ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ യുകെയിൽ വളർത്തു നായകളെ ഉപേക്ഷിക്കന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആരംഭിച്ചതോടെ ദത്തെടുക്കലിനായി തങ്ങളുടെ നായ്ക്കളെ നൽകാൻ കൂടുതൽ ആളുകൾ ആലോചിക്കുന്നുവെന്നും നായകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചാരിറ്റികൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ നായ്ക്കളെ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കോളുകളിൽ 35% വർദ്ധനവ് ഉണ്ടായതായി ‘ഡോഗ്‌സ് ട്രസ്റ്റ്’ അറിയിച്ചു.
ലോക്ക്ഡൗണിന് ശേഷം സാഹചര്യങ്ങൾ മാറിയതിനാൽ ആളുകൾ ഒരു വളർത്തുമൃഗത്തെ സ്വന്തമാക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നുവെന്നാണ് ഡോഗ്‌സ് ട്രസ്റ്റിന്റെ റിപ്പോർട്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോൾ ആളുകൾ കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് വിട്ടിനുള്ളിലായിരുന്നു. അന്ന് യുകെയിൽ വളർത്തുമൃഗങ്ങളുടെ വിൽപ്പന കുതിച്ചുയർന്നിരുന്നു. ലോക്ക് ഡൗൺ സമയത്ത് നായ്ക്കുട്ടികളുടെ വില ഇരട്ടിയായിരുന്നു. ജൂലൈ 19 -ന് ഇംഗ്ലണ്ടിൽ മിക്ക കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതായി അറിയിച്ചതിനെ തുടർന്ന് മിക്കവരും വളർത്തുമൃഗങ്ങളെ ദത്തെടുപ്പിന് നൽകുന്ന അവസ്ഥയാണ്. 2021 ഫെബ്രുവരിയിലെ പകർച്ചവ്യാധിക്ക് മുമ്പുള്ള സന്ദർശനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂലൈയിൽ അവരുടെ വെബ്സൈറ്റിലെ ‘ഗിവിംഗ് അപ് യുവർ ഡോഗ്’ പേജുകളിലേക്കുള്ള ട്രാഫിക് 180 % ൽ കൂടുതൽ വർദ്ധിച്ചതായാണ് വിവരം. ജൂലൈയിൽ ട്രാഫിക്കിൽ 100 % വർദ്ധനവും ഉണ്ടായി.
ലോക്ക് ഡൗൺ മാറി രാജ്യം തുറന്നപ്പോൾ പല ഉടമകളും അവരുടെ വളർത്തുമൃഗങ്ങൾക്കായി അവരുടെ ജീവിതത്തിലെ സ്ഥാനം പുനർവിചിന്തനം ചെയ്യാൻ നിർബന്ധിതരാകുന്നു. ‘നാഷണൽ ഡോഗ് സർവേ’ എന്ന പേരിൽ നായ ഉടമകളുടെ സെൻസസ് ആരംഭിച്ച ചാരിറ്റി, വരും മാസങ്ങളിൽ ലഭിക്കുന്ന നായ്ക്കളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതായും അറിയിച്ചിട്ടുണ്ട്. ഇതിനെ ‘പ്രതിസന്ധി’ എന്നാണ് ചാരിറ്റി വിശേഷിപ്പിക്കുന്നത്.
കോവിഡ് ആരംഭിച്ചതിനു ശേഷം യുകെയിൽ മൊത്തം 3.2 മില്ല്യൺ കുടുംബങ്ങൾ ഒരു വളർത്തുമൃഗത്തെ സ്വന്തമാക്കിയതായി ഈ വർഷം ആദ്യം, പെറ്റ് ഫുഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. വളർത്തുമൃഗങ്ങളെ പോറ്റുന്നവരുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം ആ മൃഗങ്ങൾക്ക് ഒരു ‘പ്രതിസന്ധി’ ആയി മാറുമെന്ന് ആർഎസ്പിസിഎ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്ക് ഡൗണിന് ശേഷം ആളുകൾ ജോലിയിൽ തിരിച്ചെത്തുമ്പോൾ അവരുടെ വളർത്തുമൃഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാൻ കഴിയില്ലെന്നായിരുന്നു ആർഎസ്പിസിഎയുടെ മുന്നറിയിപ്പ്.

