിക്കുന്നത്. 5 സ്റ്റാർ ഹോട്ടലുകൾക്കും കേന്ദ്ര ലൈസൻസ് വേണം.. ഇതിനായള്ള കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയതാണ് നടപടിയ്ക്ക് കാരണമെന്ന് അധികൃതർ വിശദമാക്കി. വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയിൽ താഴെ വരുന്ന സ്ഥാപനങ്ങൾക്ക് സംസ്ഥാന ലൈസൻസാണ് വേണ്ടത്. പ്രതിദിനം 100 ലിറ്ററിന് മുകളിൽ ദ്രാവകഭക്ഷ്യം ഉത്പാദിപ്പിക്കുന്നവർ, പ്രതിദിനം 100 കിലോ ഗ്രാമിന് മുകളിൽ ഖരഭക്ഷ്യം ഉത്പാദിപ്പിക്കുന്നവർ, 2050 വരെ വലിയ മൃഗങ്ങൾ, 10-150 വരെ ചെറിയ മൃഗങ്ങൾ, 50-1000 വരെ പക്ഷി ഇനങ്ങൾ എന്നിവയിൽ വരുന്ന അറവ് കേന്ദ്രങ്ങൾ, പ്രതിദിനം 500 കിലോഗ്രാം വരെ മാംസം സംസ്‌കരിക്കുന്നവർ, പ്രതിദിനം രണ്ടു ടൺ ഏത് തരത്തിലുള്ള ഭക്ഷ്യവും ഉത്പാദിപ്പിക്കുന്നവർ, എണ്ണ ശുദ്ധീകരിക്കുന്നവർ, റീ ലേബലിങ് നടത്തുന്നവർ, റീപായ്ക്ക് ചെയ്യുന്നവർ തുടങ്ങിയവർക്കും സംസ്ഥാന ലൈസൻസ് നിർബന്ധമാണ്.

തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്ന് പോലീസിന് മുന്നറിയിപ്പ് നൽകി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ഉദ്യോഗസ്ഥർ ഫോൺ വിളികൾ റെക്കോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

നെയ്യാറ്റിൻകര ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റുമായുള്ള ഫോൺ സംഭാഷണം പാറശാലയിലെ പൊലീസുകാരൻ റെക്കോഡ് ചെയ്ത് സാമൂഹ്യ മാദ്ധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ജുഡീഷ്യറിയെ മോശമാക്കുന്ന ഇത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഡിജിപി സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

പോങ്യാങ്: ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. 1500 കിലോ മീറ്റർ ദൂരപരിധി വരെ മിസൈലുകൾ സഞ്ചരിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സ്ഥിരീകരണം. ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് പരീക്ഷണം നടന്നതെന്നാണ് കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പരീക്ഷണത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉത്തര കൊറിയൻ മാദ്ധ്യമമായ റൊഡോങ് സിൻമൺ പ്രസിദ്ധീകരിച്ചു.

അതേസമയം ഉത്തര കൊറിയ നടത്തിയ മിസൈൽ പരീക്ഷണം അയൽരാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് അമേരിക്ക പ്രതികരിച്ചു. അയൽരാജ്യങ്ങൾക്ക് ഭീഷണി വർധിക്കുന്ന തരത്തിൽ ഉത്തര കൊറിയ അവരുടെ സൈനിക ശക്തി വർധിപ്പിക്കുന്നതിന്റെ തെളിവാണ് മിസൈൽ പരീക്ഷണമെന്ന് അമേരിക്കയുടെ ഇൻഡോ പസഫിക് കമാൻഡ് മേധാവി വ്യക്തമാക്കി. ഇപ്പോൾ പരീക്ഷിച്ചിരിക്കുന്ന മിസൈൽ പോലുള്ള ആയുധങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനുയർത്തുന്ന ഭീഷണി വലുതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. എന്നാൽ ന്യൂക്ലിയർ, ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുന്ന ഒന്നും ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ വാദം.

കൊച്ചി: ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന പ്രമുഖ വ്യവസായി രവിപിള്ളയുടെ മകന്റെ വിവാഹത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും, സി സി ടി വി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

രവി പിള്ള, തൃശൂര്‍ എസ് പി, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എല്ലാവര്‍ക്കും ഒരേപോലെ ഗുരുവായൂരില്‍ വിവാഹം നടത്താന്‍ സാധിക്കണമെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂരില്‍ നടന്ന എല്ലാ വിവാഹങ്ങളുടെയും വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി.

