Highlights (Page 169)

ചെന്നൈ: തീയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കാനൊരുങ്ങി തമിഴ്‌നാട്. നവംബർ 1 മുതൽ സംസ്ഥാനത്തെ തിയറ്ററുകളിലെ മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം. കടകൾക്കും ഹോട്ടലുകൾക്കും ഏർപ്പെടുത്തിയിരുന്ന പ്രവർത്തന സമയ നിയന്ത്രണവും സർക്കാർ ഒഴിവാക്കി. എല്ലാ കലാ സാംസ്‌കാരിക പരിപാടികൾക്കും അനുമതി നൽകിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളിൽ നിരവധി ഇളവുകളാണ് തമിഴ്‌നാട് സർക്കാർ നൽകിയിട്ടുള്ളത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് എസി ബസ് സർവീസും പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഓഫിസുകളിൽ 100 ശതമാനം ഹാജറും ഇനി മുതൽ നിർബന്ധമാണ്. നവംബർ 1 ന് 1 മുതൽ 8 വരെയുള്ള ക്ലാസുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വ്യക്തമാക്കി. ഇളവുകൾ നിരീക്ഷിച്ച ശേഷം, നവംബർ 15 നു വീണ്ടും സർക്കാർ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 3261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. കേന്ദ്ര സർക്കാരിനു കീഴിലെ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫീസുകളിലുമായിരിക്കും നിയമനം. ഒക്ടോബർ 25 വരെ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ബിരുദം/ പ്ലസ് ടു/ എസ്എസ്എൽസി ജയിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കർണാടക കേരള റീജിയണിൽ 117 ഒഴിവുണ്ട്. തസ്തിക, യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഓരോ തലത്തിലെയും നിശ്ചിത യോഗ്യതകൂടി പരിഗണിച്ചാണ് അപേക്ഷ അയക്കേണ്ടതെന്നാണ് നിർദ്ദേശം. ഒക്ടോബർ 25 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. തസ്തികകൾ, യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക്: www.ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

2022 ജനുവരിയിലോ ഫെബ്രുവരിയിലോ പരീക്ഷ നടക്കും. കർണാടക/കേരള റീജിയണിൽ ഉൾപ്പെടുന്ന കേരളത്തിൽ ഏഴ് പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ഒരുമണിക്കൂറാണ് പരീക്ഷാ സമയം. ജനറൽ ഇന്റലിജൻസ്, ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ഭാഷ (അടിസ്ഥാന വിവരങ്ങൾ) എന്നീ നാല് വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും. തിരുവനന്തപുരം (കോഡ്- 9211), എറണാകുളം (9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212) എന്നിവിടങ്ങളിലാണ് കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങളുള്ളത്.

ധാക്ക: ജമാഅത്തെ ഇസ്ലാമിയാണ് നവഖാലിയിലെയും കൊമില്ലയിലെയും ഹിന്ദുവേട്ടയ്ക്ക് പിന്നിലെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയം. കലാപം ആസൂത്രണം ചെയ്യുന്നത് പാക് പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമിയും ബംഗ്ലാദേശിലെ പ്രതിപക്ഷപാര്‍ട്ടിയായ ബിഎന്‍പിയും ചേര്‍ന്നാണെന്ന് അവാമി ലീഗ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം ഇത് വ്യക്തമാക്കിയത്.

കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതോടെയാണ് തീവ്രവാദശക്തികള്‍ പലയിടത്തും കലാപത്തിന് ആസൂത്രണം നടത്തുന്നതെന്ന് ഭരണകക്ഷി കൂടിയായ അവാമി ലീഗ് വ്യക്തമാക്കുന്നത്. ബംഗ്ലാദേശ്, 1972 ല്‍ ഉണ്ടായിരുന്ന മതേതര ഭരണത്തിലേക്ക് മടങ്ങണമെന്നും ലീഗ് ആവശ്യപ്പെട്ടു. 1980ലെ ഇര്‍ഷാദ് സര്‍ക്കാരാണ് ബംഗ്ലാദേശിനെ ഇസ്ലാമിക രാജ്യമാക്കിയത്. ഈ സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്താന്‍ ഷെയ്ഖ് ഹസീന തയ്യാറാകണമെന്നും ,കൂടാതെ അടിയന്തരമായി പാക് സ്പോണ്‍സേര്‍ഡ് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ഈ ആവശ്യം ബംഗ്ലാദേശ് വാര്‍ത്താപ്രക്ഷേപണവകുപ്പ് മന്ത്രി മുറാദ് ഹസ്സന്‍ നേരത്തെ പരസ്യമായി ഉന്നയിച്ചിരുന്നു.

