ന്യൂഡൽഹി: ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സെപ്തംബർ 24 ന് അമേരിക്കയിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യൊഷിഹിഡെ സുഗ എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് രാഷ്ട്രനേതാക്കൾ.
ഇന്തോ – പസഫിക്ക് മേഖലയിൽ ചൈന ഉയർത്തുന്ന സൈനിക വെല്ലുവിളി ഉച്ചകോടിയിൽ ചർച്ചാ വിഷയമാകും. ക്വാഡ് രാഷ്ട്രങ്ങളുടെ രണ്ടാമത്തെ ഉച്ചകോടിയാണ് നടക്കാനിരിക്കുന്നത്. എന്നാൽ ആദ്യമായിട്ടാണ് നാലു രാഷ്ട്രനേതാക്കന്മാരും നേരിട്ട് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ക്വാഡ് ഉച്ചകോടിയുടെ ആദ്യ സമ്മേളനം ഓൺലൈനായാണ് നടത്തിയത്.
മാർച്ച് 12 ന് നടന്ന ആദ്യ സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി ഇത്തവണ ചേരുന്ന ഉച്ചകോടിയിൽ വിലയിരുത്തും. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ച ക്വാഡിന്റെ വാക്സിൻ പദ്ധതിയിൽ നേടിയ പുരോഗതിയും ഉച്ചകോടിയിൽ ചർച്ച ചെയ്യും. കഴിഞ്ഞ സമ്മേളനത്തിൽ ഇന്തോ – പസഫിക്ക് മേഖലയെ ജനാധിപത്യ മൂല്യങ്ങൾക്കെതിരെയുള്ള എല്ലാവിധ ബാഹ്യശക്തികളിൽ നിന്നും സംരക്ഷിക്കുമെന്ന് ഈ രാഷ്ട്രങ്ങൾ പ്രതിജ്ഞ ചെയ്തിരുന്നു. ഇത് ചൈനയ്ക്കുള്ള മുന്നറിയിപ്പാണെന്നാണ് വിദഗ്ധർ പറയുന്നത്.

