കൊച്ചി: ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന പ്രമുഖ വ്യവസായി രവിപിള്ളയുടെ മകന്റെ വിവാഹത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും, സി സി ടി വി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
രവി പിള്ള, തൃശൂര്‍ എസ് പി, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരെ കേസില്‍ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എല്ലാവര്‍ക്കും ഒരേപോലെ ഗുരുവായൂരില്‍ വിവാഹം നടത്താന്‍ സാധിക്കണമെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂരില്‍ നടന്ന എല്ലാ വിവാഹങ്ങളുടെയും വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി.
കഴിഞ്ഞ ഒന്‍പതാം തീയതിയായിരുന്നു രവി പിള്ളയുടെ മകന്‍ ഗണേഷും ബെംഗളൂരുവില്‍ ഐ ടി കമ്പനി ജീവനക്കാരിയായ അഞ്ജനയും തമ്മിലുള്ള വിവാഹം നടന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയുമടക്കമുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