ഇതിനിടെ ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദുവേട്ടയ്‌ക്കെതിരെ ഇന്ത്യയും ലോകരാജ്യങ്ങളും പ്രതിഷേധം ശക്തമാക്കിയതോടെ സംസ്ഥാനത്ത് വ്യാപക അറസ്റ്റ്. ഈ അറസ്റ്റില്‍ 130ലേറെ കലാപകാരികളെ പോലീസ് പിടികൂടി. പോലീസ് 285 പേരുടെ പേരിലും പേരറിയാത്ത 4,000-5,000 പേര്‍ക്കുമെതിരെ 18 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്ന വാര്‍ത്തകള്‍ ഉടലെടുക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കലാപകാരികള്‍ക്കെതിരെ കടുത്ത നടപടികളുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ദുര്‍ഗാപൂജയ്ക്കിടെ ഉണ്ടായ അക്രമങ്ങളുടെ പിന്നിലെ കലാപകാരികള്‍ക്കെതിരെ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ അറിയിച്ചു. അതേസമയം, കോക്സബസാര്‍ പ്രദേശത്ത് നിന്ന് കോമില്ല ആക്രമത്തിലെ പ്രധാനപ്രതിയെ പിടികൂടി. അക്രമങ്ങള്‍ നടന്ന മേഖലകള്‍ നിയന്ത്രണത്തിലാണെന്നും അവിടെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതുമുതലാണ് അക്രമികള്‍ക്കെതിരെ ബംഗ്ലാദേശ് നടപടി സ്വീകരിക്കാന്‍ തുടങ്ങിയതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ബംഗ്ലാദേശുമായി അടുത്ത നയതന്ത്രബന്ധമാണ് ഇന്ത്യക്ക് ഉള്ളത്. എന്നാല്‍. ഹിന്ദു വംശഹത്യക്കെതിരെ മൗനം പാലിക്കില്ല എന്ന് മുന്നറിയിപ്പ് ഇന്ത്യ നല്‍കി.

കൊല്‍ക്കത്ത: ബ്രിട്ടന്റെ നാവിക സേന ഇന്ത്യന്‍ തീരത്ത് സംയുക്തപരിശീലനത്തിനായി എത്തി. സംയുക്ത പരിശീലനം ബ്രിട്ടീഷ് നാവിക സേന അറബിക്കടലില്‍ മുംബൈ തീരത്താണ് നടത്തുന്നത്.
കൊങ്കണ്‍ ശക്തി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യയുമായി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ബ്രിട്ടീഷ് നാവിക സേന പരിശീലനം നടത്തിയിരുന്നു.

ബ്രിട്ടീഷ് നാവിക സേനാ മേധാവി ചീഫ് അഡ്മിറല്‍ ടോണി രാഡ്കിന്നിനെ ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ് സ്വീകരിച്ചു. നാവികസേനയുടെ വാര്‍ഷിക യോഗം രാജ്യതലസ്ഥാനത്ത് നടക്കുന്നതിനിടെയാണ് ബ്രിട്ടീഷ് നാവിക സേന സംയുക്തപരിശീല നത്തിനായി ഇന്ത്യന്‍ തീരത്ത് എത്തിയത്.

ഇന്ത്യയുമായി നടക്കുന്ന ഏറ്റവും വലിയ നാവികസേനാ പരിശീലനത്തിനാണ് ബ്രിട്ടഷ് സേന ഇവിടെ എത്തിയിരിക്കുന്നത്. ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ്. ക്വീന്‍ എലിസബത്തും പരിശീലനത്തിനായി ഇന്ത്യന്‍ തീരത്ത് എത്തി.

ബാല്‍ട്ടിമോര്‍: ചൈനയ്‌ക്കെതിരെ തായ് വാന്‍ നടത്തുന്ന പ്രതിരോധത്തിന് പിന്‍തുണയുമായി അമേരിക്ക. ചൈനയില്‍ നിന്ന് തായ്വാനെ സംരക്ഷിക്കാന്‍ അമേരിക്ക രംഗത്തിറങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. അതേസമയം,അമേരിക്ക തായ്വാന്‍ വിഷയത്തില്‍ നിലപാടുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രതിനിധി വ്യക്തമാക്കി.

