ജോലി ലഭിച്ചില്ല; ദേശീയ മെഡലുകൾ ഉയർത്തിപ്പിടിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധവുമായി കായിക താരങ്ങൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ദേശീയ മെഡലുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധവുമായി കായിക താരങ്ങൾ. 2010-2014 കാലയളവിൽ ദേശീയ മെഡൽ ജേതാക്കളായ കായിക താരങ്ങളാണ് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. 2010 നും 2014നും ഇടയിൽ ദേശീയ മെഡൽ ജേതാക്കളായ 54 പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഒരു കാലത്ത് സർക്കാർ ഉറപ്പു നൽകിയിരുന്നതും പിന്നീട് നടപ്പിലാക്കി എന്ന് അവകാശപ്പെട്ടതുമായ കാര്യം നീണ്ടു പോയതോടെയാണ് പ്രതിഷേധവുമായി കായിക താരങ്ങൾ രംഗത്തെത്തിയത്. 510 കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകിയെന്നായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ അവകാശവാദം, കഴിഞ്ഞ യുഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

തങ്ങൾക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ലെന്നാണ് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ച കായികതാരങ്ങൾ പറയുന്നത്. 54 പേർക്കും ജോലി നൽകിയെന്നാണ് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നതെന്നും എന്നാൽ തങ്ങൾക്ക് ജോലി ലഭിച്ചിട്ടില്ലെന്നും കായിക താരങ്ങൾ വ്യക്തമാക്കുന്നു. നിരന്തരം ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഫയൽ എവിടെയാണെന്ന് കൃത്യമായ മറുപടി നൽകാനും ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്നും ഇതോടെയാണ് പ്രതിഷേധ പരിപാടികളുമായി മൂന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും ഇവർ വിശദമാക്കി.

തിങ്കളാഴ്ച രാവിലെ മുതൽ ഉച്ച വരെയാണ് കായിക താരങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കായിക താരങ്ങൾ അറിയിച്ചു. നേരത്തെ ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ ദേശീയ മെഡൽ ജേതാക്കൾ നടത്തിയ പ്രതിഷേധം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞുമാണ് അന്ന് കായിക താരങ്ങൾ പ്രതിഷേധിച്ചത്.

തുടർന്ന് 83 ദേശീയ മെഡൽ ജേതാക്കൾക്ക് ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാൽ 2010-2014 കാലയളവിലെ ദേശീയ മെഡൽ ജേതാക്കൾക്ക് സർക്കാർ ജോലി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കായിക താരങ്ങൾ വൂീണ്ടും പ്രതിഷേധവുമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്.