Highlights (Page 179)

തിരുവനന്തപുരം: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ കഴിഞ്ഞ വർഷം ഇറക്കിയ വിജ്ഞാപനത്തിന് വിദഗ്ധ സമിതി അംഗീകാരം നൽകി. 148 ചതുരശ്ര കിലോമീറ്റർ ഇനി പരിസ്ഥിതി ലോല(ഇഎസ്സെഡ്) മേഖലയാകും. കഴിഞ്ഞ വർഷം ഇറക്കിയ വിജ്ഞാപനം അതേപടിയാണ് വിദഗ്ധ സമിതി അംഗീകരിച്ചത്.

വന്യജീവി സങ്കേതത്തിനു ചുറ്റും പരമാവധി 9.8 കിലോമീറ്റർ വരെയാണ് പരിസ്ഥിതി ലോലമേഖലയുടെ വീതി. വിജ്ഞാപനം ആവാസ വ്യവസ്ഥയെയോ ജനങ്ങളുടെ കൃഷിഭൂമിയെയോ ബാധിക്കില്ലെന്നു മുൻപ് വ്യക്തമാക്കിയിരുന്നു.

സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയെ ചൊല്ലി ഏറെ ആശങ്കകൾ നിലനിന്നിരുന്നു. ഈ ആശങ്കകൾ പരിഹരിച്ചുവെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര വനം വകുപ്പ് മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ഒക്ടോബർ 27 ന് പുറത്തിറക്കിയ കരടു വിജ്ഞാപനത്തിന് വിദഗ്ധ സമിതി അംഗീകാരം നൽകിയത്. ഇനി അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മുംബൈ: രവി ശാസ്ത്രി കളമൊഴിയുന്നതോടെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ലെഗ് സ്പിന്നറുമായ അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായേക്കും. കുംബ്ലെയെ വീണ്ടും പരിശീലക സ്ഥാനത്ത് എത്തിക്കാന്‍ ബിസിസിഐ നീക്കം തുടങ്ങി. വിവിഎസ് ലക്ഷ്മണനും ബി.സി.സി.ഐയുടെ പരിഗണനയിലുണ്ട്.

മുമ്പ് ഇന്ത്യയെ പരിശീലിപ്പിച്ച് പരിചയമുള്ള അനില്‍ കുംബ്ലയോടും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിന്റെ മെന്ററായ വിവിഎസ് ലക്ഷ്മണിനോടും പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കണമെന്ന് ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഹെഡ്മാസ്റ്ററെപ്പോലെ ടീമിനെ അച്ചടക്കത്തോടെ മുന്നോട്ടുനയിച്ച അനില്‍ കുംബ്ലെ വീണ്ടും എത്തുന്നതാണ് നല്ലതെന്നാണ് ബിസിസിഐയില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം.

കുംബ്ലെ 2016-17 കാലഘട്ടത്തില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നു. കോഹ്ലിയുമായുണ്ടായ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് കുംബ്ലെ അന്ന് സ്ഥാനമായൊഴിഞ്ഞത്. നിലവില്‍ ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനും ഡയറക്ടറുമായാണ് കുംബ്ലെ പ്രവര്‍ത്തിക്കുന്നത്.

ബിസിസിഐ ഭരണഘടന പ്രകാരം ഒരു വ്യക്തിക്ക് ഒരേസമയം രണ്ടു പദവികള്‍ വഹിക്കാന്‍ കഴിയില്ല, അതുകൊണ്ട് തന്നെ കുംബ്ലെ ഇന്ത്യന്‍ ടീം പരിശീലകനാവുകയാണെങ്കില്‍ പഞ്ചാബ് കിങ്‌സില്‍ നിന്നും സ്ഥാനമൊഴിയേണ്ടി വരും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വിലപ്പെട്ട സമ്മാനങ്ങൾ ലേലത്തിൽ വെച്ച് സാംസ്‌കാരിക മന്ത്രാലയം. ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ ജാവലിനും പിവി സിന്ധുവിന്റെ ബാഡ്മിന്റൺ റാക്കറ്റും ബാഗും ഉൾപ്പടെയുള്ളവയാണ് സാസംകാരിക മന്ത്രാലയം ലേലത്തിൽ വെച്ചിരിക്കുന്നത്. https:pmmementos.gov.in എന്ന വെബ് സൈറ്റിലൂടെ വ്യക്തികൾക്കും,സംഘടനകൾക്കും സെപ്റ്റംബർ 17 നും ഒക്ടോബർ 7 നും ഇടയിൽ ഇ-ലേലത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്.

