Highlights (Page 168)

ജയ്പുര്‍: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അധ്യാപിക നഫീസ അട്ടാരിയെയാണ് സ്‌കൂള്‍ മാനേജ്മെന്റ് പിരിച്ചുവിട്ടത്. രാജസ്ഥാനിലെ ഉദയ്പുരിലെ നീര്‍ജ മോദി സ്‌കൂളാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

മത്സരത്തില്‍ പാകിസ്താന്‍ ജയിച്ചതിന് പിന്നാലെ ‘നമ്മള്‍ ജയിച്ചു’ എന്ന് പാക് താരങ്ങളുടെ ചിത്രത്തിനൊപ്പം നഫീസ വാട്ട്സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് അധ്യാപികയ്ക്കെതിരേ നടപടിയെടുത്തത്.

ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് സൊജാതിയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ്. ട്രസ്റ്റ് അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ മഹേന്ദ്ര സൊജാതിയ പി.ടി.ഐയോട് പ്രതികരിച്ചു.

ഇതേ സംഭവത്തിന്റെ പേരില്‍ അധ്യപികയ്ക്കെതിരേ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലെ 153-ാം വകുപ്പ് പ്രകാരം കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനത്തിനാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ആയെങ്കിലും മലയാള സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനം ആയില്ല. മലയാള സിനിമ റിലീസ് വെള്ളിയാഴ്ച ചെയ്യുമോ എന്ന് പറയാനാകില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചു. ഇതുസംബന്ധിച്ച് ഫിലിം ചേംബര്‍ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.

അതേസമയം, മോഹന്‍ലാലിന്റെ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സംഘടനകള്‍ വ്യക്തമാക്കി. സിനിമയുടെ നിര്‍മ്മാതവ് ആന്റണി പെരുമ്പാവൂര്‍ തീയറ്റര്‍ ഉടമകളില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാന്‍ തയ്യാറാകണമെന്നും സംഘടനകള്‍ അറിയിച്ചു.

ലോക്ക്ഡൗണിന് ശേഷം തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാരിന്റെ മുന്നില്‍ സിനിമാ സംഘടനകള്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് കൃത്യമായ മറുപടി സര്‍ക്കാരില്‍ നിന്നുണ്ടായില്ല. വെള്ളിയാഴ്ച തന്നെ സിനിമകള്‍ റിലീസ് ചെയ്യുമെന്ന് തീയറ്റര്‍ ഉടമകള്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മലയാള സിനിമയുടെ റിലീസിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം.

ഈ വിഷയം സംയുക്ത സിനിമാ സംഘടനകളുടെ യോഗത്തില്‍ ഉന്നയിക്കുകയും അന്തിമ തീരുമാനമെടുക്കും എന്നാണ് അറിയുന്നത്.

vaccine

ന്യൂഡൽഹി: ലോകാരോഗ്യ സംഘടന എന്തുകൊണ്ടാണ് കോവാക്‌സിന് അംഗീകാരം നൽകാൻ വൈകുന്നത്. പലരുടെയും മനസിൽ ഒരുതവണയെങ്കിലും ഉണ്ടായ സംശയമാണിത്. ഇക്കാര്യത്തിൽ നിരവധി വിശദീകരണങ്ങൾ ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും നടപടികൾ ദുരൂഹമാണെന്ന വിമർശനം ഉയരുന്നുണ്ട്.

