Highlights (Page 181)

ന്യൂഡല്‍ഹി: കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും സംയുക്തമായി രൂപീകരിച്ച മാനദണ്ഡങ്ങള്‍ സെപ്തംബര്‍ മൂന്നിന് തന്നെ പുറപ്പെടുവിച്ചിരുന്നതായി സുപ്രീം കോടതിയിലാണ് സര്‍ക്കാര്‍ അറിയിച്ചത്.

പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് കൊവിഡ് പിടിപ്പെട്ട് 30 ദിവസത്തിനുള്ളില്‍ രോഗി മരണമടഞ്ഞാല്‍ അതിനെ കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തും. രോഗി ആശുപത്രിയില്‍ വച്ച് മരിച്ചാലും പുറത്തെ ഏതെങ്കിലും കേന്ദ്രത്തില്‍ വച്ച് മരിച്ചാലും അത് കൊവിഡ് മരണമായി തന്നെ ഇനി മുതല്‍ കണക്കാക്കപ്പെടും.

കൊവിഡ് ടെസ്റ്റ് നടത്തിയോ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന പരിശോധനകളിലൂടെയോ രോഗിക്ക് കൊവിഡാണോ അല്ലയോ എന്ന് ഉറപ്പ് വരുത്താവുന്നതാണ്. എന്നാല്‍ ആത്മഹത്യ, കൊലപാതകം, അപകടങ്ങള്‍ എന്നിവ കാരണം ഒരു വ്യക്തി മരിക്കുകയാണെങ്കില്‍ അയാള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നുവെങ്കില്‍ പോലും അതിനെ കൊവിഡ് മരണങ്ങളുടെ പട്ടികയില്‍പെടുത്താന്‍ സാധിക്കില്ല.

മാത്രമല്ല, മരണ സര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന പരാതി പരിഹാരസെല്ലിനെ സമീപിക്കാവുന്നതാണ്.

തിരുവനന്തപുരം: കണ്ണൂർ സർവകലാശായിൽ ആർഎസ്എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വൈവിദ്ധ്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിചാരധാര പഠിപ്പിക്കുന്നതിൽ തെറ്റില്ല. വിദ്യാർത്ഥികൾ പഠിച്ച ശേഷം സംവാദങ്ങളിൽ ഏർപ്പെടണമെന്നും ഗവർണർ വ്യക്തമാക്കി.

അതേസമയം വലിയ പ്രതിഷേധമാണ് ഉയരുന്നത്. കണ്ണൂർ സർവ്വകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയിലാണ് സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയത്. കടുത്ത വർഗീയ പരാമർശങ്ങളുള്ള കൃതികൾ സിലബസിൽ ചേർത്തത് കാവിവത്കരണമാണെന്നാണ് ഒരു വിഭാഗം ആളുകളുടെ ആരോപണം.

പ്രതിഷേധം ശക്തമായതോടെ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടോ എന്ന് പഠിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചു. രണ്ടംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. വിവാദത്തിന് പിന്നാലെ സിലബസ് പുന:പരിശോധന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

വിദ്യാഭ്യാസ തദ്ദേശ ആരോഗ്യവകുപ്പുകള്‍ ചേര്‍ന്നുള്ള സമിതിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് സ്‌കൂള്‍ തുറക്കാനുള്ള അന്തിമ തീരുമാനമെടുക്കുക. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ തുടര്‍നടപടികള്‍.

കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള ആലോചനകള്‍ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അറിവും അനുഭവസമ്പത്തുമുള്ള വിദഗ്ധരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

തിരുവനന്തപുരം: റേഷൻ സാധനങ്ങളുമായി ഇനി കെഎസ്ആർടിബസ് ഓടിയെത്തും. കയ്യിൽ റേഷൻ കാർഡുള്ളവർക്കെല്ലാം ഈ ബസ് കൈകാണിച്ച് നിർത്താം. ബാക്കി കാര്യങ്ങളെല്ലാം റേഷൻ കടകളിലുള്ളതു പോലെ തന്നെ ആയിരിക്കും. റേഷൻ കാർഡ് കാണിച്ച് അരിയും മണ്ണെണ്ണയുമെല്ലാം ഈ ബസിൽ നിന്നും വാങ്ങാം. കഴിഞ്ഞ ഓണത്തിന് ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ വാഹനങ്ങളിൽ എത്തിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. പൊതുവിതരണ വകുപ്പും ഗതാഗതവകുപ്പും ഇക്കാര്യം സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്.

റേഷൻകടയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയാകും സിവിൽ സപ്ലൈസ് വകുപ്പിന് കെ.എസ്.ആർ.ടി.സി ബസ് കൈമാറുക. സമീപത്ത് റേഷൻ കട ഇല്ലാത്ത പ്രദേശങ്ങളിലേക്കായിരിക്കും റേഷൻ ബസ് സർവ്വീസ് നടത്തുക. ആദ്യഘട്ടത്തിൽ മലയോര പ്രദേശങ്ങളിലും തുടർന്ന് തീരപ്രദേശങ്ങളിലും റേഷൻ ബസെത്തും. മൊബൈൽ റേഷൻ കടകൾ ഓടുമ്പോൾ തങ്ങളുടെ കച്ചവടം പൂട്ടിപ്പോകുമെന്ന് റേഷൻ കടക്കാർ പേടിക്കേണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.

കമ്മിഷൻ അതത് ലൈസൻസികൾക്കു തന്നെ ലഭിക്കും. വണ്ടി എത്തുന്ന പ്രദേശത്തെ കടയുമായി പ്രവർത്തനത്തെ ബന്ധിപ്പിക്കും. അവിടത്തെ സെയിൽസ്മാൻ കൂടി ബസിൽ കയറി പോകണം. മൊബൈൽ റേഷൻ കടകൾക്കു വേണ്ടി പ്രത്യേകം ലൈസൻസി ഉണ്ടാവില്ല. റേഷൻ കടകളുമായി ബന്ധിപ്പിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ സപ്ലൈകോയുടെ ലൈസൻസുമായി ബന്ധിപ്പിച്ചാകും വിൽപ്പന നടത്തുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. മുഴുവൻ പേരും റേഷൻ വാങ്ങുന്നതിനു വേണ്ടിയാണ് ബസ് പദ്ധതി നടപ്പിലാക്കാൻ തയ്യാറെടുക്കുന്നത്. റേഷൻകടക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: 2021ലെ നൂറു മികച്ച കോളജുകളില്‍ പത്തൊമ്പതെണ്ണം കേരളത്തില്‍. നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യ റാങ്കിംഗ് 2021ലാണ് മികച്ച കോളേജുകളുടെ പട്ടികയില്‍ കേരളം മികച്ച മുന്നേറ്റം നടത്തിയത്.

മികച്ച കോളജുകളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന് 25-ാം സ്ഥാനവും എറണാകുളം രാജഗിരിക്ക് 31-ാം സ്ഥാനവും ലഭിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ്(44), എറണാകുളം സെന്റ് തെരേസാസ്(45), തിരുവനന്തപുരം ഗവ. വിമണ്‍ കോളേജ്(46), എറണാകുളം എസ്.എച്ച് കോളജ്(63), തൃശ്ശൂര്‍ സെന്റ് തോമസ് കോളജ്(64), കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജ്(69), കോഴിക്കോട് ഫറൂഖ് കോളജ്(73), ചങ്ങനാശേരി എസ്.ബി കോളജ്(79), തിരുവല്ല മാര്‍ത്തോമ കോളജ്(80), കാസര്‍കോട് ഗവ. കോളജ്(82), കോതമംഗലം മാര്‍ അത്താനാസിയോസ്(86), ആലപ്പുഴ ബിഷപ്പ് മൂര്‍(89), കോട്ടയം ബിസിഎം (89), എറണാകുളം മഹാരാജാസ് കോളജ്(92), കോട്ടയം സിഎംഎസ് കോളജ്(93), കണ്ണൂര്‍ ഗവ. ബ്രണ്ണന്‍ കോളജ്(97), പാലക്കാട് ഗവ. വിക്ടോറിയ കോളജ്(99) എന്നിങ്ങനെ കേരളത്തിലെ 19 കോളജുകളാണ് മികച്ച കോളജുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആകെ മികവിന്റെ പട്ടികയില്‍ ഐഐടി മദ്രാസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് രണ്ടാമതും ഐഐടി ബോംബെ മൂന്നാമതുമെത്തി. ഐഐടി ദല്‍ഹി, ഐഐടി കാണ്‍പൂര്‍, ഐഐടി ഖരഗ്പൂര്‍, ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹതി, ജെഎന്‍യു, ബനാറസ് ഹിന്ദു സര്‍വ്വകലാശാല എന്നിവ ആദ്യ പത്തു സ്ഥാനങ്ങള്‍ നേടി. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിന് പന്ത്രണ്ടാം സ്ഥാനമുണ്ട്. കേരളാ യൂണിവേഴ്‌സിറ്റിക്ക് 43, എംജി സര്‍വ്വകലാശാലയ്ക്ക് 52 , കുസാറ്റ് 65, കാലിക്കറ്റ് 95 സ്ഥാനങ്ങളാണ് ലഭിച്ചത്.