കഴിഞ്ഞ ഒന്‍പതാം തീയതിയായിരുന്നു രവി പിള്ളയുടെ മകന്‍ ഗണേഷും ബെംഗളൂരുവില്‍ ഐ ടി കമ്പനി ജീവനക്കാരിയായ അഞ്ജനയും തമ്മിലുള്ള വിവാഹം നടന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയുമടക്കമുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ന്യൂഡൽഹി: ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സെപ്തംബർ 24 ന് അമേരിക്കയിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യൊഷിഹിഡെ സുഗ എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് രാഷ്ട്രനേതാക്കൾ.

ഇന്തോ – പസഫിക്ക് മേഖലയിൽ ചൈന ഉയർത്തുന്ന സൈനിക വെല്ലുവിളി ഉച്ചകോടിയിൽ ചർച്ചാ വിഷയമാകും. ക്വാഡ് രാഷ്ട്രങ്ങളുടെ രണ്ടാമത്തെ ഉച്ചകോടിയാണ് നടക്കാനിരിക്കുന്നത്. എന്നാൽ ആദ്യമായിട്ടാണ് നാലു രാഷ്ട്രനേതാക്കന്മാരും നേരിട്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ക്വാഡ് ഉച്ചകോടിയുടെ ആദ്യ സമ്മേളനം ഓൺലൈനായാണ് നടത്തിയത്.

മാർച്ച് 12 ന് നടന്ന ആദ്യ സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി ഇത്തവണ ചേരുന്ന ഉച്ചകോടിയിൽ വിലയിരുത്തും. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ച ക്വാഡിന്റെ വാക്‌സിൻ പദ്ധതിയിൽ നേടിയ പുരോഗതിയും ഉച്ചകോടിയിൽ ചർച്ച ചെയ്യും. കഴിഞ്ഞ സമ്മേളനത്തിൽ ഇന്തോ – പസഫിക്ക് മേഖലയെ ജനാധിപത്യ മൂല്യങ്ങൾക്കെതിരെയുള്ള എല്ലാവിധ ബാഹ്യശക്തികളിൽ നിന്നും സംരക്ഷിക്കുമെന്ന് ഈ രാഷ്ട്രങ്ങൾ പ്രതിജ്ഞ ചെയ്തിരുന്നു. ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പാണെന്നാണ് വിദഗ്ധർ പറയുന്നത്.

ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ യുകെയിൽ വളർത്തു നായകളെ ഉപേക്ഷിക്കന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആരംഭിച്ചതോടെ ദത്തെടുക്കലിനായി തങ്ങളുടെ നായ്ക്കളെ നൽകാൻ കൂടുതൽ ആളുകൾ ആലോചിക്കുന്നുവെന്നും നായകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചാരിറ്റികൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ നായ്ക്കളെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കോളുകളിൽ 35% വർദ്ധനവ് ഉണ്ടായതായി ‘ഡോഗ്‌സ് ട്രസ്റ്റ്’ അറിയിച്ചു.

ലോക്ക്ഡൗണിന് ശേഷം സാഹചര്യങ്ങൾ മാറിയതിനാൽ ആളുകൾ ഒരു വളർത്തുമൃഗത്തെ സ്വന്തമാക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നുവെന്നാണ് ഡോഗ്‌സ് ട്രസ്റ്റിന്റെ റിപ്പോർട്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോൾ ആളുകൾ കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് വിട്ടിനുള്ളിലായിരുന്നു. അന്ന് യുകെയിൽ വളർത്തുമൃഗങ്ങളുടെ വിൽപ്പന കുതിച്ചുയർന്നിരുന്നു. ലോക്ക് ഡൗൺ സമയത്ത് നായ്ക്കുട്ടികളുടെ വില ഇരട്ടിയായിരുന്നു. ജൂലൈ 19 -ന് ഇംഗ്ലണ്ടിൽ മിക്ക കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതായി അറിയിച്ചതിനെ തുടർന്ന് മിക്കവരും വളർത്തുമൃഗങ്ങളെ ദത്തെടുപ്പിന് നൽകുന്ന അവസ്ഥയാണ്. 2021 ഫെബ്രുവരിയിലെ പകർച്ചവ്യാധിക്ക് മുമ്പുള്ള സന്ദർശനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂലൈയിൽ അവരുടെ വെബ്സൈറ്റിലെ ‘ഗിവിംഗ് അപ് യുവർ ഡോഗ്’ പേജുകളിലേക്കുള്ള ട്രാഫിക് 180 % ൽ കൂടുതൽ വർദ്ധിച്ചതായാണ് വിവരം. ജൂലൈയിൽ ട്രാഫിക്കിൽ 100 % വർദ്ധനവും ഉണ്ടായി.