ഇന്ത്യ സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത തദ്ദേശീയ വാക്‌സിന് അംഗീകാരം നൽകാത്തതിനു പിന്നിൽ ഒത്തുകളിയുണ്ടോ? അതോ വാക്‌സിന് എന്തെങ്കിലും കുഴപ്പമുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ശക്തമാണ്. യുഎസ് വാക്‌സിനുകളായ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഷീൽഡ്, വാക്‌സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്‌സിനുകൾക്കു മാത്രമാണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളത്. ചൈനയുടെ തദ്ദേശീയ വാക്‌സിന് പോലും അംഗീകാരം നൽകിയിട്ടും എന്തുകൊണ്ട് കോവാക്‌സിന് അനുമതിയില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതുവരെ ലഭ്യമായിട്ടില്ല. അതേസമയം വൻകിട വാക്‌സിൻ കമ്പനികളുടെ ഇടപെടലുകൾക്കും താൽപര്യത്തിനും അനുസരിച്ചാണ് ഇക്കാര്യങ്ങളിൽ തീരുമാനമെന്നും ആരോപണമുണ്ട്. എന്നാൽ ഇന്ത്യ ഇതുവരെ ഈ വാദം ഉന്നയിച്ചിട്ടില്ല.

കോവാക്‌സീന്റെ അംഗീകാരം ഇനിയും വൈകില്ലെന്നാണ് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ത്യ ഇതുവരെ വിതരണം ചെയ്ത വാക്‌സിന്റെ 11 ശതമാനത്തിലധികം കോവാക്‌സിനാണ്. 11 കോടിയിൽ പരം കോവാക്‌സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. കോവാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ചതിനാൽ വിദേശത്തേക്ക് പോകാൻ കഴിയാതെ ധാരാളം പേർക്ക് തൊഴിൽ നഷ്ടമായ സാഹചര്യം വരെയുണ്ടായി. ഉടൻ തന്നെ വാക്‌സിന്അംഗീകാരം ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ.

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്‌നാടിനു വെള്ളവും കിട്ടുവാൻ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാമെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മുല്ലപ്പെരിയാർ വിഷയം പരിഹാരിക്കാനുള്ള ഒരുമാർഗവും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്‌നാടിന് വിട്ടു കൊടുക്കുക. അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാമും പണിയുമെന്നും തമിഴ് നാട്ടിലെ അഞ്ചു ജില്ലകൾ സമ്പുഷ്ടം ആകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

മുല്ലപെരിയാർ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാൻ കരുതുന്നില്ല.

സ്‌കൂൾ ബസ് അപകടത്തിൽ പെടുമ്പോൾ വണ്ടിയുടെ ഫിറ്റ്‌നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയർ ആൻഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീധനത്തിന് പേരിൽ ഏതെങ്കിലും പെൺകുട്ടി ആത്മഹത്യ ചെയ്താൽ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം Gadgill report, Kasthuri Rangan report ചർച്ച ചെയ്യുക . അങ്ങനെ തുടങ്ങി കുറെ കലാപരിപാടികൾ ആണ് ഇവിടെ നടക്കുന്നത്.

എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുൻപ് കുറെ യോഗം ചേരും , സംഭവിച്ചു കഴിയുമ്പോൾ ദുഃഖം ആദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മീഷൻ. (അതിന് കുറച്ചു കോടികൾ കത്തിക്കും . അത്രതന്നെ.)

ഇതിന്റെ പരിഹാരം ഒന്നേയുള്ളു ,മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിൾ നാടിന് വിട്ടു കൊടുക്കുക .അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാമും പണിയും ,തമിഴ് നാട്ടിലെ അഞ്ചു ജില്ലകൾ സമ്പുഷ്ടം ആകുകയും ചെയ്യും.

ലോകത്തിന്റെ ഏതുകോണിലുള്ളവരെയും ‘save’ ചെയ്യുവാൻ കഷ്ടപ്പെട്ട് നടക്കുന്നവർ ഇനിയെങ്കിലും സ്വയം ‘save’ ചെയ്യാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും , തമിഴ്‌നാടിനു വെള്ളവും കിട്ടുവാൻ പുതിയ Dam ഉടനെ പണിയും എന്ന് കരുതാം.