ഒരു കോടി രൂപയാണ് നീരജിന്റെ ജാവലിന്റെ വില. 80 ലക്ഷം രൂപയാണ് സിന്ധുവിന്റെ ബാഗിന്റെ റാക്കറ്റിന്റെയും അടിസ്ഥാന വില. മറ്റൊരു വെങ്കല മെഡൽ ജേതാവ് ലോവലീനയുടെ ബോക്സിങ് ഗ്ലൗസും ലേലത്തിൽ വെച്ചിട്ടുണ്ട്. 80 ലക്ഷമാണ് ബോക്‌സിംഗ് ഗ്ലൗസിന്റെ അടിസ്ഥാന വില. വനിതാ ഹോക്കി താരങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച ഹോക്കി സ്റ്റിക്കുകൾ 80 ലക്ഷത്തിനാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയ്ക്ക് ലഭിച്ച 2700 സമ്മാനങ്ങളാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. ഒക്ടോബർ 7 ആണ് ലേലത്തിൽ എൻട്രി സ്വീകരിക്കുന്ന അവസാന തീയതി.

ടോക്കിയോ ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഒളിമ്പ്യന്മാരുടെയും പാരാലിമ്പ്യന്മാരുടെയും സ്‌പോർട്‌സ് ഗിയറും മറ്റ് ഉപകരണങ്ങളും, അയോധ്യയിലെ രാമക്ഷേത്രം, തീർത്ഥാനട കേന്ദ്രമായ ചാർധാം, രുദ്രാക്ഷ് കൺവെൻഷൻ സെന്റർ എന്നിവയുടെ പ്രതിരൂപങ്ങൾ, ശിൽപ്പങ്ങൾ, പെയിന്റിംഗുകൾ, അംഗവസ്ത്രങ്ങൾ എന്നിവയാണ് ലേലം ചെയ്യുന്നത്. ഗംഗയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നമാമി ഗംഗ മിഷനിലേക്ക് ഇ-ലേലത്തിൽ നിന്നുള്ള വരുമാനം നൽകുമെന്നും സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മുൻപും പ്രധാനമന്ത്രിക്ക് കിട്ടിയ സമ്മാനങ്ങൾ ലേലം ചെയ്തിരുന്നു. വിൽപ്പനയ്ക്ക് വെക്കുന്ന സമ്മാനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഓൺലൈൻ വഴി നൽകും. 2014 മുതൽ 2018 വരെ കിട്ടിയ 1800 സമ്മാനങ്ങൾ മൂന്നു മാസത്തോളം പ്രദർശനത്തിന് വച്ച ശേമാണ് ലേലത്തിന് വിറ്റത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു പ്രധാനമന്ത്രി മോദി തനിക്കു ലഭിച്ച മെമെന്റോകൾ ലേലത്തിലൂടെ കൈമാറുകയും അതുവഴി ലഭിക്കുന്ന പണം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു നീക്കിവെക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഐഎംജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലനം 20ന് ആരംഭിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 3 ദിവസത്തെ പരിശീലനത്തില്‍ 10 സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയുക, ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രി എന്ന ടീം ലീഡര്‍ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനത്തില്‍ നടക്കുക.

മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറാണ് ഭരണ സംവിധാനത്തെക്കുറിച്ച് വിശദീകരിക്കുക. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ചു യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി ക്ലാസ് നടത്തും. ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐഐഎം മുന്‍ പ്രൊഫസറും മാനേജീരിയല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം മോനിപ്പള്ളി സംസാരിക്കും.

രണ്ടാം ദിവസത്തെ പരിശീലന പരിപാടിയിലെ ആദ്യ സെഷനില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പ്രസംഗിക്കും. മന്ത്രിമാരുടെ പ്രകടനത്തെ സംബന്ധിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ ഓണ്‍ലൈനില്‍ സംവദിക്കും. ഫണ്ടിങ് ഏജന്‍സികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിര്‍ണയ വിദഗ്ധയും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ ജെന്‍ഡര്‍ ഉപദേശകയുമായ ഡോ. ഗീതാ ഗോപാല്‍ സംസാരിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഐഎംജി ഡയറക്ടര്‍ കെ ജയകുമാര്‍ വിശദമാക്കുക.