മികച്ച സര്‍വ്വകലാശാലകളില്‍ ബംഗളൂരു ഐഐഎസ്, ജെഎന്‍യു, ബനാറസ് ഹിന്ദു സര്‍വ്വകലാശാല, കല്‍ക്കത്ത യൂണിവേഴ്‌സിറ്റി, അമൃത വിശ്വവിദ്യാപീഠം എന്നിവ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് പട്ടിക പുറത്തിറക്കിയത്.

ന്യൂഡൽഹി: 25 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി. ആജ് തക് ബ്രാൻഡുമായി സാമ്യതയുള്ള വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് ഡൽഹി ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഈ വെബ്‌സൈറ്റുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന് ഗൂഗിളിനും ഫേസ്ബുക്കിനും കോടതി നിർദ്ദേശം നൽകി. ഈ വെബ്‌സൈറ്റുകൾ ആജ് തക് എന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ആജ് തകിന്റെ മാതൃ കമ്പനിയായ ലിവിങ് മീഡിയ കോടതിയെ അറിയിച്ചത്. ആജ് തക് ബ്രാൻഡിന് ഇവർ അപകീർത്തിയുണ്ടാക്കുകയാണെന്നും ലിവിങ് മീഡിയ കോടതിയിൽ വിശദമാക്കി. ഇത് കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.

കൊച്ചി: സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ നിലപാട് കര്‍ശനമാക്കി ഹൈക്കോടതി. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കൊവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ പരാതികളില്‍ ഡി ജി പി തന്നെ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറാകുന്നില്ലെന്ന് ആശുപത്രികളും പരാതിപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികള്‍ക്കെതിരെ കാര്യമായ നടപടിയുണ്ടാകാറില്ലെന്നാണ് ആശുപത്രികള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

കാബൂള്‍: ഭരണം പിടിച്ചടക്കിയ താലിബാന്‍ അഫ്ഗാന്‍ ജനങ്ങളില്‍ കാടന്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. സ്ത്രീ സ്വാതന്ത്രത്തിന് വിലങ്ങിട്ട പിന്നാലെ ഇതാ മാദ്ധ്യമങ്ങളെ നിശബ്ദരാക്കുവാനുള്ള ശ്രമങ്ങളും താലിബാന്‍ ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ ദിവസം കാബൂളില്‍ വനിതകളടക്കം നിരത്തിലിറങ്ങി പ്രതിഷേധിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകരെ അതി ക്രൂരമായാണ് താലിബാന്‍ ഭീകരര്‍ മര്‍ദ്ദിച്ചത്.

ശരീരമാകെ മര്‍ദ്ദനമേറ്റ അടയാളങ്ങളുമായി നില്‍ക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ലോകത്തെ നടുക്കുന്നതാണ്. കാബൂളിലെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വനിതകളടക്കം നിരവധി അഫ്ഗാനികളാണ് താലിബാന്‍ സര്‍ക്കാരിനെതിരെയും, പാകിസ്ഥാനെതിരെയും പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ ആകാശത്തേയ്ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയും, അവര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും, മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തി. 2017 ജൂലൈയിലാണ് അശ്വിന്‍ ഇന്ത്യക്കു വേണ്ടി അവസാനം ട്വന്റി20 കളിച്ചത്. അശ്വിനെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

