ധാക്ക: ജമാഅത്തെ ഇസ്ലാമിയാണ് നവഖാലിയിലെയും കൊമില്ലയിലെയും ഹിന്ദുവേട്ടയ്ക്ക് പിന്നിലെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയം. കലാപം ആസൂത്രണം ചെയ്യുന്നത് പാക് പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമിയും ബംഗ്ലാദേശിലെ പ്രതിപക്ഷപാര്‍ട്ടിയായ ബിഎന്‍പിയും ചേര്‍ന്നാണെന്ന് അവാമി ലീഗ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം ഇത് വ്യക്തമാക്കിയത്.
കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതോടെയാണ് തീവ്രവാദശക്തികള്‍ പലയിടത്തും കലാപത്തിന് ആസൂത്രണം നടത്തുന്നതെന്ന് ഭരണകക്ഷി കൂടിയായ അവാമി ലീഗ് വ്യക്തമാക്കുന്നത്. ബംഗ്ലാദേശ്, 1972 ല്‍ ഉണ്ടായിരുന്ന മതേതര ഭരണത്തിലേക്ക് മടങ്ങണമെന്നും ലീഗ് ആവശ്യപ്പെട്ടു. 1980ലെ ഇര്‍ഷാദ് സര്‍ക്കാരാണ് ബംഗ്ലാദേശിനെ ഇസ്ലാമിക രാജ്യമാക്കിയത്. ഈ സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്താന്‍ ഷെയ്ഖ് ഹസീന തയ്യാറാകണമെന്നും ,കൂടാതെ അടിയന്തരമായി പാക് സ്പോണ്‍സേര്‍ഡ് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ഈ ആവശ്യം ബംഗ്ലാദേശ് വാര്‍ത്താപ്രക്ഷേപണവകുപ്പ് മന്ത്രി മുറാദ് ഹസ്സന്‍ നേരത്തെ പരസ്യമായി ഉന്നയിച്ചിരുന്നു.
ഇതിനിടെ ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദുവേട്ടയ്‌ക്കെതിരെ ഇന്ത്യയും ലോകരാജ്യങ്ങളും പ്രതിഷേധം ശക്തമാക്കിയതോടെ സംസ്ഥാനത്ത് വ്യാപക അറസ്റ്റ്. ഈ അറസ്റ്റില്‍ 130ലേറെ കലാപകാരികളെ പോലീസ് പിടികൂടി. പോലീസ് 285 പേരുടെ പേരിലും പേരറിയാത്ത 4,000-5,000 പേര്‍ക്കുമെതിരെ 18 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്ന വാര്‍ത്തകള്‍ ഉടലെടുക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കലാപകാരികള്‍ക്കെതിരെ കടുത്ത നടപടികളുമായി ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ദുര്‍ഗാപൂജയ്ക്കിടെ ഉണ്ടായ അക്രമങ്ങളുടെ പിന്നിലെ കലാപകാരികള്‍ക്കെതിരെ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ അറിയിച്ചു. അതേസമയം, കോക്സബസാര്‍ പ്രദേശത്ത് നിന്ന് കോമില്ല ആക്രമത്തിലെ പ്രധാനപ്രതിയെ പിടികൂടി. അക്രമങ്ങള്‍ നടന്ന മേഖലകള്‍ നിയന്ത്രണത്തിലാണെന്നും അവിടെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതുമുതലാണ് അക്രമികള്‍ക്കെതിരെ ബംഗ്ലാദേശ് നടപടി സ്വീകരിക്കാന്‍ തുടങ്ങിയതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ വിലയിരുത്തുന്നു.
ബംഗ്ലാദേശുമായി അടുത്ത നയതന്ത്രബന്ധമാണ് ഇന്ത്യക്ക് ഉള്ളത്. എന്നാല്‍. ഹിന്ദു വംശഹത്യക്കെതിരെ മൗനം പാലിക്കില്ല എന്ന് മുന്നറിയിപ്പ് ഇന്ത്യ നല്‍കി.