22ന് രാവിലെ നടക്കുന്ന സെക്ഷനില്‍ മാറ്റത്തിനുള്ള ഉപകരണം എന്ന നിലയില്‍ ഇ-ഗവേണന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് സംസാരിക്കും. മികച്ച ഫലം ലഭിക്കുന്നതിനു പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര മുന്‍ സെക്രട്ടറി അനില്‍ സ്വരൂപ് ആശയവിനിമയം നടത്തും. സമൂഹ മാധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാധ്യതകളും എന്ന വിഷയത്തെപ്പറ്റി സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും നല്‍കുന്ന ക്ലാസോടെ പരിശീലന പരിപാടി സമാപിക്കും.

തിരുവനന്തപുരം: മുസ്ലിങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഇടപെടണമെന്ന് ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ക്കുവേണ്ടി തയാറാക്കി കീഴ്ഘടകങ്ങള്‍ക്കയച്ച കുറിപ്പില്‍ വ്യക്തമാക്കി സി.പി.എം സംസ്ഥാനസമിതി. ക്രൈസ്തവ വിഭാഗങ്ങള്‍ വര്‍ഗീയ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെങ്കിലും അടുത്ത കാലത്തായി കേരളത്തില്‍ കണ്ടുവരുന്ന, ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയസ്വാധീനത്തെ ഗൗരവമായി കാണണമെന്നും സി.പി.എം കുറിപ്പില്‍ നിര്‍ദ്ദേശമുണ്ട്.

മാത്രമല്ല, ഇത്തരം ചിന്താഗതികള്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്കാണ് നേട്ടമുണ്ടാക്കുമെന്നും, സംഘപരിവാറിന്റെ അജന്‍ഡകള്‍ സമൂഹത്തില്‍ വര്‍ഗീയവത്കരണം നടത്താനിടയാക്കുന്നുവെന്നും കുറിപ്പിലുണ്ട്. ന്യൂനപക്ഷവര്‍ഗീയത ആത്യന്തികമായി ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ആപത്തായിത്തീരുന്നു. ഏത് വര്‍ഗീയതയും മറ്റൊരു വര്‍ഗീയതയെ പരിപോഷിപ്പിക്കാന്‍ മാത്രമേ സഹായകമാകൂവെന്ന കാഴ്ചപ്പാട് പ്രചരിപ്പിക്കാനാകണം. പാര്‍ട്ടിക്ക് കീഴിലെ സാംസ്‌കാരിക സംഘടനകളെയും ഗ്രന്ഥശാലകളെയും കലാസമിതികളെയും ക്ലബ്ബുകളെയും ഇത്തരം ആശയങ്ങള്‍ക്കെതിരായ പ്രചാരണ വേദിയാക്കണമെന്നും സി.പി.എം നിര്‍ദ്ദേശമുണ്ട്.

കേരളത്തില്‍ ഹിന്ദുവര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ച് വര്‍ഗീയധ്രുവീകരണത്തിനുള്ള ദീര്‍ഘകാല പദ്ധതികളുമായാണ് ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിക്കുകയും ഏത് പ്രശ്‌നങ്ങളെയും വര്‍ഗീയമായി മാറ്റുന്നതിനുമുള്ള ഇടപെടലാണ് ആര്‍.എസ്.എസിന്റേത്. വിശ്വാസത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ ഇറക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ പല ഘട്ടങ്ങളിലും നടത്തിവരുന്നുണ്ടെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

ബിജെപി ഓരോ പ്രദേശത്തും എങ്ങനെയാണ് വേരുറപ്പിച്ചിട്ടുള്ളതെന്നും അവര്‍ പ്രവര്‍ത്തനങ്ങളെ എങ്ങനെ വ്യാപിപ്പിക്കുന്നുവെന്നും പരിശോധിച്ച് ആവശ്യമായ ഇടപെടലുണ്ടാകണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും കാലഹരണപ്പെട്ട വിശ്വാസങ്ങളെ പലതിനെയും തിരിച്ചുകൊണ്ടുവരികയും അതിന്റെ മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്താണ് ബിജെപി പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ക്ഷേത്രവാര്‍ഡുകള്‍ തുടര്‍ച്ചയായി ജയിച്ചുവരുന്ന സ്ഥിതിവിശേഷം ഇതിന്റെ ഭാഗമാണ്. ക്ഷേത്ര വിശ്വാസികളെ വര്‍ഗീയവാദികളുടെ പിന്നില്‍ അണിനിരത്തുന്ന രീതി ഇല്ലാതാക്കാന്‍ കഴിയുന്ന വിധത്തില്‍ ആരാധനാലയങ്ങളില്‍ ഇടപെടാന്‍ കഴിയേണ്ടതുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുകയും അതേസമയം വര്‍ഗീയവാദികളുടെ കൈകളിലേക്ക് അവരെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന തരത്തിലാകണം പാര്‍ട്ടി ഇടപെടലെന്നും കുറിപ്പില്‍ സിപിഎം ആഹ്വാനം നല്‍കുന്നു.