ലോക്ക് ഡൗൺ മാറി രാജ്യം തുറന്നപ്പോൾ പല ഉടമകളും അവരുടെ വളർത്തുമൃഗങ്ങൾക്കായി അവരുടെ ജീവിതത്തിലെ സ്ഥാനം പുനർവിചിന്തനം ചെയ്യാൻ നിർബന്ധിതരാകുന്നു. ‘നാഷണൽ ഡോഗ് സർവേ’ എന്ന പേരിൽ നായ ഉടമകളുടെ സെൻസസ് ആരംഭിച്ച ചാരിറ്റി, വരും മാസങ്ങളിൽ ലഭിക്കുന്ന നായ്ക്കളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതായും അറിയിച്ചിട്ടുണ്ട്. ഇതിനെ ‘പ്രതിസന്ധി’ എന്നാണ് ചാരിറ്റി വിശേഷിപ്പിക്കുന്നത്.

കോവിഡ് ആരംഭിച്ചതിനു ശേഷം യുകെയിൽ മൊത്തം 3.2 മില്ല്യൺ കുടുംബങ്ങൾ ഒരു വളർത്തുമൃഗത്തെ സ്വന്തമാക്കിയതായി ഈ വർഷം ആദ്യം, പെറ്റ് ഫുഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. വളർത്തുമൃഗങ്ങളെ പോറ്റുന്നവരുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം ആ മൃഗങ്ങൾക്ക് ഒരു ‘പ്രതിസന്ധി’ ആയി മാറുമെന്ന് ആർഎസ്പിസിഎ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്ക് ഡൗണിന് ശേഷം ആളുകൾ ജോലിയിൽ തിരിച്ചെത്തുമ്പോൾ അവരുടെ വളർത്തുമൃഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാൻ കഴിയില്ലെന്നായിരുന്നു ആർഎസ്പിസിഎയുടെ മുന്നറിയിപ്പ്.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ദേശീയ മെഡലുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധവുമായി കായിക താരങ്ങൾ. 2010-2014 കാലയളവിൽ ദേശീയ മെഡൽ ജേതാക്കളായ കായിക താരങ്ങളാണ് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. 2010 നും 2014നും ഇടയിൽ ദേശീയ മെഡൽ ജേതാക്കളായ 54 പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഒരു കാലത്ത് സർക്കാർ ഉറപ്പു നൽകിയിരുന്നതും പിന്നീട് നടപ്പിലാക്കി എന്ന് അവകാശപ്പെട്ടതുമായ കാര്യം നീണ്ടു പോയതോടെയാണ് പ്രതിഷേധവുമായി കായിക താരങ്ങൾ രംഗത്തെത്തിയത്. 510 കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകിയെന്നായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ അവകാശവാദം, കഴിഞ്ഞ യുഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

തങ്ങൾക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ലെന്നാണ് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ച കായികതാരങ്ങൾ പറയുന്നത്. 54 പേർക്കും ജോലി നൽകിയെന്നാണ് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നതെന്നും എന്നാൽ തങ്ങൾക്ക് ജോലി ലഭിച്ചിട്ടില്ലെന്നും കായിക താരങ്ങൾ വ്യക്തമാക്കുന്നു. നിരന്തരം ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഫയൽ എവിടെയാണെന്ന് കൃത്യമായ മറുപടി നൽകാനും ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്നും ഇതോടെയാണ് പ്രതിഷേധ പരിപാടികളുമായി മൂന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും ഇവർ വിശദമാക്കി.

തിങ്കളാഴ്ച രാവിലെ മുതൽ ഉച്ച വരെയാണ് കായിക താരങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കായിക താരങ്ങൾ അറിയിച്ചു. നേരത്തെ ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ ദേശീയ മെഡൽ ജേതാക്കൾ നടത്തിയ പ്രതിഷേധം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞുമാണ് അന്ന് കായിക താരങ്ങൾ പ്രതിഷേധിച്ചത്.