തായ്വാനെ സംരക്ഷിക്കാനായി അമേരിക്ക രംഗത്തിറങ്ങുമോ എന്ന് സി.എന്‍.എന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ചോദിക്കവെയായിരുന്നു ബൈഡന്റെ മറുപടി. തങ്ങള്‍ ബീജിങില്‍ നിന്ന് സൈനികവും രാഷ്ട്രീയവുമായ സമ്മര്‍ദം നേരിടുന്ന തായ്വാനെ സംരക്ഷിക്കാന്‍ പ്രതിബദ്ധതരാണെന്ന് ബൈഡന്‍ പറഞ്ഞു.

ഇതിനിടെ ബൈഡന്റെ പ്രസ്താവനയ്‌ക്കെതിരെ ചൈനയും രംഗത്തെത്തി. ഒരു തരത്തിലുള്ള ഇളവുകളും തങ്ങള്‍ക്ക് സുപ്രധാനമായ വിഷയങ്ങളില്‍ വരുത്താന്‍ ചൈന ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. അമേരിക്ക തായ്വാന്‍ വിഷയത്തില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.അല്ലെങ്കില്‍ ഇത് അമേരിക്ക-ചൈന ബന്ധത്തെയും തായ്വാന്‍ കടലിടുക്കിലെ സമാധാനത്തെയും ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.

high court

കൊച്ചി: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുാനിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധനത്തിനായി ഹോമിയോ മരുന്ന് നല്‍കുന്നത് സംബന്ധിച്ച് ഹര്‍ജി തീര്‍പ്പാക്കി. ഇതുസംബന്ധിച്ച് ഹോമിയോപ്പതി ഡയറക്ടര്‍ തയ്യാറാക്കി നല്‍കിയ കര്‍മപദ്ധതി അംഗീകരിച്ചെന്ന് കോടതയില്‍ സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, രണ്ട് പേര്‍ ഹര്‍ജിയില്‍ കക്ഷിചേരാന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചില്ല. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് ഷാജി, പി ചാലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് അഡ്വ. എം.എസ്. വിനീത് നല്‍കിയ ഹര്‍ജി പരിഗണിച്ചത്.

ആവശ്യത്തിന് മരുന്ന് ശേഖരിക്കാനും രക്ഷിതാക്കളുടെ അനുമതി വാങ്ങി കുട്ടികള്‍ക്ക് മരുന്ന് നല്‍കാനും ഹോമിയോ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഹോമിയോ മരുന്നിന്റെ ഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ഹോമിയോ പ്രാക്ടീഷണറായിരുന്ന ആരിഫ് ഹുസൈന്‍ തെരുവത്തും കരള്‍രോഗ വിദഗ്ധനായ സിറിയിക് ഇബി നല്‍കിയ അപേക്ഷയില്‍ പറഞ്ഞത്.

തൊടുപുഴ: 36 മണിക്കൂറില്‍ ഇടുക്കി ഡാമില്‍ നിന്ന് ഒഴുക്കി കളഞ്ഞത് ഒന്‍പത് കോടിയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്. ചെറുതോണി ഡാമില്‍ നിന്ന് മണിക്കൂറില്‍ 378 മില്യണ്‍ ലിറ്റര്‍ (0.378 എംസിഎം) വെള്ളമാണ് ഒഴുക്കുന്നത്. അതേസമയം, ഒരു യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ ഇടുക്കി പദ്ധതിയുടെ മൂലമറ്റം ഭൂഗര്‍ഭ നിലയത്തില്‍ വേണ്ടത് 680 ലിറ്റര്‍ വെള്ളമാണ്.

ഡാമില്‍ നിന്ന് 5.6 ലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഒരു മണിക്കൂറില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ഇന്നലെ രാത്രി വരെ പുറത്തേക്ക് ഒഴുകിയത്
2.01 കോടി യൂണിറ്റിനുള്ള വെള്ളമാണ്. 4.5 രൂപയ്ക്കാണ് കേരളം നിലവില്‍ വൈദ്യുതി വില്‍ക്കുന്നത്.ഈ നിരക്ക് വെച്ച് കണക്കുകൂട്ടിയാല്‍ 9.07 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്.

അതേസമയം, 20 ദിവസത്തിനിടെ ഡാമിലേക്ക് എത്തിയത് 498.818 മില്യണ്‍ യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളം. ഇതുപയോഗിച്ച് 224 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാകും. അതേസമയം, പുറത്തേക്ക് ഇത്രയും വെള്ളം ഒഴുക്കി കളഞ്ഞിട്ടും ജലനിരപ്പ് കുറഞ്ഞത് നേരിയ തോതില്‍ മാത്രമാണ്. മഴ ഇനിയും ശക്തമാകുകയാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും. ജലനിരപ്പ് 2398.08 അടി പിന്നിട്ടിപ്പോഴാണ് ഷട്ടറുകള്‍ തുറന്നത്.