15 അംഗ ടീമിന്റെ ഉപദേശകനായി മുന്‍ നായകന്‍ എം.എസ്. ധോണിയുമുണ്ടാകും. കോച്ച് രവി ശാസ്ത്രിക്കൊപ്പമാണു ധോണി പ്രവര്‍ത്തിക്കുകയെന്നു ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ലോകകപ്പ് ടീമിലേക്കു പരിഗണിച്ചില്ല. എന്നാല്‍, ഋഷഭ് പന്തിനെ കൂടാതെ ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പറായി പരിഗണിച്ചു. ഫോം മങ്ങിയ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാലിനെ ലോകകപ്പ് ടീമിലേക്കു പരിഗണിച്ചില്ല. ലെഗ് സ്പിന്നര്‍മാരായ രാഹുല്‍ ചാഹാര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇടംകൈയന്‍ സ്പിന്നര്‍മാര്‍.

ദീപക് ചാഹാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍ എന്നിവരെ റിസര്‍വായി പരിഗണിച്ചു. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ സൂര്യകുമാര്‍ യാദവും ലോകേഷ് രാഹുലും രോഹിത് ശര്‍മയെ കൂടാതെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍മാരായി ഇടംപിടിച്ചു.

വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പരിഗണിച്ചില്ല. പേസര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ലോകകപ്പില്‍ കളിക്കാനെത്തും. ഒക്ടോബര്‍ 24 നു നടക്കുന്ന ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ നേരിടും. നവംബര്‍ 14 നു ദുബായിലാണു ഫൈനല്‍. ഒമാനും പാപുവ ന്യൂഗിനിയും തമ്മില്‍ ഒക്ടോബര്‍ 17 നടക്കുന്ന റൗണ്ട് 1 ഗ്രൂപ്പ് ബി മത്സരത്തോടെയാണു ലോകകപ്പ് തുടങ്ങുക. നവംബര്‍ 10,11 തീയതികളിലാണു സെമി ഫൈനല്‍ മത്സരങ്ങള്‍. ഇന്ത്യ വേദിയാകേണ്ടിയിരുന്ന ലോകകപ്പ് കോവിഡ്-19 വൈറസ് മഹാമാരി മൂലമാണ് യു.എ.ഇയിലേക്കു മാറ്റിയത്.

ടീം ഇന്ത്യ: വിരാട് കോഹ്ലി (നായകന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹാര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍. റിസര്‍വ്: ശ്രേയസ് അയ്യര്‍, ദീപക് ചാഹാര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍.

ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ ഇപ്പോള്‍ വളരെ എളുപ്പം. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇപ്പോള്‍ റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കാന്‍ സാധിക്കും. വെരിഫിക്കേഷനുശേഷം കുറഞ്ഞത് 2 ആഴ്ചയ്ക്കുള്ളില്‍ നിങ്ങളുടെ റേഷന്‍ നിങ്ങള്‍ക്ക് വീട്ടിലെത്തിക്കുകയും ചെയ്യും. ഓണ്‍ലൈനായോ, ഓഫ്ലൈനായോ കുടുംബാംഗങ്ങളുടെ പേരുകള്‍ എളുപ്പത്തില്‍ ചേര്‍ക്കാനുള്ള രീതികള്‍ ഇതാ

കുട്ടിയുടെ പേരു ചേര്‍ക്കാന്‍

റേഷന്‍ കാര്‍ഡില്‍ ഒരു കുട്ടിയുടെ പേര് ചേര്‍ക്കണമെങ്കില്‍, നിങ്ങള്‍ക്ക് ഗൃഹനാഥന്റെ റേഷന്‍ കാര്‍ഡ് (ഫോട്ടോകോപ്പിയും ഒറിജിനലും), കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ആധാര്‍ കാര്‍ഡ് എന്നിവ ആവശ്യമാണ് .