(വാൽകഷ്ണം .. ഇനി പുതിയ ഡാം പണിയുകയാണെങ്കിൽ ഒന്നുകിൽ ആ ജോലി തമിഴ്‌നാടിനെയോ , കേന്ദ്രത്തെ കൊണ്ടോ ചെയ്യിക്കുക . അല്ലെങ്കിൽ പാലാരിവട്ടം പാലം, കോഴിക്കോട് ksrtc ടെർമിനൽന്റെ അവസ്ഥ ആകില്ല എന്ന് ഉറപ്പു വരുത്തുക .

ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി.. ‘ചിലർ’
പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ ഭയന്ന് ജീവിക്കേണ്ടി വരും.)

By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്‌കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

ന്യൂഡൽഹി: ഇന്ധന വില വർധനയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താനൊരുങ്ങി സിപിഎം. നഗരങ്ങളിലും വില്ലേജ് – താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. വില വർധന ജനങ്ങളെ കൊള്ളയടിക്കുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. വില വർധന ക്ഷേമ പദ്ധതികൾക്കും വാക്‌സിനേഷനുമാണെന്നത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാർഷക സമരങ്ങൾക്ക് കേന്ദ്ര കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം അറിയിച്ചു. നവംബർ 26 ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം നടത്തും. പൊതുമേഖലയിലെ ഓഹരി വിറ്റഴിക്കലിനെതിരെ നടക്കുന്ന സമരങ്ങൾക്കും സിപിഎം പിന്തുണ നൽകിയിട്ടുണ്ട്. നൂറ് കോടി വാക്‌സിനേഷൻ വലിയ കാര്യം തന്നെയാണ്. പക്ഷെ എത്രയോ മുൻപ് തന്നെ ഈ നൂറ് കോടി എത്താമായിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജനസംഖ്യയുടെ 21% മാത്രമേ ഇപ്പോഴും കോവിഡ് വാക്‌സിൻ ഡോസുകൾ പൂർണ്ണമായി നൽകാൻ കഴിഞ്ഞിട്ടുള്ളു. ഒരു ദിവസം വെറും 40 ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് നൽകുന്നത്. വാക്‌സിനേഷൻ വർധിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വാക്‌സിനേഷന് അനുവദിച്ച 35,000 കോടി എവിടെയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. ജമ്മു കശ്മീരിലെ സ്ഥിതി ആശങ്കാജനകമാണ്. ഭീകരർ കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നു. 90 കളെ ഓർമ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും 370 റദ്ദാക്കിയ ശേഷം സമാധാനം എന്നതായിരുന്നു സർക്കാരിന്റെ അവകാശവാദമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശമീരിന്റെ സംസ്ഥാന പദവി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും സിപിഎം മുന്നോട്ട് വെച്ചു.

അതേസമയം അനുപമ വിഷയത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ശ്രദ്ധയിൽ വിഷയം വന്നിട്ടില്ലെന്നും കേരത്തിലെ വിഷയത്തിൽ സംസ്ഥാന ഘടകം ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വിവാദ പ്രസ്താവനയുമായി കെ. മുരളീധരന്‍ എം പി. ആര്യാ രാജേന്ദ്രനെതിരെ കാണാന്‍ നല്ല സൗന്ദര്യമുണ്ട്. എന്നാല്‍ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്ന് മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് കോര്‍പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമരത്തിനിടെയായിരുന്നു മുരളീധരന്റെ പരാമര്‍ശം.

മുരളീധരന്റെ വാക്കുകള്‍- ”ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത് എം പി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ്. അതുകൊണ്ട് തന്നെ വിനയപൂര്‍വം അവരോട് ഒരു കാര്യം ഞാന്‍ പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ”

”ഇ ൈനഗരസഭ ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ളതാണ്.മുഖ്യമന്ത്രി എന്നും തന്നെ കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും കാണുന്നുണ്ട്. എന്നാല്‍ ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ് മൂപ്പര് പിന്നെ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്”- മുരളീധരന്‍ പറഞ്ഞു.