ന്യൂഡൽഹി: രാജ്യത്തെ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ പിന്തുണച്ചു കൊണ്ടാണ് മാദ്ധ്യമങ്ങൾക്കെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഹരിയാനയിൽ മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികൾക്ക് രൂപം കൊടുക്കുന്നുണ്ടെങ്കിലും വിവാദങ്ങൾ ഉണ്ടാക്കുന്നതിലാണ് മാദ്ധ്യമങ്ങളുടെ ശ്രദ്ധയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇൻഫോസിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.

സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെയാണ് ഹരിയാനയിൽ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. വളരെ കാലങ്ങൾക്കു ശേഷം ഹരിയാനയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെ ലഭിച്ചത് ഇപ്പോൾ മാത്രമാണ്. തനിക്ക് വളരെ നാളുകളായി അടുത്ത് അറിയാവുന്ന ആളാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനക്ഷേമപ്രവർത്തനങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന വ്യക്തിയാണ് ഖട്ടാറെന്നും എന്നാൽ മാദ്ധ്യമങ്ങളിൽ ഇതൊന്നും വാർത്തയാക്കില്ലെന്ന് അദ്ദേഹം വിമർശിച്ചു.

ഹരിയാനയിൽ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ വടി കൊണ്ട് നേരിടണമെന്നുള്ള മനോഹർലാൽ ഖട്ടാറിന്റെ പരാമർശങ്ങൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കേന്ദ്രത്തിന്റെ കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ ചുരുങ്ങിയത് 1000 പ്രവർത്തകർ വടികളുമായി നേരിടണമെന്നാണ് അദ്ദേഹം പറഞ്ഞത്.

തൃശൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരത്തിന്റെ നവതി ആഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ദേവസ്വം ഭരണസമിതി യോഗമാണ് മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉൾപ്പടെയുള്ള പ്രമുഖരെയും പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സൗകര്യാർത്ഥം അടുത്തമാസം ആദ്യവാരം തന്നെ പരിപാടി നടത്താനാണ് ആലോചിക്കുന്നത്. സത്യാഗ്രഹ സമര നവതിയുടെ സ്മരണിക പ്രസിദ്ധീകരിക്കാനും ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനമായി.

ഓസ്‌കാര്‍ നോമിനേഷനുള്ള ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സ്‌ക്രീനിങ് ആരംഭിച്ചു. സംവിധായകന്‍ ഷാജി എന്‍. കരുണ്‍ അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍
തിരഞ്ഞെടുക്കുക. ഇതില്‍ ഏറ്റവും ശ്രദ്ധേയം കുഞ്ചാക്കോ ബോബന്റെ നായാട്ട് മത്സരിക്കുന്നുതാണ്.

പതിനഞ്ചോളം വിധികര്‍ത്താക്കള്‍ അടങ്ങിയ പാനലാണ്, കൊല്‍ക്കത്തയിലെ ഭവാനിപുരില്‍ വച്ച് ഓസ്‌കര്‍ വേദിയില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധാനം ചെയ്യുന്ന ചലച്ചിത്രത്തെ തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ വിവിധഭാഷകളില്‍ നിന്നായി
പതിനാലോളം സിനിമകളാണ് പട്ടികയില്‍ ഉള്ളത്.

94-ാമത് ഓസ്‌കര്‍ പുരസ്‌കാരമാണ് അടുത്ത മാര്‍ച്ച് 27 ന് നടക്കുന്നത്. ഇതിന് മുന്നോടിയായി ഫെബ്രുവരിയില്‍ ഓസ്‌കര്‍ നോമിനേഷന്‍സ് പ്രഖ്യാപിക്കും.

ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനം ചെയ്ത് സിനിമയാണ് നായാട്ട്.
യോഗി ബാബുവിന്റെ തമിഴ് ചിത്രം മണ്ടേല, ചെല്ലോ ഷോ എന്ന ഗുജറാത്തി സിനിമ,സ്വാതന്ത്ര്യസമര സേനാനിയായ ഉദ്ദം സിംഗിന്റെ ജീവിതം പറഞ്ഞ സര്‍ദാര്‍ ഉദ്ദം വിദ്യാ ബാലന്‍ അഭിനയിച്ചു ഫലിപ്പിച്ച ഷേര്‍ണി എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് സിനിമകള്‍.