ന്യൂഡൽഹി: സംസ്ഥാനത്തെ ഭക്ഷ്യ വിതരണ രംഗത്തെ 15 വമ്പന്മാർക്കെതിരെ നടപടി സ്വീകരിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള വമ്പൻ സ്ഥാപനങ്ങളുടെ ലൈസൻസ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി റദ്ദാക്കി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി. പല തവണ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും ഇവർ അവഗണിച്ചുവെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ സ്ഥാപനങ്ങൾക്കെതിരായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉദയ സമുദ്ര ലെഷർ ബീച്ച് ഹോട്ടൻ ആൻഡ് സ്പാ, ലൈറ്റ് ബൈറ്റ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂർ, കോവളം റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ദ ലീല കോവളം തുടങ്ങിയവരുടെ ലൈസൻസാണ് റദ്ദാക്കപ്പെട്ടത്. ഭക്ഷ്യ വിപണന രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ ഓഡിറ്റിംഗിന് മൂന്നാം കക്ഷിയെ നിയോഗിക്കണമെന്ന് അതോറിറ്റി നിർദ്ദേശം നൽകിയിരുന്നു. മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി കൊണ്ടുള്ള ഭക്ഷ്യ സുരക്ഷാ ഓഡിറ്റ് നിർദ്ദേശം ആവർത്തിച്ചിട്ടും കേരളത്തിലെ 15 ഭക്ഷ്യ വിപണനക്കാർ അത് നടപ്പാക്കിയില്ല. അതുകൊണ്ടാണ് ലൈസൻസ് റദ്ദാക്കൽ നടപടിയിലേക്ക് കടന്നതെന്ന് അതോറിറ്റി അറിയിച്ചു.
2006 ലെ ഭക്ഷ്യ സുരക്ഷാ ആക്ടിലെ 32 (2) സെക്ഷൻ പ്രകാരമാണ് നടപടി. 2018 മുതലാണ് ഫുഡ് സേഫ്റ്റി ഓഡിറ്റിംഗിൽ മൂന്നാം കക്ഷിയെ നിർബന്ധമാക്കിയത്. ഭക്ഷ്യമേഖലയ്ക്ക് വേണ്ട ലൈസൻസുകൾ സംബന്ധിച്ച് രാജ്യത്ത് ഒട്ടാകെ വ്യാപകമായ ഒരു നിയമമാണ് FSSAI (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ) വഴി നടപ്പാക്കുന്ന ‘ഭക്ഷ്യ സുരക്ഷാ നിലവാര നിയമം – 2006’. 2011 ഓഗസ്റ്റ് അഞ്ചു മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. മനുഷ്യൻ ഭക്ഷിക്കാൻ ഉപയോഗിക്കുന്ന ഏതൊരു ഭക്ഷ്യ ഉത്പന്നത്തിന്റേയും ഉത്പാദനം, സൂക്ഷിക്കൽ, വിപണനം, വിതരണം, കയറ്റിറക്ക്, ഗതാഗതം തുടങ്ങി ഏതൊരു പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ലൈസൻസ്/രജിസ്ട്രേഷൻ നിർബന്ധമായും എടുത്തിരിക്കണമെന്ന് നിർബന്ധമാണ്.
20 കോടിക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപങ്ങൾക്കാണ് സെൻട്രൽ ലൈസൻസ് ലഭിക്കുന്നത്. 5 സ്റ്റാർ ഹോട്ടലുകൾക്കും കേന്ദ്ര ലൈസൻസ് വേണം.. ഇതിനായള്ള കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയതാണ് നടപടിയ്ക്ക് കാരണമെന്ന് അധികൃതർ വിശദമാക്കി. വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയിൽ താഴെ വരുന്ന സ്ഥാപനങ്ങൾക്ക് സംസ്ഥാന ലൈസൻസാണ് വേണ്ടത്. പ്രതിദിനം 100 ലിറ്ററിന് മുകളിൽ ദ്രാവകഭക്ഷ്യം ഉത്പാദിപ്പിക്കുന്നവർ, പ്രതിദിനം 100 കിലോ ഗ്രാമിന് മുകളിൽ ഖരഭക്ഷ്യം ഉത്പാദിപ്പിക്കുന്നവർ, 2050 വരെ വലിയ മൃഗങ്ങൾ, 10-150 വരെ ചെറിയ മൃഗങ്ങൾ, 50-1000 വരെ പക്ഷി ഇനങ്ങൾ എന്നിവയിൽ വരുന്ന അറവ് കേന്ദ്രങ്ങൾ, പ്രതിദിനം 500 കിലോഗ്രാം വരെ മാംസം സംസ്‌കരിക്കുന്നവർ, പ്രതിദിനം രണ്ടു ടൺ ഏത് തരത്തിലുള്ള ഭക്ഷ്യവും ഉത്പാദിപ്പിക്കുന്നവർ, എണ്ണ ശുദ്ധീകരിക്കുന്നവർ, റീ ലേബലിങ് നടത്തുന്നവർ, റീപായ്ക്ക് ചെയ്യുന്നവർ തുടങ്ങിയവർക്കും സംസ്ഥാന ലൈസൻസ് നിർബന്ധമാണ്.