തൃശൂർ: ആറു പേർക്ക് തന്നിലൂടെ ജീവിതം നൽകി ആൽബിൻ പോൾ യാത്രയായി. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആൽബിന്റെ അവയവങ്ങൾ ദാനം ചെയ്തതോടെ ആറു പേർക്കാണ് പുതുജീവൻ ലഭിച്ചത്. ആൽബിൻ പോളിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാനം നടന്നത്. വേർപാടിന്റെ തീരാവേദനയിലും അവയവദാനത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് മുന്നോട്ട് വന്ന ആൽബിൻ പോളിന്റെ കുടുബാംഗങ്ങൾക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു.

കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്നു ആൽബിൻ പോൾ. ഈ മാസം 18 നാണ് ആൽബിന് വാഹനാപകടം സംഭവിച്ചത്. നെടുമ്പാശേരി എയർപോർട്ടിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെ ആൽബിൻ പോളും സഹോദരൻ സെബിൻ പൗലോസും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടത്തുള്ള അങ്കമാലി അപ്പോളോ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആൽബിന്റെ അവസ്ഥ ഗുരുതരമാവുകയും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു.

സംസ്ഥാനത്ത് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തവരിൽ ആൽബിൻ പോളിന്റെ ഹൃദയവുമായി ചേർച്ചയുള്ളവർ ഇല്ലായിരുന്നു. തുടർന്ന് ഇക്കാര്യം ദേശീയ അവയദാന ഓഗനൈസേഷനെ രേഖാമൂലം അറിയിച്ചു. അവർ റീജിയണൽ ഓർഗൺ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓഗനൈസേഷനെ അറിയിക്കുകയും തുടർന്ന് ചെന്നൈയിലെ റെല ഹോസ്പിറ്റലിൽ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിക്കുകയും ചെയ്തു. വിമാന മാർഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ട് പോകുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കാണ് നൽകുന്നത്. 2 വർഷം മുൻപാണ് ആൽബിൻ വിവാഹിതനായത്. നാലു മാസം പ്രായമായ ഒരു കുഞ്ഞും ദമ്പതികൾക്കുണ്ട്.

ഹാക്കുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ അഞ്ച് പിഴവുകളാണ് ക്രോമില്‍ കണ്ടെത്തിയത്. അതേസമയം, തങ്ങളുടെ ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.

നാല് ഗുരുതരമായ പിഴവുകള്‍ രണ്ടാഴ്ച മുന്‍പ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ കണ്ടെത്തല്‍. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം അപ്‌ഡേറ്റ് ചെയ്യാത്തതാണെന്ന് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം. ഇതിനായി ഗൂഗിള്‍ നിലവില്‍ പുതിയ ഹാക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കിട്ടിട്ടുണ്ട്.

ഇതില്‍ ഏറ്റവും ഗുരുതരമായ പ്രശ്‌നം ഹീപ്പ് സ്മാഷിംഗ് ആണ്. ഇത് മെമ്മറിയെ അനിയന്ത്രിതമായി ചലിക്കാന്‍ അനുവദിക്കുന്നുണ്ടെന്നും പ്രോഗ്രാം ഡാറ്റയെ മാറ്റിമറിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ഒരു ഓവര്‍ഫ്ലോ ഉപയോഗിച്ച്, നിര്‍ണായക ഡാറ്റാ ഘടനകള്‍ തിരുത്തിയെഴുതാന്‍ ഇതിനു കഴിയും.

