ബാല്‍ട്ടിമോര്‍: ചൈനയ്‌ക്കെതിരെ തായ് വാന്‍ നടത്തുന്ന പ്രതിരോധത്തിന് പിന്‍തുണയുമായി അമേരിക്ക. ചൈനയില്‍ നിന്ന് തായ്വാനെ സംരക്ഷിക്കാന്‍ അമേരിക്ക രംഗത്തിറങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. അതേസമയം,അമേരിക്ക തായ്വാന്‍ വിഷയത്തില്‍ നിലപാടുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രതിനിധി വ്യക്തമാക്കി.
തായ്വാനെ സംരക്ഷിക്കാനായി അമേരിക്ക രംഗത്തിറങ്ങുമോ എന്ന് സി.എന്‍.എന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ചോദിക്കവെയായിരുന്നു ബൈഡന്റെ മറുപടി. തങ്ങള്‍ ബീജിങില്‍ നിന്ന് സൈനികവും രാഷ്ട്രീയവുമായ സമ്മര്‍ദം നേരിടുന്ന തായ്വാനെ സംരക്ഷിക്കാന്‍ പ്രതിബദ്ധതരാണെന്ന് ബൈഡന്‍ പറഞ്ഞു.
ഇതിനിടെ ബൈഡന്റെ പ്രസ്താവനയ്‌ക്കെതിരെ ചൈനയും രംഗത്തെത്തി. ഒരു തരത്തിലുള്ള ഇളവുകളും തങ്ങള്‍ക്ക് സുപ്രധാനമായ വിഷയങ്ങളില്‍ വരുത്താന്‍ ചൈന ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. അമേരിക്ക തായ്വാന്‍ വിഷയത്തില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.അല്ലെങ്കില്‍ ഇത് അമേരിക്ക-ചൈന ബന്ധത്തെയും തായ്വാന്‍ കടലിടുക്കിലെ സമാധാനത്തെയും ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.