പുതിയ അംഗത്തിന്റെ പേര് ചേര്‍ക്കാന്‍

ആധാര്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പേര് ചേര്‍ക്കേണ്ട റേഷന്‍ കാര്‍ഡ് (ഫോട്ടോകോപ്പിയും ഒറിജിനലും), ആദ്യ രക്ഷിതാവിന്റെ വീട്ടിലുണ്ടായിരുന്ന കാര്‍ഡ് നീക്കംചെയ്യല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ഓണ്‍ലൈനില്‍ പേര് ചേര്‍ക്കാന്‍

  1. ഒന്നാമതായി, നിങ്ങളുടെ സംസ്ഥാനത്തിന്റെ ഭക്ഷ്യ വിതരണത്തിന്റെ സൈറ്റിലേക്ക് പോകുക.
  2. നിങ്ങള്‍ യുപിയില്‍ നിന്നുള്ളയാളാണെങ്കില്‍ (https://fcs.up.gov.in/FoodPortal.aspx) നിങ്ങള്‍ ഈ സൈറ്റിന്റെ ലിങ്കിലേക്ക് പോകേണ്ടതുണ്ട്.
  3. ഇപ്പോള്‍ നിങ്ങള്‍ ഒരു ലോഗിന്‍ ഐഡി ഉണ്ടാക്കണം, നിങ്ങള്‍ക്ക് ഇതിനകം ഒരു ഐഡി ഉണ്ടെങ്കില്‍, അത് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  4. ഹോം പേജില്‍, ഒരു പുതിയ അംഗത്തെ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ദൃശ്യമാകും.
  5. അതില്‍ ക്ലിക്ക് ചെയ്താല്‍, ഇപ്പോള്‍ ഒരു പുതിയ ഫോം നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടും.
  6. നിങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തിന്റെ എല്ലാ വിവരങ്ങളും ഇവിടെ കൃത്യമായി പൂരിപ്പിക്കുക.
  7. ഫോമിനൊപ്പം, ആവശ്യമായ രേഖകളുടെ സോഫ്റ്റ് കോപ്പിയും നിങ്ങള്‍ അപ്ലോഡ് ചെയ്യണം.
  8. ഫോം സമര്‍പ്പിച്ചതിന് ശേഷം ഒരു രജിസ്‌ട്രേഷന്‍ നമ്ബര്‍ നല്‍കും.
  9. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ പോര്‍ട്ടലില്‍ നിങ്ങളുടെ ഫോം ട്രാക്ക് ചെയ്യാം.
  10. ഉദ്യോഗസ്ഥര്‍ ഫോമും രേഖകളും പരിശോധിക്കും.
  11. എല്ലാം ശരിയാണെങ്കില്‍ നിങ്ങളുടെ ഫോം സ്വീകരിക്കുകയും റേഷന്‍ കാര്‍ഡ് തപാല്‍ വഴി നിങ്ങളുടെ വീട്ടിലെത്തിക്കുകയും ചെയ്യും.

ഓഫ്ലൈനില്‍ പേര് ചേര്‍ക്കാന്‍

  1. നിങ്ങള്‍ നിങ്ങളുടെ അടുത്തുള്ള ഭക്ഷണ വിതരണ കേന്ദ്രത്തില്‍ പോകണം.
  2. ഇപ്പോള്‍ സൂചിപ്പിച്ച എല്ലാ രേഖകളും നിങ്ങളോടൊപ്പം കൊണ്ടുപോകുക.
  3. അവിടെ നിങ്ങള്‍ പുതിയ അംഗത്തിന്റെ പേര് ചേര്‍ത്ത് ഫോം എടുക്കേണ്ടതായി വരും.
  4. എല്ലാ വിശദാംശങ്ങളും ഫോമില്‍ പൂരിപ്പിക്കുക.
  5. ഇപ്പോള്‍ രേഖകള്‍ സഹിതം ഫോറം വകുപ്പിന് സമര്‍പ്പിക്കുക.
  6. നിങ്ങള്‍ ചില അപേക്ഷാ ഫീസും ഇവിടെ നിക്ഷേപിക്കണം.
  7. ഫോം സമര്‍പ്പിച്ച ശേഷം, ഉദ്യോഗസ്ഥര്‍ നിങ്ങള്‍ക്ക് ഒരു രസീത് നല്‍കും, അത് നിങ്ങള്‍ സൂക്ഷിക്കണം.
  8. ഈ രസീത് വഴി നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയുടെ നില പരിശോധിക്കാവുന്നതാണ്.
  9. ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ഫോം പരിശോധിക്കുകയും ഡോക്യുമെന്റ്