കാൻബെറ: ചൈനയ്‌ക്കെതിരെ കൈകോർത്ത് ലോകശക്തികൾ. ഇന്തോ – പസഫിക്ക് മേഖലയിൽ ചൈനയ്‌ക്കെതിരെ അമേരിക്കയും ഓസ്‌ട്രേലിയയും ബ്രിട്ടനും ത്രിരാഷ്ട്ര ഉടമ്പടി പ്രഖ്യാപിച്ചു. പുതിയ ത്രിരാഷ്ട്ര ഉടമ്പടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ നരേന്ദ്ര മോദിയുടെ സഹകരണം അഭ്യർത്ഥിച്ചു. നരേന്ദ്ര മോദിയുടെ സഹകരണം തേടി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. ഉടമ്പടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം നരേന്ദ്ര മോദിയോട് വിശദീകരിച്ചു.

ചൈനയുടെ ആധിപത്യത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് പുതിയ സുരക്ഷാ സഖ്യം രൂപീകരിച്ചത്. സുരക്ഷാ കരാർ ഇന്തോ-പസഫിക് മേഖലയിൽ സ്ഥിരത കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

സഖ്യത്തിന്റെ ഭാഗമായി അണുവായുധ ശേഷിയുള്ള എട്ട് അന്തർവാഹിനികൾ ഓസ്ട്രേലിയയിൽ നിർമിക്കും. ത്രിരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി വരുന്ന 18 മാസങ്ങളിൽ മൂന്ന് രാജ്യങ്ങളും വിവിധ മേഖലകളിൽ സഹകരിക്കും. പുതിയ സുരക്ഷാ ഉടമ്പടി വരുന്നത് ഇന്ത്യയ്ക്കും ഗുണകരമാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൊച്ചി: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനിയും ഐ ടി കമ്പനികളും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ വെർച്വൽ ജോബ് ഫെയറിന് തുടക്കം കുറിച്ചു. തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിലെ നൂറിലേറെ കമ്പനികളിലായി രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് ജോബ് ഫെയറിൽ ഉള്ളത്. കേരളത്തിന് അകത്തും പുറത്തുമുള്ള ഐടി ജോലി തേടുന്നവർക്ക് സെപ്തംബർ 21 വരെ jobs.prathidhwani.org എന്ന പോർട്ടലിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ബഹുരാഷ്ട്ര കമ്പനികളായ യുഎസ്ടി, അലയൻസ്, എച്ച്എൻആർ ബ്ലോക്ക്, ക്വസ്റ്റ് ഗ്ലോബൽ, ടാറ്റ എൽക്‌സി തുടങ്ങി നൂറിലേറെ കമ്പനികളാണ് ഈ പോർട്ടൽ വഴി ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്.

പ്രതിധ്വനിയുടെ വിർച്വൽ ജോബ് ഫെയർ ഓട്ടോമേറ്റഡ് സംവിധാനം മുഖേന പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് ഐ ടി കമ്പനികൾ തേടുന്ന ശരിയായ ടെക്നിക്കൽ സ്‌കിൽസെറ്റ് ഉള്ളവരെ കമ്പനി കണ്ടെത്തും. തുടർന്ന് ഇത്തരത്തിൽ കണ്ടെത്തുന്നവരെ കമ്പനികൾ ഇന്റർവ്യൂ ചെയ്യും. സെപ്തംബർ 22 മുതൽ 30 വരെയുള്ള തീയതികളിൽ കമ്പനികൾ നേരിട്ടാണ് ഇന്റർവ്യൂ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ ഐടി കമ്പനികളിൽ വലിയ തൊഴിലവസരങ്ങളാണ് അടുത്തിടെയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പുതുതായി കോഴ്‌സ് പൂർത്തിയാക്കിയവർ ഉൾപ്പെടെ യോഗ്യരായ ഐടി പ്രൊഫഷനലുകളെ വേഗത്തിൽ കണ്ടെത്താനാണ് കമ്പനികൾ പ്രതിധ്വനിയുമായി സഹകരിച്ച് വെർച്വൽ ജോബ് ഫെയറിന്റെ ഭാഗമായത്. കേരളത്തിലെ മാത്രമല്ല ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, പൂനെ തുടങ്ങിയ പ്രധാന ഐ ടി ഹബ്ബുകളിലുള്ള മലയാളികളായ ഐ ടി പ്രൊഫഷനലുകൾ കേരളത്തിൽ വന്നു ജോലി ചെയ്യാൻ താല്പര്യപ്പെടുന്നുണ്ടെന്നാണ് വിവരം. അവർക്കു കൂടി അവസരമൊരുക്കിയാണ് ഈ ജോബ് ഫെയർ വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രതിധ്വനി പ്രസിഡന്റ് റനീഷ് എ ആർ അറിയിച്ചു.

