കോവിഡിനെതിരെ പൊരുതാന്‍ കോവിഡ് ആയുഷ് 64; ആയുര്‍വേദത്തിന്റെ കരുത്ത് ജനങ്ങളിലെത്തിക്കാന്‍ ധാത്രി !

കൊച്ചി: കോവിഡിന് മികച്ച പ്രതിവിധിയായി കോവിഡ് ആയുഷ് 64. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുര്‍വേദ ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സിസിആര്‍എഎസ്) ആണ് ആയുഷ് 64 ഗുളികകള്‍ വികസിപ്പിച്ചത്.

പ്രാഥമിക ഘട്ടത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നെന്ന നിലയില്‍ ഉപയോഗിക്കപ്പെട്ട ആയുഷ് 64, കോവിഡ് രോഗത്തെ തന്നെ തടയാന്‍ പ്രാപ്തമാണെന്ന് പിന്നീട് ഗവേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. രാജ്യത്ത് ആറ് സ്ഥലങ്ങളില്‍ നടത്തിയ ഗവേഷണ നിരീക്ഷണങ്ങളിലൂടെയാണ് ആയുഷ് 64, കോവിഡ് 19 നെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

ലക്ഷണങ്ങളില്ലാത്തതും നേരിയ തോതിലുള്ളതും ശരാശരിയുമായ കോവിഡ് രോഗബാധകളില്‍ മരുന്ന് മികച്ച ഗുണം നല്‍കുന്നെന്നാണ് ഗവേഷണ ഫലം. ഇതെത്തുടര്‍ന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം ഈ മരുന്ന് എല്ലാവരിലും എത്തിക്കാനുള്ള ശ്രമമാരംഭിച്ചു. ദേശീയ തലത്തില്‍ സന്നദ്ധ സംഘടനയായ സേവാഭാരതിക്കാണ് മരുന്നിന്റെ വിതരണച്ചുമതല.

ആയുഷ് 64 സ്വകാര്യ ചികില്‍സകരിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അംഗീകൃത ആയുര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുണ്ടായി. കേരളത്തില്‍ ഈ അവകാശം നേടിയെടുത്ത ആദ്യ ആയുര്‍വേദ ഔഷധ നിര്‍മാതാക്കള്‍ ആണ് ധാത്രി ആയുര്‍വേദ. കേരളത്തിലെ എല്ലാ സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരിലൂടെയും ആയുഷ് 64 ജനങ്ങളിലേക്കെത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

രോഗ പ്രതിരോധത്തിന് ഗുണകരമായ മരുന്നെന്ന വിലയിരുത്തലാണ് ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്. കോവിഡ് രോഗത്തെ തന്നെ മാറ്റാന്‍ കഴിവുണ്ടെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്കും മൈല്‍ഡ്, മോഡറേറ്റ് സ്ഥിതിയിലുള്ളവര്‍ക്കുമാണ് ഇത് ഫലപ്രദമാകുന്നത്. കോവിഡ് അനുബന്ധമായ സങ്കീര്‍ണതകള്‍ രോഗിക്ക് ഉണ്ടാവാതിരിക്കാനും മരുന്ന് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് മരുന്നുകളുടേത് പോലെ പാര്‍ശ്വഫലങ്ങളില്ല. ഇത് കഴിക്കുമ്പോള്‍ പ്രത്യേകം പഥ്യം നോക്കേണ്ടതില്ല. മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് അതിനൊപ്പം തന്നെ ആയുഷ് 64 ഉം കഴിക്കാമെന്ന് ധാത്രി ആയുര്‍വേദ മാനേജിങ് ഡയറക്ടര്‍ ഡോ. സജികുമാര്‍ പറഞ്ഞു.