10 മടങ്ങ് കൂടുതലായി കഴിഞ്ഞ മാസം ക്രോമിനെ ഇതു ബാധിച്ചു. ഏറ്റവും പുതിയ മറ്റൊരു അപകടസാധ്യത എന്തെന്നാല്‍ സിസ്റ്റം റിഫ്രഷ് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്. ഇവിടെ മാല്‍വെയറുകള്‍ ക്രോമിലെ മെമ്മറിയെ മാറ്റിയെഴുതുന്ന വിധത്തിലാണ് ഉള്ളത്. ഇതൊരു പ്രോഗ്രാമിനെ മോചിപ്പിച്ചതിനുശേഷം മെമ്മറിയിലേക്കുള്ള പോയിന്റര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ സിസ്റ്റത്തെ പരാജയപ്പെടുത്തുകയാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത് പരിഹരിക്കുന്നതിനായിട്ടാണ് ഗൂഗിള്‍ ഒരു നിര്‍ണായക ക്രോംഅപ്‌ഡേറ്റ്, പതിപ്പ് 95.0.4638.54 പുറത്തിറക്കിയത് .

ന്യൂഡൽഹി: ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കാനൊരുങ്ങി ഐടി കമ്പനികൾ. ഐടി ഭീമന്മാരായ ടാറ്റ കൺസൾട്ടൻസി സർവ്വീസ് (ടിസിഎസ്), ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ് തുടങ്ങിയവർ തങ്ങളുടെ ജീവനക്കാരെ വീണ്ടും ഓഫീസിലെത്തിക്കാനുള്ള പദ്ധതികൾ ആരംഭിച്ചതായാണ് വിവരം. രാജ്യത്തെ വാക്‌സിനേഷൻ 100 കോടി പിന്നിട്ട സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം എന്ന സംവിധാനമാണ് കമ്പനികൾ അവസാനിപ്പിക്കാനൊരുങ്ങുന്നത്.

70 ശതമാനം വരുന്ന ടിസിഎസ് ജീവനക്കാരും ഇതിനോടകം പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞുവെന്നും 95 ശതമാനത്തോളം ജീവനക്കാർക്ക് ആദ്യ ഡോസ് വാക്‌സിൻ എങ്കിലും ലഭിച്ചിട്ടും ഉണ്ടെന്നാണ് കമ്പനിയുടെ ചീഫ് എച്ച്ആർ ഓഫീസറായ മിലിന്ദ് ലക്കാഡ് പറഞ്ഞിരുന്നത്. അതിനാൽ കമ്പനി പതിയെ തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലെത്തിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് വരികയാണെന്നും ഈ വർഷം അവസാനത്തോടെ ഈ ശ്രമങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സെപ്റ്റംബറിൽ അവസാനിച്ച പാദ വാർഷിക കണക്കുകൾ പ്രഖ്യാപിക്കുന്നതിനിടെ അദ്ദേഹം അറിയിച്ചിരുന്നു.

ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുന്നതിനുള്ള സൂചനകൾ ഇൻഫോസിസും നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഇൻഫോസിസ് ജീവനക്കാരിൽ 86 ശതമാനം പേരും തങ്ങളുടെ വാക്സിനേഷന്റെ ആദ്യ ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ ഒരു ഹൈബ്രിഡ് മാതൃകയിലുള്ള ജോലി സംവിധാനത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ്. ഇതിനായി ഞങ്ങൾ, ഞങ്ങളുടെ ജീവനക്കാർക്ക് ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും, സൈബർ സുരക്ഷയും, കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാനിരിക്കാനുമുള്ള സൗകര്യങ്ങളും, തൊഴിൽ-വ്യക്തിഗത ജീവിതം സന്തുലിതമായി നിലനിർത്താൻ ആവശ്യമായ വിഭവങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ടെന്ന് ഇൻഫോസിസിന്റെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായ പ്രവിൻ റാവോ വ്യക്തമാക്കി.