കോപ്പൻഹേഗൻ: ഡെൻമാർക്കിലെ ഫെറോ ദ്വീപിലെ വിനോദ വേട്ടയിൽ ഒറ്റദിവസം കൊന്നൊടുക്കിയത് 1500 ഓളം ഡോൾഫിനുകളെ. ദ്വീപിലെ സ്‌കാലബൊട്നൂർ ബീച്ചിൽ വർഷം തോറും നടക്കുന്ന ഗ്രൈൻഡഡ്രാപ് എന്ന വിനോദ കടൽവേട്ടയിലാണ് ഇത്രയധികം ഡോൾഫിനുകളെ കൊന്നൊടുക്കിയത്. 400 വർഷത്തോളമായി ഇവിടെ ഇത്തരത്തിൽ വിനോദ വേട്ട നടക്കാറുണ്ട്. എണ്ണിയാലൊടുങ്ങാത്ത ഡോൾഫിനുകളെയും തിമിംഗലങ്ങളെയുമാണ് എല്ലാവർഷവും ഇവിടെ വേട്ടയാടുന്നത്.

ഡെൻമാർക്കിന് കീഴിലുള്ള സ്വയം ഭരണ ദ്വീപായ ഫെറോയിൽ നൂറ്റാണ്ടുകളായി തുടർന്നുവരുന്ന വിനോദവേട്ടയാണിത്. അതിനാൽ തന്നെ ഇത് ഫെറോ ദ്വീപിൽ നിയമാനുസൃതവും അംഗീകൃതവുമാണ്. തീരത്തോട് ചേർന്ന് ഡോൾഫിനുകളുടെയും തിമിംഗലങ്ങളുടെയും ചാകര കാണുമ്പോഴാണ് ദ്വീപ് ജനത ഈ വിനോദം ആരംഭിക്കുന്നത്. പ്രത്യേക പരിശീലനവും ലൈസൻസുള്ള ആളുകൾക്ക് മാത്രമേ ഡോൾഫിനുകളെ വേട്ടയാടാൻ അനുവാദം നൽകിയിട്ടുള്ളു. ഫെറോ ദ്വീപ് തീരത്തോട് ചേർന്ന് ചത്തു കിടക്കുന്ന ഡോൾഫിനുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിനോദ വേട്ടയ്‌ക്കെതിരെ ആഗോള തലത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇത്രയും ക്രൂരമായ വേട്ടയാടൽ അനുവദിക്കരുതെന്നാണ് കടൽജീവി സംരക്ഷണ ഗ്രൂപ്പുകളുടെ ആവശ്യം. കടൽ വേട്ടക്കെതിരെ നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

വലിയ ആഘോഷങ്ങളോടെയാണ് ദ്വീപിൽ കടൽവേട്ട നടക്കുന്നത്. തിമിംഗലങ്ങളെയും ഡോൾഫിനേയും വേട്ടയാടി തീരത്തെത്തിച്ച് കഴുത്തറുക്കുന്നത് കാണാൻ നിരവധി ആളുകൾ ഇവിടേക്ക് എത്താറുണ്ട്. കഴിഞ്ഞ ഞായറാഴ്ച മാത്രം 1428 ഡോൾഫിനുകളെ ദ്വീപ് വാസികൾ കൊന്നെടുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതുവരെയുള്ള കടൽവേട്ടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പ്രമാണിച്ച് പ്രത്യേക പൂജകളും വഴിപാടുകളുമായി ബിജെപി പ്രവർത്തകർ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും പ്രാർത്ഥനകളും ബിജെപി പ്രവർ്തകർ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. നരേന്ദ്ര മോദിയുടെ പേരിൽ അനിഴം നക്ഷത്രത്തിൽ പ്രത്യേക വഴിപാടുകൾ ക്ഷേത്രങ്ങളിൽ നേർന്നതിന്റെ രസീതുകൾ അടക്കം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മോദിയ്ക്കായി പ്രത്യേക പൂജകളും പ്രാർത്ഥനകളും അനുയായികൾ നടത്തുന്നുണ്ട്. വാരണാസിയിൽ 71,000 വിളക്ക് കത്തിച്ചാണ് നരേന്ദ്ര മോദിയുടെ ജന്മദിനത്തെ വരവേൽക്കുന്നത്. കാശിയിലെ ഭാരത് മാതാ മന്ദിരത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ‘നന്ദി മോദിജി’ എന്ന് പ്രിന്റ് ചെയ്ത 14 കോടി റേഷൻ കിറ്റുകൾ വിതരണം ചെയ്യാനാണ് ബിജെപിയുടെ പദ്ധതി.

