കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് പഠനം തുടരാന്‍ നിബന്ധനകളുമായി താലിബാന്‍. ബിരുദാനന്തര ബിരുദത്തിന് ഉള്‍പ്പെടെ നിര്‍ദ്ദേശിത നിബന്ധനകള്‍ അനുസരിച്ച് പഠനം തുടരാമെന്ന് താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ഹഖാനി വ്യക്തമാക്കി.
പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണ്, ക്ലാസ്മുറികള്‍ ലിംഗപരമായി വേര്‍തിരിക്കുമെന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ അറിയിച്ചു.
അതേസമയം, സര്‍വകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാന്‍ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു. 20 വര്‍ഷം പിന്നിലേക്ക് പോകാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുതിയ സര്‍ക്കാര്‍ നയങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