തുടർന്ന് 83 ദേശീയ മെഡൽ ജേതാക്കൾക്ക് ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാൽ 2010-2014 കാലയളവിലെ ദേശീയ മെഡൽ ജേതാക്കൾക്ക് സർക്കാർ ജോലി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കായിക താരങ്ങൾ വൂീണ്ടും പ്രതിഷേധവുമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്.

കൊച്ചി: കോവിഡിന് മികച്ച പ്രതിവിധിയായി കോവിഡ് ആയുഷ് 64. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുര്‍വേദ ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സിസിആര്‍എഎസ്) ആണ് ആയുഷ് 64 ഗുളികകള്‍ വികസിപ്പിച്ചത്.

പ്രാഥമിക ഘട്ടത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നെന്ന നിലയില്‍ ഉപയോഗിക്കപ്പെട്ട ആയുഷ് 64, കോവിഡ് രോഗത്തെ തന്നെ തടയാന്‍ പ്രാപ്തമാണെന്ന് പിന്നീട് ഗവേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. രാജ്യത്ത് ആറ് സ്ഥലങ്ങളില്‍ നടത്തിയ ഗവേഷണ നിരീക്ഷണങ്ങളിലൂടെയാണ് ആയുഷ് 64, കോവിഡ് 19 നെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

ലക്ഷണങ്ങളില്ലാത്തതും നേരിയ തോതിലുള്ളതും ശരാശരിയുമായ കോവിഡ് രോഗബാധകളില്‍ മരുന്ന് മികച്ച ഗുണം നല്‍കുന്നെന്നാണ് ഗവേഷണ ഫലം. ഇതെത്തുടര്‍ന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം ഈ മരുന്ന് എല്ലാവരിലും എത്തിക്കാനുള്ള ശ്രമമാരംഭിച്ചു. ദേശീയ തലത്തില്‍ സന്നദ്ധ സംഘടനയായ സേവാഭാരതിക്കാണ് മരുന്നിന്റെ വിതരണച്ചുമതല.

ആയുഷ് 64 സ്വകാര്യ ചികില്‍സകരിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അംഗീകൃത ആയുര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുണ്ടായി. കേരളത്തില്‍ ഈ അവകാശം നേടിയെടുത്ത ആദ്യ ആയുര്‍വേദ ഔഷധ നിര്‍മാതാക്കള്‍ ആണ് ധാത്രി ആയുര്‍വേദ. കേരളത്തിലെ എല്ലാ സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരിലൂടെയും ആയുഷ് 64 ജനങ്ങളിലേക്കെത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

രോഗ പ്രതിരോധത്തിന് ഗുണകരമായ മരുന്നെന്ന വിലയിരുത്തലാണ് ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്. കോവിഡ് രോഗത്തെ തന്നെ മാറ്റാന്‍ കഴിവുണ്ടെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്കും മൈല്‍ഡ്, മോഡറേറ്റ് സ്ഥിതിയിലുള്ളവര്‍ക്കുമാണ് ഇത് ഫലപ്രദമാകുന്നത്. കോവിഡ് അനുബന്ധമായ സങ്കീര്‍ണതകള്‍ രോഗിക്ക് ഉണ്ടാവാതിരിക്കാനും മരുന്ന് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് മരുന്നുകളുടേത് പോലെ പാര്‍ശ്വഫലങ്ങളില്ല. ഇത് കഴിക്കുമ്പോള്‍ പ്രത്യേകം പഥ്യം നോക്കേണ്ടതില്ല. മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് അതിനൊപ്പം തന്നെ ആയുഷ് 64 ഉം കഴിക്കാമെന്ന് ധാത്രി ആയുര്‍വേദ മാനേജിങ് ഡയറക്ടര്‍ ഡോ. സജികുമാര്‍ പറഞ്ഞു.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് പഠനം തുടരാന്‍ നിബന്ധനകളുമായി താലിബാന്‍. ബിരുദാനന്തര ബിരുദത്തിന് ഉള്‍പ്പെടെ നിര്‍ദ്ദേശിത നിബന്ധനകള്‍ അനുസരിച്ച് പഠനം തുടരാമെന്ന് താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ഹഖാനി വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണ്, ക്ലാസ്മുറികള്‍ ലിംഗപരമായി വേര്‍തിരിക്കുമെന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ അറിയിച്ചു.

അതേസമയം, സര്‍വകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാന്‍ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു. 20 വര്‍ഷം പിന്നിലേക്ക് പോകാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുതിയ സര്‍ക്കാര്‍ നയങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.