ജീവനക്കാരെ തിരികെ ഓഫീസിലെത്തിച്ച് ജോലി പുനഃരാരംഭിക്കുന്നതിനെ കുറിച്ച് വിപ്രോയും അറിയിച്ചിരുന്നു. നീണ്ട 18 മാസങ്ങൾക്ക് ശേഷം, തങ്ങളുടെ മുൻനിര ജോലിക്കാർ ആഴ്ചയിൽ രണ്ടുതവണ ഓഫീസിലേക്ക് മടങ്ങിവരുന്നുവെന്നാണ് വിപ്രോ നേരത്തെ അറിയിച്ചിരുന്നത്. എല്ലാവരും പൂർണ്ണമായും വാക്സിനേഷൻ എടുത്തിരിക്കുന്നു, എല്ലാവരും ജോലിയിൽ പഴയത് പോലെ തുടരാൻ തയ്യാറായിരിക്കുന്നുവെന്നുമാണ് വിപ്രോ വ്യക്തമാക്കിയത്. സുരക്ഷിതമായി സാമൂഹിക അകലം പാലിക്കുണമെന്നും തങ്ങൾ ഈ മാനദണ്ഡങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും വിപ്രോയുടെ ചെയർമാനായ റിഷാദ് പ്രേംജി ട്വീറ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം: പുതിയ പ്രവർത്തകർ പാർട്ടി അംഗത്വം സ്വീകരിക്കുന്നതിനു മുന്നോടിയായി സ്വീകരിക്കേണ്ട നിബന്ധനകൾ വ്യക്തമാക്കി കോൺഗ്രസ്. മദ്യവും മയക്കുമരുന്നും വർജിക്കുമെന്നും പാർട്ടിയെ പൊതുവേദിയിൽ വിമർശിക്കില്ലെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സത്യവാങ്മൂലം നൽകണമെന്ന നിബന്ധനയാണ് പാർട്ടി മുന്നോട്ട് വെക്കുന്നത്. നവംബർ ഒന്ന് മുതൽ പുതിയ അംഗത്വ വിതരണം ആരംഭിക്കാനിരിക്കേയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

പാർട്ടി മുന്നോട്ടു വെക്കുന്ന പത്ത് നിബന്ധനകൾ അംഗീകരിക്കുന്നവർക്ക് മാത്രമായിരിക്കും ഇനി കോൺഗ്രസ് അംഗത്വം നൽകുകയെന്നാണ് വിവരം. പാർട്ടിയുടെ അംഗത്വ ഫോമിൽ തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടി നയങ്ങളെയും പരിപാടികളെയും പൊതവേദിയിൽ വിമർശിക്കില്ല, മദ്യവും മയക്കുമരുന്നും വർജിക്കും, നിയമപ്രകാരം അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ സ്വത്തുവകകൾ കൈവശം വെച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളിലാണ് അംഗത്വം സ്വീകരിക്കുന്നവർ സത്യവാങ്മൂലം നൽകേണ്ടത്. ഒരുതരതത്തിലുമുള്ള സാമൂഹിക വിവേചനങ്ങളിൽ ഏർപ്പെടില്ലെന്നും ഇവ നിർമാർജനം ചെയ്യാനായി പ്രവർത്തിക്കുമെന്നും അംഗങ്ങൾ പ്രതിജ്ഞ ചെയ്യണമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചതായാണ് സൂചനകൾ.

‘ഞാൻ പതിവായി തനതു ഖാദി ധരിക്കുന്നയാളാണ്, ഞാൻ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ഇല്ല, ഞാൻ സാമൂഹികവിവേചനമോ അസമത്വമോ കാണിക്കില്ല, ഇത്തരം വികലമായ കാര്യങ്ങൾ സമൂഹത്തിൽ നിന്ന് നിർമാർജനം ചെയ്യുന്നതിനായി പ്രവർത്തിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു, കായികാധ്വാനമുൾപ്പെടെ പ്രവർത്തകസമിതി ഏൽപ്പിക്കുന്ന ഏതു ജോലിയും ചെയ്യാൻ ഞാൻ സന്നദ്ധമാണ്’ തുടങ്ങിയ കാര്യങ്ങളാണ് അംഗത്വ ഫോമിലുളള സത്യവാങ്മൂലത്തിലെ പരാമർശങ്ങൾ.