1950 സെപ്റ്റംബർ 17 നാണ് നരേന്ദ്ര മോദിയുടെ ജനനം. ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലും വിവിധ പരിപാടികൾ നടത്താനാണ് പാർട്ടി പ്രവർത്തകരുടെ തീരുമാനം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ ഓർമ്മ ദിവസമായ ഒക്ടോബർ 7 വരെ ആഘോഷ പരിപാടികൾ നടത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. നരേന്ദ്ര മോദി ഭരണ സാരഥ്യം ഏറ്റെടുത്തിട്ട് 20 വർഷങ്ങൾ തികയുന്ന ദിവസമാണ് .ഒക്ടോബർ 7. സേവാ സമർപ്പൺ അഭിയാൻ എന്ന പേരിലാണ് രാജ്യത്ത് ആഘോഷങ്ങൾ പരിപാടികൾ സംഘടിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാർത്ഥനകളും പൂജകളുമാണ് നടത്തുന്നത്. ഓരോസമുദായത്തിന്റെയും ആചാരങ്ങൾക്ക് അനുസരിച്ചുള്ള പ്രാർത്ഥനകളാകും നടത്തുകയെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചിരുന്നത്. കെ സുരേന്ദ്രൻ കാസർകോഡും, മുൻ എംഎൽഎ ഒ.രാജഗോപാൽ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ് എന്നിവർ തിരുവനന്തപുരത്തും, സികെ പത്മനാഭൻ കണ്ണൂരും സുരേഷ്ഗോപി എംപി ആലപ്പുഴയിലും സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

കോവിഡ് പ്രതിരോധ, സേവന പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനം, കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതി ഗുണഭോക്താക്കളെ ആദരിക്കൽ, അവരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവവും സംഘടിപ്പിക്കും. കേരളത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശവുമായി 25 ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കും. കേന്ദ്ര പദ്ധതി ഗുണഭോക്താക്കളും പാർട്ടി പ്രവർത്തകരും ഇതിൽ പങ്കാളികളാകും. 71 കേന്ദ്രങ്ങളിൽ നദീസംരക്ഷണ പരിപാടികൾ നടത്തുകയും. പുഴകളിലും തോടുകളിലും മാലിന്യങ്ങളിലുമുള്ള പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുകയും ചെയ്യും. പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ വിശദമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: പങ്കാളിത്തപെൻഷൻ പദ്ധതി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനൊരുങ്ങി സിപിഐയുടെ സർക്കാർ ജീവനക്കാരുടെ സംഘടന. പെൻഷൻ പദ്ധതി പുനപരിശോധിക്കുന്നതിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്നാണ് ജോയിന്റ് കൗൺസിലിന്റെ ആവശ്യം. വിവരാവകാശപ്രകാരം റിപ്പോർട്ട് ചോദിച്ചിട്ടും സംഘടനക്ക് നൽകിയിരുന്നില്ല.

2013 ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ പ്രവേശിച്ചവർക്ക് പങ്കാളിത്ത പെൻഷനാണ് ഉള്ളത്. ഈ പദ്ധതി പിൻവലിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വേണ്ടി ഒന്നാം പിണറായി സർക്കാർ പ്രത്യേക സമിതിയെ നിയമിച്ചിരുന്നു. റിട്ട ജില്ലാ ജഡ്ജി എസ് സതീശ്ചന്ദ്രബാബുന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് സർക്കാർ നിയോഗിച്ചത്. കഴിഞ്ഞ ഏപ്രിൽ 30 നാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.

റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വിവരാവകാശരേഖ പ്രകാരം ചോദിച്ചപ്പോൾ റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയാണെന്നാണ് ജോയിന്റ് കൗൺസിലിന് ലഭിച്ച മറുപടി.